നീലയീച്ച
ഈച്ചകളെ ഞാന്‍ വെറുക്കുന്നു. അതുണ്ടാക്കുന്ന മൂളക്കയൊച്ചയോട് പ്രത്യേകമായൊരു ഇഷ്ടക്കേടുണ്ട്. എമര്‍ജന്‍സി മുറിയിലാണ് എനിക്ക് ജോലി. രാത്രി വെളുത്ത ചുവരുകള്‍ക്കുള്ളില്‍ കാത്തിരിപ്പിന്റെ അര്‍ഥശൂന്യതയാണ്.
നൂറ് ഈച്ചകള്‍ എല്ലാംകൂടെ ഒരുമിച്ചാര്‍ക്കുന്നതു പോലെയായിരുന്നു അതിന്റെ മൂളക്കം. ഞാന്‍ ഈര്‍ഷ്യത്തോടെ എണീറ്റ് എന്റെ വെളുത്ത കോട്ടൂരി അതിനെ അടിച്ചു. അതു വീഴവെ ചവിട്ടാനാഞ്ഞു; അപ്പോള്‍ വര്‍ണശബളമായ വലിയൊരു ഈച്ചയാണ് അതെന്നു ഞാന്‍ മനസിലാക്കി. അതു രക്ഷപ്പെട്ടു പറന്നുപൊയ്‌ക്കൊള്ളട്ടെ എന്നുവച്ചു. ഞാനൊരു സ്ഫടികഗ്ലാസ് കൊണ്ടുവന്ന് അതിനെ കോട്ടുകൊണ്ടു തട്ടിനീക്കിനോക്കി. അതു വീണു. ഞാന്‍ അതിനുമുകളില്‍ ഗ്ലാസ് കമഴ്ത്തിവച്ചു. എന്നിട്ട് അതിലൂടെ അതിനെ വീക്ഷിച്ചു: വലിയൊരു ഈച്ച.
പാതി സ്ഫടികഗോളം കമഴ്ത്തിവച്ച് ഒട്ടിച്ചതുപോലത്തെ കണ്ണുകള്‍. ചലിക്കവെ ഗ്ലാസിലൂടെ അസംഖ്യം വര്‍ണങ്ങള്‍ വക്രീകരിക്കുന്നു. ശരീരത്തില്‍നിന്നു ചതുരങ്ങള്‍ എഴുന്നുനില്‍ക്കുന്നതു കാണാം. ചതുരംഗപ്പലകകളിലേതു പോലെ. കനംകുറഞ്ഞ പ്ലാസ്റ്റിക് പാളികള്‍ പോലുള്ള ചിറകുകള്‍ക്കുകീഴെ വര്‍ണങ്ങളുടെ അലകള്‍ അവ കട്ടിയുള്ള നീല കാന്തിയോടെ മിന്നിത്തിളങ്ങുന്നു.
രക്ഷപ്പെടാനുള്ള ശ്രമമെന്നോണം കുടുക്കിലടക്കപ്പെട്ട ഈച്ച ഓരോനിമിഷവും തുടരെത്തുടരെ കണ്ണാടിഭിത്തിയില്‍ ഇടിച്ചുകൊണ്ടിരുന്നു. പിന്നെ മറ്റൊരു ഭാഗത്തുനിന്ന്, അതുകഴിഞ്ഞ് വേറൊരു ഭാഗത്ത്. ഇങ്ങനെ നിലയ്ക്കാതെ ശ്രമിച്ചുകൊണ്ടിരുന്നു. ഈ ആവര്‍ത്തിച്ചുള്ള അനക്കം കണ്ട് താമസിയാതെ എനിക്കു മടുത്തു.
ഞാന്‍ ബോധംകെടുത്താന്‍ സാധാരണ നല്‍കാറുള്ള അനസ്‌തേഷ്യയുടെ മൂടി തുറന്നശേഷം ഗ്ലാസ് അല്‍പം പൊക്കി സ്‌പ്രേ അകത്തേക്കു ശക്തിയായി അടിച്ചു. എന്നിട്ട് ഗ്ലാസ് വീണ്ടും കമിഴ്ത്തി വച്ചു. ഈച്ച നിര്‍വാഹമില്ലാതെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നതു കണ്ടു; പിന്നെ ചലനങ്ങള്‍ നിലച്ച് അതു ചാകാന്‍ തുടങ്ങുന്നതുപോലെ തോന്നി.
പൊടുന്നനെയത് അടിവശം നീക്കി വട്ടത്തില്‍ കറങ്ങുവാന്‍ തുടങ്ങി. ശരീരത്തിന്റെ ഓരോ ചരിച്ചിലിലും സൂചിമൊട്ടിന്റെ വലിപ്പമുള്ള ഓരോ മുട്ടകള്‍ വീതം ഇടാന്‍ തുടങ്ങി. മഞ്ഞകലര്‍ന്ന മൃദുലമായ വെളുത്തമുട്ടകള്‍. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്. പിന്നെയതു നിശ്ചലമായി.
(മുഹമ്മദ് മഖ്‌സഞ്ജി: 1950ല്‍ ഈജിപ്തിലെ മന്‍സൂറയില്‍ ജനിച്ചു. റഷ്യയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മെഡിക്കല്‍ പ്രാക്ടീസ് ഉപേക്ഷിച്ചു സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. കുവൈത്തില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അറബി മാഗസിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ജീവിതസമസ്യകള്‍ പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ കൊച്ചുകഥകള്‍ ഏറെ പ്രശസ്തമാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."