ആധുനിക മനുഷ്യനു മുന്‍പും കലാകാരന്മാരുണ്ടായിരുന്നു
മാഡ്രിഡ്: പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു ജീവിച്ച ആദിമ മനുഷ്യരും കലാകാരന്മാരും ചിത്രകാരന്മാരുമായിരുന്നുവെന്നു വിശ്വസിക്കാനാകുന്നുണ്ടോ? ഇല്ലെങ്കില്‍ ഇതാ പതിനായിരമല്ല, 65,000 വര്‍ഷങ്ങള്‍ പഴക്കമുള്ള ഗുഹാ ചിത്രങ്ങള്‍ കണ്ടെടുത്തിരിക്കുന്നു സ്‌പെയ്‌നില്‍ ഒരുകൂട്ടം ഗവേഷകര്‍. സ്‌പെയിനിലെ പഴക്കം ചെന്ന മൂന്നു ഗുഹകളില്‍ ഒരുസംഘം പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേക്ഷണത്തിലാണ് ഇത്രയും പഴക്കമുള്ള ചിത്രീകരണങ്ങള്‍ കണ്ടെടുത്തിരിക്കുന്നത്.
ചരിത്രാതീത മനുഷ്യര്‍ ഗുഹാഭിത്തികളില്‍ വരച്ച പലതരം ചിത്രങ്ങളില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമേറിയതയാണ് സ്‌പെയിനില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗുഹാഭിത്തികളില്‍ കേവലം അക്ഷരങ്ങള്‍ കൊത്തിവച്ചിരിക്കുകയല്ല ചെയ്തിരിക്കുന്നത്. ക്ഷേത്രഗണിത രൂപങ്ങളും വരകളും കൈപ്രതികളും ചേര്‍ന്നുള്ള അമൂര്‍ത്തമായ ആശയ സംഗ്രഹമാണ് ഗവേഷകര്‍ ഈ ഗുഹകളില്‍നിന്നു കണ്ടെത്തിയിരിക്കുന്നത്.
ആധുനിക മനുഷ്യനാണ് ക്രിയാത്മകമായ കലാരൂപങ്ങള്‍ കണ്ടെത്തിയതെന്ന പൊതുധാരണയെ തിരുത്തുന്നതാണ് ഈ ചിത്രങ്ങള്‍.
മനുഷ്യര്‍ എങ്ങനെയാണ് കലയെയും ഭാഷയെയും മതത്തെയും വികസിപ്പിച്ചത് എന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്കു പുതിയ ഉള്‍ക്കാഴ്ചകള്‍ പകരുന്നതാണു പുതുതായി കണ്ടെത്തിയിരിക്കുന്ന ഗുഹാചിത്രങ്ങളെന്ന് ഗവേഷക സംഘാംഗവും ബ്രിട്ടനിലെ സതാംപ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറുമായ അലിസ്റ്റര്‍ പൈക്ക് അഭിപ്രായപ്പെട്ടു. ഭാഷയും സാംസ്‌കാരിക ആവിഷ്‌കാരങ്ങളുമായി നാം മൃഗങ്ങളില്‍നിന്നും ആള്‍ക്കുരങ്ങുകളില്‍നിന്നും വ്യത്യസ്തരാണെന്നാണു നാം വിശേഷിപ്പിക്കാറുള്ളത്. ഈ ധാരണകളെയൊക്കെ മാറ്റിപ്പണിയുന്നതാണു പുതിയ കണ്ടെത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെയാണ് ചിത്രങ്ങളുടെ കാലഗണന കണ്ടെത്തിയിരിക്കുന്നത്. 40,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി മനുഷ്യന്‍ സ്‌പെയിനിലേക്കു കുടിയേറിയതെന്നാണ് ഇതുവരെയുള്ള ചരിത്രധാരണ. എന്നാല്‍, പുതുതായി കണ്ടെത്തിയ ചിത്രങ്ങള്‍ അത്തരം സാധ്യതകളെയും വെല്ലുവിളിക്കുന്നതാണെന്നും ഗവേഷകര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."