ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു
ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരണവിവരം ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി 11.30 നാണ് മരണം സംഭവിച്ചതെന്നാണ് സഞ്ജ് കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലാം വയസില്‍ തുണൈവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ശ്രീദേവി ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971 പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
രണ്ട് സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. 1976 ല്‍ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം നായികയായി അഭിനയിക്കുന്നത്. 1978ല്‍ 'സോള്‍ സവന്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡ് നായികയായി. 1983ലെ 'ഹിമ്മത്‌വാല' എന്ന ചിത്രമാണ് ബോളിവുഡില്‍ ശ്രീദേവിയെ ശ്രദ്ധേയമാക്കിയത്. തുടര്‍ന്ന് 'മവാലി', 'തോഹ്ഫ', 'മാസ്റ്റര്‍ജി', 'മിസ്റ്റര്‍ ഇന്ത്യ', 'ചാന്ദ്‌നി' തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചു. പല സിനിമകളിലെയും അഭിനയത്തിന് നിരൂപക പ്രശംസ നേടി. അഞ്ചുതവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടി. 10 തവണ അവാര്‍ഡിനായി നാമ നിര്‍ദേശം ചെയ്യപ്പെട്ടു. 1990 കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി.
1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ മോം (mom) ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശ്രീദേവിയുടെ വിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."