പാവങ്ങള്‍ അകലുന്നു; ബി.ജെ.പി വളരുന്നെന്നും സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്
തൃശ്ശൂര്‍: പാവങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോകുന്നതായി സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള മോഹം നേതൃത്വത്തില്‍നിന്ന് താഴേക്കു കിനിഞ്ഞിറങ്ങുന്നതായും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പാവങ്ങളില്‍ ഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതില്‍ മാറ്റമുണ്ടാകുന്നു. ഈ മാറ്റം ഗൗരവമായി പരിശോധിക്കണം. പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഇടപെടലുകളും ജനാധിപത്യ കേന്ദ്രീകരണ സംഘടനാ തത്വങ്ങളുടെ ലംഘനത്തിലേക്കാണ് പാര്‍ട്ടിയെ എത്തിച്ചത്. പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായ ഇത്തരം ചില സംഭവങ്ങള്‍ കീഴോട്ടു കിനിഞ്ഞിറങ്ങയതിന്റെ ചില ദൂഷ്യങ്ങള്‍ പാര്‍ട്ടി ചില പ്രദേശങ്ങളില്‍ നേരിടുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ചില പ്രവണതകള്‍ ഉണ്ടായി.
ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ ഇത്തരക്കാര്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും അതുവരെ പാര്‍ട്ടി നല്‍കിയ അംഗീകാരവും സഹായവും വിസ്മരിക്കുകയും ചെയ്യുന്നു. എങ്ങനെയെങ്കിലും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലി സി.പി.എമ്മിലേക്കു കടന്നുവന്നിട്ടുണ്ട്. ഇതില്‍നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണം.
ബി.ജെ.പി സംസ്ഥാനത്തു വളരുന്നു. പാര്‍ട്ടി വിടുന്നവര്‍ ബി.ജെ.പിയിലേക്കു പോകുന്നത് ബി.ജെ.പിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നു. ഇതു പാര്‍ട്ടിക്കു ഭീഷണിയാണ്. ബി.ജെ.പിയും ആര്‍.എസ്.എസും ജാതീയ ശക്തികളെ ഉപയോഗിച്ചും ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന് ശാസ്ത്രപ്രചാരണങ്ങള്‍ നടത്തിയും ശാസ്ത്രചിന്ത വളര്‍ത്തിയും മാത്രമേ ബി.ജെ.പിയെ പ്രതിരോധിക്കാനാവൂ.
വിഭാഗീയ പ്രവണതകളുടെ അവശിഷ്ടം കൂടി ഇല്ലായ്മ ചെയ്യാന്‍ പാര്‍ട്ടി പോരാട്ടം തുടരണം. ദീര്‍ഘനാളായി തുടര്‍ന്നുവരുന്ന വിഭാഗീയ പ്രവണതകള്‍ കേഡര്‍മാരെ മുകളിലേക്കു വളര്‍ത്തിയെടുക്കുന്നതിനെയും പാര്‍ട്ടി അച്ചടക്കം കര്‍ശനമായി പാലിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
എല്‍.ഡി.എഫില്‍ സി.പി.എം കഴിഞ്ഞാല്‍ സി.പി.ഐക്കാണ് സംസ്ഥാനവ്യാപകമായി സ്വാധീനം. മറ്റു പാര്‍ട്ടികളെല്ലാം ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കൊപ്പം ഐ.എസ് നേതൃത്വത്തില്‍ സംസ്ഥാനത്ത് മുസ്‌ലിം തീവ്രവാദികളും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത് കണക്കിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."