''ടോം താങ്കള്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു''
കോഴിക്കോട്: വോളിബോള്‍ സംഘാടകര്‍ക്ക് വേണ്ടാത്ത ടോം ജോസഫിനെ കോഴിക്കോട്ടെ ജനങ്ങള്‍ എത്രമാത്രം ഹൃദയത്തിലേറ്റിയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു മുന്‍ ഇന്ത്യന്‍ നായനകനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം മത്സരം കാണാനായി എത്തിയപ്പോള്‍ ദേശീയ വോളിബോള്‍ പോരാട്ടത്തിന്റെ പ്രധാന വേദിയായ കാലിക്കറ്റ് ട്രോഡ്‌സ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. മത്സരത്തിനായി കേരളത്തിന്റേയും പഞ്ചാബിന്റേയും താരങ്ങള്‍ തയ്യാറെടുക്കുന്നതിനിടെയിലാണ് ഗാലറിയെ ഇളക്കി മറിച്ച് ടോമിന്റെ വരവ്. കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് തങ്ങളുടെ പ്രിയ താരത്തിന് അഭിവാദ്യം അര്‍പ്പിച്ചു. കൂട്ടുകാര്‍ക്കൊപ്പം 200 രൂപയുടെ ഗാലറി ടിക്കറ്റെടുത്ത് ടോം കാണികള്‍ക്കിടയില്‍ മത്സരം വീക്ഷിക്കാനായി ഇരുന്നു. കനത്ത പൊലിസ് സന്നാഹം ചുറ്റുമുണ്ടായിരുന്നു. ടോമിനൊപ്പം സെല്‍ഫിയെടുക്കാനും മറ്റും കാണികള്‍ മത്സരിച്ചു. എല്ലാത്തിനും സഹകരിച്ച് ചെറു പുഞ്ചിരിയുമായി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ടോം ഗാലറിയില്‍ ഇരുന്നു. ചുറ്റും മാധ്യമങ്ങളുടെ ക്യാമറ ഫ്‌ളാഷുകള്‍ മിന്നുണ്ടായിരുന്നു.
പിന്നീട് ഗാലറിയില്‍ നിന്ന് ടോമിന് പിന്തുണയര്‍പ്പിച്ച് മുദ്രാവാക്യം വിളികള്‍. അതിനിടെ 'ഞങ്ങള്‍ ഒപ്പമുണ്ടെന്ന് ' എഴുതിയ ഫ്‌ളക്‌സുയര്‍ത്തിപ്പിടിച്ച് ചിലരുടെ കട്ട സപ്പോര്‍ട്ട്. ടോമിന് അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികള്‍ക്ക് പിന്നാലെ സംഘാടക സമിതിക്കെതിരേ ഗാലറിയില്‍ പ്രതിഷേധ മദ്രാവാക്യം വിളികള്‍. പ്രതിഷേധം ഇരമ്പിയതോടെ മുഖം രക്ഷിക്കാനായി സംഘാടക സമിതിയില്‍ പെട്ട പി രാജീവ്, ഖാലിദ് എന്നിവരടക്കമുള്ളവര്‍ ടോമിനെ ക്ഷണിക്കാനായി അദ്ദേഹത്തിനടുത്തെത്തിയപ്പോള്‍ കാണികള്‍ കൂടുതല്‍ ക്ഷുഭിതരായി. സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യം സംജാതമായതോടെ പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കി സംഘാടകരെ തിരിച്ചയച്ചു. മത്സരം പുരോഗമിക്കുന്നതിനിടെ കലിപ്പ് തീരാതെ കാണികളില്‍ ചിലര്‍ നാലകത്ത് ബഷീറിനെതിരേ കടുത്ത ഭാഷയില്‍ വെല്ലുവിളികള്‍ നടത്തുന്നുണ്ടായിരുന്നു. മത്സരം വീക്ഷിച്ച ടോം മൂന്നാം സെറ്റ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സ്റ്റേഡിയത്തിന് പുറത്ത് കടന്നു.
പ്രതിഭയുടെ മികവ് കൊണ്ട് വോളിബോള്‍ മൈതാനങ്ങളെ ത്രസിപ്പിച്ച ടോം ജോസഫിനെ പോലുള്ള താരങ്ങളെ അവഗണിക്കുന്ന സംഘാടക സമിതിക്കാര്‍ ഇതുകണ്ടെങ്കിലും പാഠം പഠിക്കുമോ. സംഘാടക സമിതി അവകാശപ്പെടുന്നത് ടോമിനെ ക്ഷണിച്ചിരുന്നു എന്നാണ്. 26ന് നടക്കുന്ന മലയാളി താരങ്ങളെ ആദരിക്കുന്ന ചടങ്ങിലേക്കും ടോമിനെ ക്ഷണിച്ചിട്ടുണ്ടെന്ന് പറയുന്നു. അതേസമയം താരം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."