വേണ്ടത് ബ്രാഹ്മണിസത്തിന്റെ സമ്പൂര്‍ണനിഗ്രഹം
ജനാധിപത്യ അവകാശങ്ങളും അധികാര പങ്കാളിത്തത്തെ കുറിച്ചുള്ള ഭാവനകളും തികച്ചും ഏകപക്ഷീയമായിത്തീര്‍ന്നു കൊണ്ടിരിക്കുകയാണു പുതിയ ഇന്ത്യയില്‍. അതിശക്തമായ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉന്നയിക്കുകയും പുതിയ രാഷ്ട്രീയ സാധ്യതകള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതു രാജ്യത്തെ ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നമായിരിക്കുകയാണിന്ന്.
ദശാബ്ദങ്ങള്‍ക്കിപ്പുറവും ദലിത്-ബഹുജന്‍ മുന്നേറ്റങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുകയും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു ദാര്‍ശനികമായ കരുത്തു പകരുകയും ചെയ്യുന്നത് ഡോ. ബി.ആര്‍ അംബേദ്കറുടെ ചിന്തകളും ആലോചനകളുമാണ്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും വിപുലമായ ജ്ഞാനസമ്പത്തുമാണ് അംബേദ്കറുടെ ചിന്താലോകത്തെ രൂപപ്പെടുത്തിയത്. ബ്രാഹ്മണ്യത്തിന്റെ മനുഷ്യത്വവിരുദ്ധമായ ആചാരവേലകള്‍ക്കും ജാതീയതയുടെ രൂക്ഷമായ ചിട്ടവട്ടങ്ങള്‍ക്കും വിധേയമായ ബാല്യമാണ് അദ്ദേഹത്തിന്റേത്. അവിടെനിന്നു വളര്‍ന്നുവന്ന അംബേദ്കര്‍ പ്രായോഗിക തലത്തില്‍നിന്നു കൊണ്ട് ജാതീയതയ്‌ക്കെതിരേ ഉറക്കെ സംസാരിക്കുകയും ബ്രാഹ്മണ മേധാവിത്വത്തിനെതിരേ തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു.
അപാരമായ ദാര്‍ശനിക മികവോടെ രാജ്യത്തിന്റെ ഭരണഘടന രൂപകല്‍പന ചെയ്യുന്നതില്‍ അടക്കം അംബേദ്കറുടെ പങ്ക് വലുതാണ്. ബ്രാഹ്മണ-സവര്‍ണ പ്രത്യയശാസ്ത്രത്തിലൂന്നിയ സംഘ്പരിവാര്‍ ഫാസിസം അധികാരരൂപം പൂണ്ട കാലമാണിത്. അധികാരത്തിന്റെ ബലത്തില്‍ നടപ്പാക്കുന്ന ആള്‍ക്കൂട്ടനീതിയില്‍ ദലിത്-ന്യൂനപക്ഷ സമൂഹങ്ങളെ ഭീതിയില്‍ നിര്‍ത്താമെന്ന് അവര്‍ കരുതുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ദലിത് രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുകയും നിശ്ചയദാര്‍ഢ്യം കൈവരിക്കുകയും വലിയ തോതില്‍ ദൃശ്യത നേടിക്കൊണ്ടിരിക്കുകയും ചെയ്യുകയാണുണ്ടായത്. അതോടൊപ്പം ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉള്‍ച്ചേര്‍ത്തുള്ള ദലിത്-മുസ്‌ലിം-ബഹുജന്‍ സാഹോദര്യത്തെ കുറിച്ചും രാഷ്ട്രീയ മുന്നേറ്റത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ വിസ്തൃതമായ ഇടങ്ങളിലേക്കു വികസിക്കുകയും ചെയ്യുന്നു.
ഈ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ മുന്‍നിര സാന്നിധ്യമാണ് അംബേദ്കറുടെ കൊച്ചുമകന്‍ കൂടിയായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ എന്ന പ്രകാശ് അംബേദ്കര്‍. മഹാരാഷ്ട്ര കേന്ദ്രമായുള്ള ബരിപ്പ ബഹുജന്‍ മഹാ സംഘ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് പ്രകാശ്. മുത്തച്ഛന്‍ അംബേദ്കറിലേക്കു ചേര്‍ത്ത് ബാലാ സാഹിബ് അംബേദ്കര്‍ എന്നു വിളിക്കപ്പെടാറുണ്ട്. കഴിഞ്ഞയാഴ്ച മലപ്പുറത്ത് ദലിത്-മുസ്‌ലിം സാഹോദര്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു അദ്ദേഹം. അംബേദ്കറുടെ ദാര്‍ശനിക-കര്‍മവഴികള്‍, ദലിത് രാഷ്ട്രീയത്തിന്റെ പുതിയ സാധ്യതകള്‍, രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയെ കുറിച്ചെല്ലാം പ്രകാശ് അംബേദ്കര്‍ സംസാരിക്കുന്നു.
? ഡോ. അംബേദ്കറെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാമോ? ദലിത് രാഷ്ട്രീയം ശക്തമായി ഉന്നയിക്കുന്നതിനും സമരോത്സുകമായി മുന്നോട്ടു നയിക്കുന്നതിനും ആ ഓര്‍മകള്‍ പകരുന്ന ഊര്‍ജമെന്തൊക്കെയാണ്?
അംബേദ്കറുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വ്യക്തിപരമായ അനുഭവങ്ങള്‍ പോലും എല്ലാവര്‍ക്കും ലഭ്യമാണ്. എഴുത്തുകളിലൂടെയും അനുഭവ വിവരണങ്ങളിലൂടെയും ദശാബ്ദങ്ങള്‍ക്കപ്പുറത്തേക്ക് അവ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സവിശേഷമായി എക്‌സ്‌ക്ലൂസീവായ കഥകളോ അനുഭവങ്ങളോ പറയാനില്ല. എനിക്ക് ഒരു വയസാകുമ്പോഴാണ് അംബേദ്കറുടെ മരണം.
ചെയ്തുവയ്ക്കുന്ന നന്മകളെയും ഗുണപരമായ പ്രവര്‍ത്തനങ്ങളെയും കാലങ്ങള്‍ക്കിപ്പുറവും ഓര്‍ക്കുകയും വരുംതലമുറകള്‍ക്കു പ്രോത്സാഹനമാകും വിധം കൈമാറുകയും ചെയ്യുന്നതാണു നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം. രാജ്യത്തെ പൗരന്മാരുടെ ആഗ്രഹങ്ങളെയും നയനിലപാടുകളെയും ഉള്‍ക്കൊള്ളുന്നതും വ്യക്തമായ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ ഊന്നിനിന്നുകൊണ്ടു നിര്‍ണയിക്കപ്പെടുന്നതുമാവണം നമ്മുടെ ബോധ്യങ്ങളും വിചാരങ്ങളും. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ആലോചനകള്‍ക്കും മാത്രമേ തലമുറകള്‍ക്കപ്പുറത്തേക്കു പ്രവഹിക്കാനുള്ള ശക്തിയുണ്ടാകൂ. അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ദര്‍ശനങ്ങളും വിപ്ലവാത്മകമായ ആലോചനകളും നിലവിലെ സാഹചര്യങ്ങളില്‍ വരെ ഫലപ്രദമായി നിലനില്‍ക്കുന്നതിന്റെ കാതലതാണ്.
?സമകാലിക രാഷ്ട്രീയ ആലോചനകളില്‍ ശക്തിപ്പെട്ടുവരുന്ന ചിന്തയാണ് ദലിത്-മുസ്‌ലിം സാഹോദര്യത്തിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന്റെ പ്രായോഗികരൂപത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും പല മേഖലകളിലുമായി നടന്നുവരുന്നുണ്ട്. ആ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സാധ്യതകള്‍ എന്തെല്ലാമാണ്? മുന്നിലുള്ള വഴികള്‍?
വളരെ കൃത്യമായി രൂപപ്പെടുത്തിയെടുക്കുകയും ആഴത്തിലുള്ള ചിന്തകള്‍ ആവശ്യപ്പെടുകയും ചെയ്യേണ്ട ഒരാശയമാണിത്. നിലവില്‍ പലയിടങ്ങളിലായി അത്തരം ആലോചനകള്‍ വികസിച്ചുവരുന്നു എന്നത് അത്യധികം പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷെ, ശ്രദ്ധിക്കേണ്ട ഒരു കാര്യം മതപരമായ പ്രക്രിയകളുടെ ചിട്ടവട്ടങ്ങളില്‍നിന്നും ചട്ടക്കൂടുകളില്‍നിന്നും മാറി ഒരു രാഷ്ട്രീയ പ്രശ്‌നമായിത്തന്നെ ഇതിനെ കണക്കിലെടുക്കേണ്ടതുണ്ട്. പ്രസ്തുത രാഷ്ട്രീയത്തെ കണിശമായി നിര്‍വചിക്കുകയും ആ നിര്‍വചനങ്ങളെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം. ഇല്ലെങ്കില്‍ ഒരു റിലീജ്യസ് പ്രോസസ് എന്നിടത്തേക്കു കാര്യങ്ങള്‍ ചുരുങ്ങിപ്പോകും. ഈ മുന്നേറ്റങ്ങള്‍ മുഴുവന്‍ നിഷ്ഫലമാകാന്‍ ഇതു കാരണമാവുകയും ചെയ്യും.
മുസ്‌ലിംകളും ദലിതരും ഇനിയും ആഴത്തില്‍ ഇറങ്ങി രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറത്താണു സ്വത്വത്തെപ്പോലും ബാധിക്കുന്ന ഭീകരവാദ പ്രതിസന്ധികള്‍ മുസ്‌ലിം ലോകത്തെ സ്പര്‍ശിച്ചുതുടങ്ങുന്നത്. മുസ്‌ലിമിന്റെ ദൈനംദിന ജീവിതത്തെപ്പോലും അലോസരപ്പെടുത്തുംവിധം അവ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങളില്‍ അരങ്ങേറുന്ന പലവിധ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനും അപലപിക്കാനും ഓരോ മുസ്‌ലിമും നിര്‍ബന്ധിക്കപ്പെടുന്നു. എന്നിട്ടുപോലും ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം ഈ പ്രശ്‌നങ്ങള്‍ എത്രമാത്രം ഗൗരവതരമായി ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ടെന്നത് ആലോചിക്കേണ്ടതുണ്ട്.
രാജ്യത്തൊന്നടങ്കം അനവധി സ്‌ഫോടനപരമ്പരകള്‍ അരങ്ങേറുകയും മുസ്‌ലിംകള്‍ക്കെതിരില്‍ സംശയത്തിന്റെ വിരലുയരുകയും ചെയ്തു. അത്തരം ഘട്ടങ്ങളില്‍ ഇടപെടലുകളും പ്രസ്താവനകളുമായി പലരും രംഗത്തുണ്ടായിരുന്നു എന്നതു ശരിയാണ്. മുസ്‌ലിം സമുദായത്തിനു മുകളില്‍ വീണ സംശയത്തിന്റെ നിഴലുകള്‍ നീക്കാനുള്ള അവരുടെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നുതാനും. പക്ഷെ, ആലോചിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ടിവിടെ. പല സ്‌ഫോടനക്കേസുകളിലും വര്‍ഷങ്ങള്‍ക്കുശേഷം കോടതി ശ്രദ്ധേയമായ വിധികള്‍ പുറപ്പെടുവിച്ച്, പ്രഖ്യാപനങ്ങള്‍ നടത്തി മുസ്‌ലിംകളുടെ നിരപരാധിത്വം ഉറപ്പിക്കുകയും അവയ്ക്കു പിന്നിലെ ഹിന്ദുത്വഭീകരരുടെ പങ്ക് കൃത്യമായി വെളിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിധികളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാനും പൊതുസമൂഹത്തില്‍ ശക്തമായി ഉന്നയിക്കാനും നമുക്കു സാധിച്ചോ എന്നതൊരു ചോദ്യമായി അവശേഷിക്കുകയാണ്.
?ദലിത്-മുസ്‌ലിം സാഹോദര്യ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ്
പല രൂപങ്ങളിലും ഭാവങ്ങളിലുമായി ദലിതുകളും മുസ്‌ലിംകളും പ്രത്യക്ഷമായിത്തന്നെ അനവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്‌നകാലങ്ങളിലെ കേവല യോജിപ്പ് എന്നതിനപ്പുറം ബ്രാഹ്മണിസത്തിനെതിരേയുള്ള പോരാട്ടമാണ് ദലിത്-മുസ്‌ലിം രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നനിര്‍ണയിക്കേണ്ട ഏകകം. ബ്രാഹ്മണിസത്തെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വ്യവസ്ഥയുടെ ആധിപത്യത്തിനകത്താണു നാമിന്നുള്ളത്. നൂറ്റാണ്ടുകളായി ഇതുതന്നെയാണു സ്ഥിതി. ദലിത്-മുസ്‌ലിം രാഷ്ട്രീയം അന്വേഷിക്കുന്ന ലക്ഷ്യം ഈ വ്യവസ്ഥയുടെ നിഗ്രഹവും അതില്‍നിന്നുള്ള വിമോചനവുമാണ്.
ആധിപത്യത്തിന്റെയും ചൂഷണത്തിന്റെയും ഭാഷയാണ് ബ്രാഹ്മണിസത്തിന്റേത്. ആ ഭാഷയെ അതിരൂക്ഷമായാണവര്‍ ഇന്നു പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയും സംഘ്പരിവാറും ചേര്‍ന്ന് മുസ്‌ലിംകളെ അരികുവല്‍ക്കരിക്കുന്നു. അതിശക്തമായ അടിച്ചമര്‍ത്തല്‍ അഭിമുഖീകരിക്കുന്നുവെങ്കില്‍ പോലും അടിച്ചമര്‍ത്തലുകള്‍, ഭരണകൂട ഭീകരത എന്നിവയില്‍ ഊന്നിനിന്നുകൊണ്ടാവരുത് നമ്മുടെ രാഷ്ട്രീയ നയരൂപീകരണങ്ങള്‍ ഉണ്ടാവേണ്ടത്. രാഷ്ട്രീയ അതിക്രമങ്ങളും വിവേചനവും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളും ഇതര ന്യൂനപക്ഷങ്ങളും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിവേചനങ്ങളെയും അതിക്രമങ്ങളെയും സംസ്‌കരിക്കുകയും നിരന്തരം തുടരാന്‍ വഴിയൊരുക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യമൂല്യങ്ങളില്‍ വളര്‍ന്ന വ്യവസ്ഥയെയാണു നാം പ്രതിരോധിക്കേണ്ടത്. ആ വ്യവസ്ഥയുടെ നിഗ്രഹത്തെ ലക്ഷീകരിച്ചാണു നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളെ പുതുക്കിപ്പണിയേണ്ടത്. എന്നാല്‍ മാത്രമേ പിന്നോക്ക വിഭാഗങ്ങളെ അടിമകളാക്കി നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും മുസ്‌ലിംകളെ മുഖ്യധാരയില്‍നിന്ന് ഓരത്തേക്കു മാറ്റിനിര്‍ത്താന്‍ പണിയെടുക്കുകയും ചെയ്യുന്ന ആധിപത്യ രാഷ്ട്രീയത്തില്‍നിന്നു രക്ഷപ്പെടാന്‍ സാധിക്കൂ.
ആന്റി ബ്രാഹ്മണിസം എന്ന അജന്‍ഡ വളരെ കൃത്യവും വ്യക്തവുമായിരിക്കണം. പൊതുജനമധ്യേ വ്യക്തമായി അവതരിപ്പിക്കണം. ഇല്ലെങ്കില്‍ വര്‍ഗീയശക്തികള്‍ക്കു മുതലെടുപ്പിന് എളുപ്പത്തില്‍ അവസരം ലഭിക്കും. ദലിത്-മുസ്‌ലിം സാഹോദര്യം വര്‍ഗീയമായി പ്രചരിപ്പിക്കാന്‍ എളുപ്പമാണ്. ഹിന്ദുക്കളെ ഉന്മൂലനാശം ചെയ്യാന്‍ ദലിതുകളും മുസ്‌ലിംകളും ഒന്നിക്കുന്നു എന്ന തരത്തില്‍ ഈ രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യും എന്നതില്‍ സംശയമില്ല. ജനാധിപത്യമൂല്യങ്ങളുടെ നിരാസം, ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധത, ഗെറ്റോസൈഷന്‍, ജാതികളുടെ നിലനില്‍പ്പ് എന്നിവയുടെ സംക്ഷിപ്ത രൂപമാണ് ബ്രാഹ്മണിസം. ഹിന്ദൂയിസത്തിനെതിരേയല്ല, ബ്രാഹ്മണ്യത്തിനെതിരേയാണു നമ്മുടെ പോരാട്ടവും രാഷ്ട്രീയവും.
?ദലിത്-മുസ്‌ലിം രാഷ്ട്രീയത്തെ സംബന്ധിച്ച് അക്കാദമികമായും അല്ലാതെയും ചര്‍ച്ചകള്‍ രൂപപ്പെടുന്ന പ്രധാന
ഇടങ്ങിലൊന്നാണ് കേരളം. കേരളത്തിന്റെ പരിസരത്ത് ഈ രാഷ്ട്രീയത്തെ കുറിച്ച് നമുക്ക് എങ്ങനെയൊക്കെ ആലോചിക്കാം?
രാഷ്ട്രീയപരമായി സവിശേഷമായ ചില സമവാക്യങ്ങളുള്ള നാടാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നെല്ലാം ഏറെ വ്യത്യസ്തമാണിവിടത്തെ രാഷ്ട്രീയസ്ഥിതി. പ്രത്യേകിച്ചും കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം മറ്റിടങ്ങളില്‍നിന്നു വേറിട്ട മാനങ്ങളും വലിയ സാധ്യതകളും പകരുന്നതാണ്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആധാരം തന്നെ സൗഹൃദമാണെന്നാണ് എനിക്കു തോന്നുന്നത്. ഇതര സംസ്ഥാനങ്ങളിലെ രാഷ്ട്രീയപശ്ചാത്തലം തീര്‍ത്തും ഭിന്നമാണ്. സൗഹാര്‍ദത്തിന്റെ സാധ്യതകളുടെ അഭാവം രാഷ്ട്രീയമായി അവരെ അരികുവല്‍ക്കരിക്കാന്‍ ഇതര കക്ഷികളെ ഏറെ സഹായിക്കുന്നു. കേരളത്തെയപേക്ഷിച്ചു മറ്റിടങ്ങളിലെ മുസ്‌ലിം രാഷ്ട്രീയം ദുര്‍ബലമായിപ്പോയതിന്റെ പ്രധാന കാരണവും അതുതന്നെയാണ്.
?ദലിതുകളുടെ കാര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്നാണു താങ്കള്‍ കരുതുന്നത്
ദലിതുകളെ മുഖ്യധാരയില്‍ ഒപ്പംനിര്‍ത്തുക എന്നതാണു പ്രധാനം. ദലിതുകളുടെ രാഷ്ട്രീയ ഇടങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് അതു സാധ്യമാവുക. അവരുടെ സാമൂഹികാനുഭവങ്ങള്‍ മനസിലാക്കുകയും ജനാധിപത്യത്തിന്റെ, അധികാരയിടങ്ങളിലെ തുല്യപങ്കാളിത്തത്തിന്റെ വഴിയിലെത്താന്‍ അവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്യേണ്ടതുണ്ട്.
?ദലിത്-മുസ്‌ലിം രാഷ്ട്രീയബന്ധത്തെ പ്രത്യേകമായി അടയാളപ്പെടുത്തിയ ഒരു ഘട്ടമായിരുന്നു ഗുജറാത്ത് തെരഞ്ഞടുപ്പിലെ ജിഗ്‌നേഷ് മേവാനിയുടെ സ്ഥാനാര്‍ഥിത്വവും തിളക്കമാര്‍ന്ന വിജയവും. ദലിത് രാഷ്ട്രീയത്തെ ഫലപ്രദമായ മാനങ്ങളിലേക്ക് ഉയര്‍ത്താന്‍ ഈ വിജയത്തിനു സാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. കേവലമൊരു രാഷ്ട്രീയ പ്രതിഭാസമെന്നതിലുപരി ഒരു മൂവ്‌മെന്റായി ദലിത് രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കാനുള്ള വഴികള്‍ എന്തൊക്കെയാണ്? അത്തരം സാധ്യതകള്‍ അകലെയാണോ?
മേവാനിയുടെ വിജയവും ദലിത് ഉണര്‍വുകളും പ്രതീക്ഷ തരുന്നു എന്നതു ശരിയാണ്. അതിനു പിന്നില്‍ ചെറുതല്ലാത്ത അധ്വാനവുണ്ട്. എങ്കില്‍ പോലും അത്തരം പശ്ചാത്തലത്തിലേക്ക് ഉയര്‍ന്നുവന്ന രാഷ്ട്രീയത്തിന്റെ സ്ഥിരായുസിനെ കുറിച്ചും എനിക്ക് ആശങ്കകളുണ്ട്. മൂവ്‌മെന്റുകളുടെ സ്ഥിരത ഉറപ്പിക്കാനും ജനകീയമാക്കാനും സംഘടന അനിവാര്യമാണെന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍.
അത്തരം രാഷ്ട്രീയ ഉണര്‍വുകളെ താല്‍ക്കാലികമായ പ്രതിഭാസമായി ഒടുങ്ങിയില്ലാതാവാന്‍ നാം അനുവദിക്കരുത്. കേലവ ഉണര്‍വുകള്‍ കൊണ്ടു വലിയ ഫലങ്ങള്‍ കൊയ്യാമെന്നു മോഹിക്കുകയും ചെയ്യരുത്. ഉടന്‍ ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. അവ ചെയ്തിലെങ്കില്‍ മേവാനിയുടെ വിജയത്തിനും രാഷ്ട്രീയത്തിനും പരിമിതമായ വാലിഡിറ്റിയേ ഉണ്ടാവൂ. ഇങ്ങനെ പറയാന്‍ കാരണം അവിടെ ദൃശ്യമായ രാഷ്ട്രീയ ഉണര്‍വിനെ ഒരു മുന്നേറ്റത്തിന്റെ തലത്തിലേക്കെത്തിക്കണമെങ്കില്‍ വ്യവസ്ഥാപിതമായ ഒരു സംഘടന വേണമെന്ന് ഉറച്ചുവിശ്വസിക്കുന്നതു കൊണ്ടാണ്.
?ഇന്ത്യയിലെ വിവിധ കാംപസുകളില്‍ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ട്. ദലിത്-മുസ്‌ലിം രാഷ്ട്രീയത്തെ അവ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സര്‍വകലാശാലകള്‍ക്കു പുറത്തെ രാഷ്ട്രീയവുമായി ഇവയെ തുലനം ചെയ്യാനൊക്കുമോ?
കാംപസുകളിലെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കു ചില പരിമിതികളുണ്ട്. കാംപസിനു പുറത്തെ ബഹുഭൂരിപക്ഷം വരുന്ന ആളുകളുടെ രാഷ്ട്രീയബോധ്യങ്ങളുമായി ഇവയെ തുലനം ചെയ്യാനോ അവരുടെ രാഷ്ട്രീയവുമായി സമീകരിക്കാനോ പറ്റില്ല. എന്നു വച്ച് സര്‍വകലാശാലകളില്‍നിന്ന് ഉയരുന്ന പുതിയ ചലനങ്ങളെയും മുദ്രാവാക്യങ്ങളെയും തള്ളിക്കളയണമെന്നോ അവഗണിക്കണമെന്നോ അല്ല പറയുന്നത്. അവയ്ക്കു വരുംകാല രാഷ്ട്രീയത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ നിശ്ചയമായും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."