മേഘാലയയില്‍ ഏറ്റുമുട്ടല്‍: കൊടുംഭീകരന്‍ കൊല്ലപ്പെട്ടു
ഷില്ലോങ്: മേഘാലയയില്‍ കൊടുംഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. സുരക്ഷാ സേനയുമായി ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ സോഹന്‍ ഡി. ഷിര കൊല്ലപ്പെട്ടത്.
ഈ മാസം 27ന് മേഘാലയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി ആക്രമണങ്ങളാണ് സോഹന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുണ്ടായത്.
ദോബു ആചക്‌പെകില്‍ ഗാരോ ഹില്‍ പൊലിസും മേഘാലയ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡോകളും സംയുക്തമായി നടത്തിയ തിരിച്ചിലിനടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ രാവിലെ 11.45ഓടുകൂടിയാണ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലിസ് അറിയിച്ചു.
ഷില്ലോങില്‍ നിന്ന് 320 കി.മീറ്റര്‍ മാറിയുള്ള ഗാരോ ഹില്ലില്‍ ഭീകര വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരിച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. എന്‍.സി.പി നേതാവും സ്ഥാനാര്‍ഥിയുമായ ജൊനാതന്‍ എന്‍. സാങ്മയുടെ കൊലപാതകത്തിനുത്തരവാദി സോഹന്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് കുഴിബോംബ് ആക്രമണത്തില്‍ ജൊനാതന്‍ കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് നിരവധി ആക്രമണങ്ങളാണ് സോഹന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് മേഘാലയാ ഗ്രാമങ്ങളില്‍ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."