ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേരളം പിന്നിലല്ല
കോഴിക്കോട്: ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മലയാളികളും പിന്നിലല്ലെന്ന് സമീപകാല സംഭവങ്ങള്‍. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്ക്. മതിയായ ശിക്ഷ ലഭിക്കാത്തതും ആക്രമണങ്ങള്‍ പതിവാകാന്‍ കാരണമാകുന്നു.
2012 നവംബര്‍ ഒന്‍പതിന് കോഴിക്കോട് കൊടിയത്തൂരില്‍ ശഹീദ് ബാവയും 2016 ജൂണ്‍ 28 ന് മലപ്പുറം മങ്കട കൂട്ടില്‍ സ്വദേശി നസീര്‍ ഹുസൈനും ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരകളാണ്. സദാചാരം ആരോപിച്ച് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച ശഹീദ് ബാവ മൂന്നാം ദിവസമാണ് മരിച്ചത്. ഒന്‍പത് പേരായിരുന്നു കേസില്‍ പ്രതികള്‍. ഒന്‍പത് പ്രതികള്‍ക്കും കോടതി ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചു.
2016 മെയ് നാലിന് കോട്ടയത്ത് ചിങ്ങവനത്ത് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റ(30)യെയാണ് മലയാളികള്‍ കൊലപ്പെടുത്തിയത്. ഒരു മണിക്കൂറോളം വെയിലത്ത് കിടന്ന് അവശനിലയിലായ ഇയാളെ പൊലിസ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. കൈലാഷിന്റെ ദേഹത്ത് 58 മുറിവുകളുണ്ടായിരുന്നുവെന്നും മരണ സമയത്ത് വയറ്റില്‍ 10 ശതമാനം ഭക്ഷണമാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കേസില്‍ വര്‍ഗീസ് എന്നയാള്‍ അറസ്റ്റിലായിരുന്നു.
മങ്കടയില്‍ നസീര്‍ ഹുസൈന്‍ എന്ന 41 കാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയതും സദാചാരം ആരോപിച്ചാണ്. പുലര്‍ച്ചെ ഒരു വീട്ടില്‍ കണ്ടെത്തിയ ഇയാളെ അകത്തുപൂട്ടി സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം രക്തം വാര്‍ന്നാണ് ഇയാള്‍ മരിച്ചത്. വെള്ളം നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ ആരും സമ്മതിച്ചില്ലെന്നായിരുന്നു വാര്‍ത്ത. കേസില്‍ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്.
2011 ഒക്ടോബറില്‍ പെരുമ്പാവൂരില്‍ ബസില്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി രഘുവിനെ ആള്‍ക്കൂട്ടം നിര്‍ദയമായി അടിച്ച് കൊന്നു. 2007ല്‍ എടപ്പാളില്‍ പാദസരം മോഷ്ടിച്ചെന്ന് വിധിയെഴുതിയ ആള്‍ക്കൂട്ടം ഗര്‍ഭിണിയെയും മകളെയും ആക്രമിച്ചതും വാര്‍ത്തയായെങ്കിലും മലയാളിയുടെ മനം മാറിയില്ല. ആള്‍ക്കൂട്ട ആക്രമണക്കേസുകള്‍ കോടതിയിലെത്തുമ്പോള്‍ കൃത്യമായ തെളിവില്ലാതാക്കുന്നതാണ് പ്രതികള്‍ക്ക് അനുഗ്രഹമാകുന്നതെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."