രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി കോണ്‍ഗ്രസ്
ജെയ്പൂര്‍: രാജസ്ഥാന് നിയമ സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കാനിരിക്കേ സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. എന്നാല്‍ സംസ്ഥാനത്ത് ആരായിരിക്കും മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കാന്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ച പാര്‍ട്ടിയുടെ ജന.സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അവിനാശ് പാണ്ഡെ തയാറായില്ല.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടി കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അജ്മീര്‍, ആള്‍വാര്‍ ലോക് സഭാ സീറ്റുകളിലേക്കും മണ്ഡല്‍ഗഡ് നിയമ സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നിയമ സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അവിനാശ് പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി അശോക് ഗലോട്ട്, സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലം കേന്ദ്രീകിരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അവിനാശ് പാണ്ഡെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."