അവസരം തുലച്ച് ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: പ്ലേയോഫിലേക്ക് പന്തുതട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയുമായി ഗോള്‍രഹിത സമനില ചൊല്ലി പിരിഞ്ഞു. കടവും പലിശയും കയറിയ ബ്ലാസ്റ്റേഴ്‌സിന് കലിപ്പടക്കി കപ്പ് നേടാന്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കണം. പെനാല്‍റ്റി ഉള്‍പ്പടെ കിട്ടിയ അവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സെമി കാണാതെ പുറത്തേക്കുള്ള വഴി ഉറപ്പിച്ചു. കൊച്ചിയുടെ കളിത്തട്ടില്‍ ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്.സി പോരാട്ടം ഗോള്‍രഹിത സമനിലയിലായതോടെ ഐ.എസ്.എല്‍ നാലാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്താതെ സാങ്കേതികമായി പുറത്തായതിന് തുല്യമായി.
മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. വിക്ടര്‍ പുള്‍ഗ, അരാറ്റ ഇസുമി, പ്രശാന്ത് എന്നിവര്‍ക്ക് പകരം ബെര്‍ബറ്റോവ്, മിലന്‍ സിങ്, സസ്‌പെന്‍ഷനിലായിരുന്ന ലാല്‍റുത്താര എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംനേടി. ചെന്നൈയിന്‍ നാല് മാറ്റങ്ങള്‍ വരുത്തി. മെയ്ല്‍സണ്‍, ഗെര്‍മന്‍പ്രീത്, ഫ്രാന്‍സിസ്‌കോ, ഗാവിലന്‍ എന്നിവര്‍ക്ക് പകരം അല്‍മെയ്ഡ, നെല്‍സണ്‍, മിഹെലിക്, ധന്‍പാല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി.
ലക്ഷ്യം തെറ്റിയ ആദ്യ പകുതി
പ്ലേ ഓഫ് ഉറപ്പാക്കാന്‍ ആദ്യ നിമിഷം മുതല്‍ ചെന്നൈയിന്‍ ആക്രമിച്ചു പന്തുതട്ടി. എന്നാല്‍ വേഗം കണ്ടെത്താനാവാതെ ബ്ലാസ്റ്റേഴ്‌സ് വിയര്‍ത്തു. ലീഡ് നേടാന്‍ ഇരു ടീമുകളും ആക്രമണത്തിന്റെ കെട്ടഴിച്ചെങ്കിലും ഗോള്‍ അകലെയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതില്‍ ആദ്യ പകുതിയില്‍ ചെന്നൈയിന്‍ മുന്നിട്ടുനിന്നു. എന്നാല്‍, മികച്ച മുന്നേറ്റം നെയ്‌തെടുക്കുന്നതിലും ഫിനിഷിങ്ങിലും മച്ചാന്‍സ് പരാജിതരായി. ചെന്നൈയിന്റെ ആറ് ഗോള്‍ ശ്രമങ്ങളില്‍ ഒന്ന് മാത്രമാണ് പോസ്റ്റിലേക്ക് എത്തിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച മികച്ച അവസരം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ചെന്നൈയിന്‍ പരാജയപ്പെടുകയും ചെയ്തു. ബോക്‌സിലേക്ക് കളിച്ച് കയറുന്നതിലും ഗോള്‍ ശ്രമങ്ങളിലും ഒപ്പത്തിനൊപ്പം നിന്ന ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ച് ഗോള്‍ ശ്രമങ്ങളില്‍ മൂന്നെണ്ണമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.
പെനാല്‍റ്റിയും വിജയവും കൈവിട്ടു
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. 52ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ പെനാല്‍റ്റി. സെറിനെ ഉയര്‍ത്തിയ പ്രതിരോധം മറികടന്ന് ബോക്‌സിലേക്ക് കുതിച്ച ബ്ലാഡ്‌വിന്‍സണിനെ ഗോള്‍വരക്ക് മുന്നില്‍ ജെറി ലാല്‍റിന്‍സുവാല വീഴ്ത്തിയതിനായിരുന്നു സ്‌പോട്ട് കിക്ക്. എന്നാല്‍ പെകുസന്റെ ദുര്‍ബലമായ കിക്ക് ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിങ് വലത്തോട്ട് ഡൈവ് ചെയ്ത് രക്ഷപ്പടുത്തി. ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ട ചെന്നൈയിന്‍ താരങ്ങള്‍ പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ആക്രമണങ്ങളുടെ തിരമാലയാണ് അഴിച്ചുവിട്ടത്. എന്നാല്‍ ജിങ്കന്‍ നേതൃത്വം നല്‍കിയ പ്രതിരോധം അവയെല്ലാം വിഫലമാക്കി.
പെകുസന്‍ എന്ന പാഴ്മരം
സ്‌പോട്ട് കിക്കിനെക്കാള്‍ മികച്ച അവസരം ഒരു ടീമിനും ലഭിക്കില്ല. ജീവന്മരണപ്പോരാട്ടത്തിലാണെങ്കില്‍ അത് പ്രത്യേകിച്ചും. സുവര്‍ണാവസരം തുലച്ചു കളഞ്ഞ കറേജ് പെകുസന്‍ ദുരന്ത നായകനായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡും വിജയവും ഉറപ്പിക്കാനുള്ള അവസരമാണ് പെകുസന്‍ തുലച്ചുകളഞ്ഞത്. ഇടത്തേ പോസ്റ്റിലേക്കുള്ള താരത്തിന്റെ ദുര്‍ബല ഷോട്ട് അനായാസം ചെന്നൈയിന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. കൊച്ചിയയുടെ കളിത്തട്ടിന് ശ്മശാന പ്രതീതി.
ദുരന്തമായി വിനീത്
ഫ്‌ളോപ്പായി മാറിയ വിനീത്. ചെന്നൈയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ ഹീറോ ആയിരുന്നു സി.കെ വിനീത് എങ്കില്‍ ഇന്നലെ സമ്പൂര്‍ണ്ണ പരാജിതനായി. അതോടെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത് പ്ലേയോഫ് സാധ്യത. നിര്‍ണായക മത്സരത്തില്‍ ഗോളെന്നുറച്ച മൂന്ന് സുവര്‍ണാവസരങ്ങളാണ് വിനീത് തുലച്ചത്.
ആദ്യ പകുതിയില്‍ ഒരുതവണ പോസ്റ്റ് കുലുക്കുകയും ഒരുതവണ ഗോള്‍കീപ്പറെ പരീക്ഷിക്കുകയും ചെയ്ത വിനീത് കൂടുതല്‍ നിരാശപ്പെടുത്തിയത് 76ാം മിനുട്ടിലാണ്. പെകുസന്‍ പെനാല്‍റ്റി പാഴാക്കിയ ആഘാതത്തില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിന് ഉണര്‍ത്തുപാട്ടാകുമെന്നു തോന്നിച്ച നിമിഷത്തില്‍ മധ്യനിരയില്‍ നിന്ന് ജാക്കീചന്ദ് സിങ് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ബ്ലാഡ്‌വിന്‍സന്റെ കാലില്‍.
ഐസ്‌ലന്‍ഡ് താരത്തിന്റെ ഷോട്ട് കരണ്‍ജിത്ത് ആയാസപ്പെട്ടു തട്ടിയകറ്റിയപ്പോള്‍ പന്ത് ലഭിച്ചത് വിനീതിന്. ഗോളി പോലും മുന്നിലില്ലാത്ത നിമിഷത്തില്‍ പ്രതികരിക്കാന്‍ വൈകിയ വിനീത് ദുരന്തമായി മാറുന്ന കാഴ്ച. 82ാം മിനുട്ടിലും ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. ഇക്കുറിയും ബ്ലാഡ്‌വിന്‍സണായിരുന്നു അധ്വാനിച്ചത്. ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് കരണ്‍ജിത്തിന്റെ കൈകളില്‍ ഒതുങ്ങി പോയി.
അവസാന മിനിട്ടുകളില്‍ ചെന്നൈയിന്‍ നടത്തിയ കടന്നാക്രമണങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 92ാം മിനുട്ടില്‍ ഗ്രിഗറി നെല്‍സണിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ മത്സരത്തിന് ലോങ് വിസില്‍ മുഴങ്ങി. മാര്‍ച്ച് ഒന്നിന് കണ്ഠീരവ സ്റ്റേഡിയത്തില്‍ ബംഗളൂരു എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."