രാംപള്ളിയില്‍ മരുഭൂമിയാകുന്നത് 40 ഏക്കര്‍ നെല്‍വയല്‍
മുത്തങ്ങ: ജലസേചനത്തിന് കളമൊരുങ്ങിയാല്‍ വനാന്തരഗ്രാമമായ മുത്തങ്ങ രാംപള്ളിയിലെ തരിശുപാടങ്ങള്‍ പച്ചയണിയും. എന്നാല്‍ വനം വകുപ്പ് അധികൃതരുടെ മര്‍ക്കട മുഷ്ടി കാരണം ഒരു കാലത്ത് നഞ്ച, പുഞ്ച തുടങ്ങി ഇരിപ്പൂകൃഷിചെയ്തു പോന്ന 40 ഏക്കര്‍ വയലാണ് മരുഭൂമിക്ക് സമാനമായിരിക്കുന്നത്.
നെല്‍കൃഷിയിറക്കാന്‍ ജലസേചനത്തിനായി ഫോറസ്റ്റ് ലീസ് ഭൂമിയിലൂടെ വൈദ്യുതി എത്തിക്കാന്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്നതാണ് വനാന്തരഗ്രാമത്തിലെ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. രാംപള്ളി കുറുമകോളനിയിലെ 28 കുടുംബങ്ങളുടെ കൈവശമുള്ള 40 ഏക്കര്‍ വയലാണ് അഞ്ചുവര്‍ഷമായി തരിശിട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ സ്വന്തം ചെലവില്‍ ഡീസല്‍ മോട്ടോര്‍ വാങ്ങി സമീപത്തെ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്തായിരുന്നു നെല്‍കൃഷി ഇറക്കിയിരുന്നത്. പക്ഷേ, ഇന്ധനവില വര്‍ധിച്ചതോടെ ഡീസല്‍ മോട്ടോര്‍ പ്രവര്‍ത്തിച്ച ജലസേചനം ചെയ്ത് കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതായി. ഇതോടെ നെല്‍കൃഷിക്കായി ഉപയോഗിച്ചിരുന്ന വയലുകള്‍ തരിശായി. പിന്നീട് കര്‍ഷക കുടുംബങ്ങളുടെ ആവശ്യ പ്രകാരം ട്രൈബല്‍ വകുപ്പ് ജലസേചനത്തിന്നായി വൈദ്യുതി എത്തിക്കാന്‍ രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നു.
തുടര്‍ന്ന് വൈദ്യുതി എത്തിക്കുന്നതിനായി പോസ്റ്റുകളും വൈദ്യുതി കമ്പികളും മറ്റും എത്തിച്ചു. എന്നാല്‍ പ്രവൃത്തി തുടങ്ങുന്നതിന് മുമ്പ് വനം വകുപ്പ് തടസ്സ വാദവുമായി രംഗത്തെത്തുകയായിരുന്നെന്ന് കോളനിക്കാര്‍ പറയുന്നു. നിലവില്‍ കോളനിയില്‍ വൈദ്യുതിയുണ്ട്. ഇവിടെ നിന്നും പുഴക്കരെ വരെ 150 മീറ്റര്‍ മാത്രം ദൂരം വൈദ്യുതി ലൈന്‍ വലിച്ചാല്‍ ജലസേചന സൗകര്യമൊരുക്കാമെന്നിരിക്കെയാണ് വനം വകുപ്പിന്റെ തടസ്സവാദങ്ങള്‍.ജലസേചന സൗകര്യമില്ലാതായതോടെ പരമ്പരാഗതമായി ഒരു അനുഷ്ഠാനം പോലെ ചെയ്തുവന്നിരുന്ന നെല്‍കൃഷിയാണ് ഗ്രാമവാസികള്‍ക്ക് അന്യമായത്. വനം വകുപ്പ് തടസ്സവാദം മാറ്റിവച്ച് വൈദ്യുതി വലിക്കാന്‍ സാഹചര്യമൊരുക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. അതേ സമയം ഫോറസ്റ്റ് ലീസ് ഭൂമിയിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അപേക്ഷ ലഭിച്ചിട്ടില്ലന്നും വനാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായ നടപടിസ്വീകരിക്കുമെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."