കണ്ണീരോര്‍മയില്‍ നിന്നും കൃഷ്ണയും കിഷോറും പ്രതീക്ഷയുടെ പടവുകളിലേക്ക് എ. മുഹമ്മദ് നൗഫല്‍
കൊല്ലം: കൃഷ്ണയും കിഷോറും ഇനി സ്വപ്നങ്ങളുടെ പുത്തനുടുപ്പുകള്‍ അണിയും, പ്രതീക്ഷയുടെ പടവുകള്‍ ചവിട്ടും.
പരവൂരില്‍ പൊലിഞ്ഞു വീണതൊന്നും ഇനി ഒരിക്കലും തിരികെ ലഭിക്കില്ലെന്നറിയാമെങ്കിലും ഇന്ന് ഈ കുരുന്നുകള്‍ പള്ളിക്കൂടത്തിലേക്ക് യാത്രയാകുകയാണ്. പുത്തനുടുപ്പുകളും പുസ്തകങ്ങളുമൊക്കെയായി സ്‌കൂളിലേക്ക് കൈപിടിച്ച് ആനയിക്കാന്‍ ഇനി അഛനും അമ്മയും ഉണ്ടാകില്ലെന്ന വേദനയോടെ. എങ്കിലും അവര്‍ പ്രതീക്ഷയിലാണ് .നന്നായി പഠിക്കണം.ഉന്നത വിജയം നേടണം. ഇന്നലെകളിലെ നഷ്ടസ്വപ്നങ്ങളോട് പൊരുതിയ കരുത്തുമായി കൂട്ടിന് മുത്തഛനും, മുത്തശ്ശിയും ഉണ്ടെന്ന ആത്മവിശ്വാസവും.
കൃഷ്ണന്റേയും കിഷോറിന്റേയും മാതാപിതാക്കളായ പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗത്തുവിള കൃഷ്ണവിലാസത്തില്‍ ബെന്‍സിയും ബേബി ഗിരിജയും പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചിരുന്നു. മക്കള്‍ക്കു സ്‌കൂള്‍ തുറക്കുമ്പോള്‍ വസ്ത്രങ്ങളും പുസ്തകങ്ങളും വാങ്ങിക്കാനുള്ള പണം കണ്ടെത്തുന്നതിനായിരുന്നു ബെന്‍സിയും ബേബി ഗിരിജയും പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു തട്ടുകട നടത്തിയത്. പരവൂര്‍ നെടുങ്ങോലും പ്രസന്ന തീയറ്ററിന് സമീപത്തെ ചെറിയ പെട്ടിക്കടയായിരുന്നു ഇവരുടെ ഏക വരുമാന മാര്‍ഗം. കൂടുതല്‍ കച്ചവടം പ്രതീക്ഷിച്ചാണ് ബെന്‍സിയും ബേബിയും ക്ഷേത്രമൈതാനത്തിന് സമീപത്തേക്ക് കച്ചവടം മാറ്റിയത്. കമ്പം ആരംഭിച്ചതോടെ കടമാറ്റുന്നതിനായി ഇവര്‍ മക്കളായ കൃഷ്ണയെയും കിഷോറിനെയും സമീപത്തെ ഒരു വീട്ടില്‍ കൊണ്ടുപോയി ഇരുത്തി. തുടര്‍ന്ന് കട മാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അനാഥരായ ഈ കുരുന്നുകളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ലഭിച്ചെങ്കിലും ബാങ്കില്‍ നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നൂലാമാലകള്‍ കുട്ടികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുത്തഛന്‍ ഹരിദാസിനു കിട്ടുന്ന വാര്‍ധക്യകാല പെന്‍ഷനും അഭ്യുദയകാംഷികളും നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് നിത്യചെലവുകള്‍ നടക്കുന്നത്. കുട്ടികളുടെ സംരക്ഷണവും പഠനചെലവും സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്‌കൂളിലേക്ക് പോകാനായി യാതൊരുവിധ സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ നല്‍കിയ ബാഗും പുസ്തകവുമാണ് കൃഷ്ണയും കിഷോറും ഇന്നു നെടുങ്ങോലും ഗവ. എച്ച്.എസ്.എസ് സ്‌കൂളിലേക്ക് എത്തുന്നത്. ഇവരുടെ തുടര്‍ പഠനത്തിനായി കൊല്ലത്തെ സായി സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌കൂളിലേക്ക് കുട്ടികളെ മാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ പഠിച്ചികൊണ്ടിരുന്ന സ്‌കൂളും അധ്യാപകരെയും വിട്ടുപോകാന്‍ കൃഷ്ണയും കിഷോറും തയ്യാറല്ല.
ഇനി അവര്‍ക്കു ലക്ഷ്യങ്ങളിലേക്കുള്ള യാത്രയാണ്. കൃഷ്ണയ്ക്ക് ഡോക്ടറാവാനും കിഷോറിന് പൊലിസാകാനുമാണ് ആഗ്രഹം. അനാഥത്വം ഇരുള്‍പരത്തിയ ഇവരുടെ ജീവിതത്തില്‍ ഇനി ലക്ഷ്യബോധമായിരിക്കും കൂട്ടായുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."