ബാര്‍ കോഴ: സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി കെ.എം മാണി ആരോപണവിധേയനായ ബാര്‍ കോഴക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
നിലവില്‍ വിജിലന്‍സ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ഭാനുമതിയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച്, ഹരജിയില്‍ വിശദമായി വാദംകേള്‍ക്കാതെയാണ് തള്ളുന്നതായി അറിയിച്ചത്. പരാതികളുണ്ടെങ്കില്‍ പിന്നീട് സുപ്രിംകോടതിയെ സമീപിക്കാനും ഹരജിക്കാരനോട് രണ്ടംഗബെഞ്ച് നിര്‍ദേശം നല്കി. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ. ഈ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കോടതിക്ക് ഹരജിക്കാരന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല. അന്വേഷണം അവസാനിച്ചശേഷം പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (നാഷനലിസ്റ്റ്) ചെയര്‍മാനും കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായിരുന്ന നോബിള്‍ മാത്യുവാണ് ഹരജിക്കാരന്. മുതിര്‍ന്ന അഭിഭാഷകന് വിക്രജിത്ത് ബാനര്‍ജിയും പ്രശാന്ത് പത്മനാഭനുമാണ് ഹരജിക്കാരനു വേണ്ടി ഹാജരായത്. മാണി കേരള രാഷ്ട്രീയത്തിലെ ഉന്നത നേതാവും നാലുതവണ മന്ത്രിയുമായിരുന്നെന്നും അദ്ദേഹത്തിനെതിരായ അന്വേഷണം നിഷ്പക്ഷമായിരിക്കില്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇതേ ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."