സിറിയയില്‍ മരണസംഖ്യ 500 കടന്നു
ദമസ്‌കസ്: അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്കിടെയും കിഴക്കന്‍ ഗൗഥയില്‍ ആക്രമണം അവസാനിപ്പിക്കാതെ സിറിയയില്‍ സൈന്യം. ഒരാഴ്ചയ്ക്കിടെ മേഖലയില്‍ മരിച്ചവരുടെ എണ്ണം 500 കടന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പകുതിയോളവും കുട്ടികളാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം വിമതനിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗഥയില്‍ ആക്രമണം ആരംഭിച്ചത്. സിറിയന്‍ സൈന്യത്തിനു പുറമെ റഷ്യന്‍ വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ സാധാരണക്കാരാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗം പേരും. മേഖലയില്‍ സാധാരണ ജീവിതം തീര്‍ത്തും ദുസ്സഹമായ അവസ്ഥയിലാണുള്ളത്. ആശുപത്രികള്‍ അടക്കം നഗരത്തിലെ മിക്ക കെട്ടിടങ്ങളും സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ നിശ്ശേഷം തകര്‍ന്നടിഞ്ഞിട്ടുണ്ട്.
ഇന്നലെ മാത്രം 29 സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബാരല്‍ കണക്കിനു ബോംബുകളും ഷെല്ലുകളുമാണ് നഗരത്തില്‍ വര്‍ഷിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് നാലു ലക്ഷത്തോളം ജനങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായുള്ള ആരോപണങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. കിഴക്കന്‍ ഗൗഥയെ വിമത ഭീകരരില്‍നിന്ന് മോചിപ്പിക്കാനാണു സൈന്യത്തിന്റെ പരിശ്രമമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
അതിനിടെ, സിറിയന്‍ വിഷയത്തില്‍ യു.എന്നില്‍ അടിയന്തരമായി വോട്ടെടുപ്പ് നടത്താനുള്ള നീക്കം അനന്തമായി നീളുന്നു. രാജ്യത്ത് 30 ദിവസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്താനാണ് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കാനിരിക്കുന്നത്. കുവൈത്തും സ്വീഡനും ചേര്‍ന്നാണു കരടുപ്രമേയം തയാറാക്കിയത്. സിറിയന്‍ സഖ്യകക്ഷിയായ റഷ്യയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് രക്ഷാസമിതി യോഗം ചേരുന്നത് നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."