രാജ്യത്തെ വെല്ലുവിളിക്കുന്നവരോട് സഹിഷ്ണുതയില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വെല്ലുവിളി ഉയര്‍ത്തുന്നവരോട് സഹിഷ്ണുതയില്ലെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കും വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും രാജ്യത്ത് ഒരുതരത്തിലുള്ള ഇടവും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം.
ഭീകരവാദത്തിനെതിരേ കാനഡക്കൊപ്പം നിന്ന് പോരാടാന്‍ ഇന്ത്യ തയാറാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തേയും ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നില്‍ ഖലിസ്ഥാന്‍ ഭീകരവാദിക്ക് ക്ഷണം നല്‍കിയതിനെ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് മോദി ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വാണിജ്യ- ഊര്‍ജ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഊര്‍ജ സഹകരണം ഉള്‍പ്പെടെയുള്ള ആറ് കരാറുകളിലും ഇരുപ്രധാന മന്ത്രിമാരും ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."