അഴിമതിക്കെതിരേ കാനം; കാര്‍ഷിക ഭദ്രതയിലൂന്നി മാണി
തൃശ്ശൂര്‍: എല്‍.ഡി.എഫ് അധികാരത്തിലെത്തിയത് അഴിമതി വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണെന്ന് കെ.എം മാണിയെ വേദിയിലിരുത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എല്‍.ഡി.എഫിന്റെ ഭദ്രതയ്ക്ക് യാതൊരു കോട്ടവുമില്ലെന്ന് പറഞ്ഞ കാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിറകേ പോയി കുറുക്കുവഴികളിലൂടെ മുന്നണിയെ ബലപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കി. സി.പി.എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളം ഇന്നലെ, ഇന്ന് എന്ന സെമിനാറില്‍ സംസാരിക്കുയായിരുന്നു കാനം. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കാതെ മാണി കാര്‍ഷിക നയത്തിലൂന്നിയും സാമ്പത്തിക നിലപാടുകളിലൂന്നിയുമാണ് പ്രസംഗിച്ചത്.
എല്‍.ഡി.എഫിന് ഇപ്പോള്‍ ഒരു ദൗര്‍ബല്യവുമില്ല, ദയവുചെയ്ത് ആരും സെല്‍ഫ് ഗോളടിക്കരുതെന്ന അഭ്യര്‍ഥന മാത്രമേയുള്ളൂവെന്ന് പറഞ്ഞാണ് കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ കാനം നേരിട്ടത്.
എന്നാല്‍, മുന്നണി മാറുന്നതിനെക്കുറിച്ച് വ്യക്തമാക്കാതെ കാര്‍ഷിക നയങ്ങളിലെ കെടുതികള്‍ വ്യക്തമാക്കിയുള്ള പ്രസംഗമാണ് മാണി നടത്തിയത്. എ.കെ.ജിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും 1957 ലെ ഇ.എം.എസ് സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തിയും തുടങ്ങിയ മാണി പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കടം വാങ്ങുന്ന നടപടിയെ കണക്കുകള്‍ നിരത്തി തന്നെ പരിഹസിച്ചത് ശ്രദ്ധേയമായി. നിത്യനിദാന ചെലവിന് പോലും കടം വാങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിതി ഭയാനകമാണെന്നും സ്വാശ്രയത്വത്തിലൂടെ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പറഞ്ഞ മാണി ആഗോള കരാറുകള്‍ കേരളത്തെ തകര്‍ത്തിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം അധ്യക്ഷനായി. പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള, ആര്‍. ബാലകൃഷ്ണപിള്ള പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."