ജ്ഞാനം കുടിയിരുന്ന തപോവനം
ചില യാത്രകള്‍ ആത്മാവുകൊണ്ടുള്ള അലച്ചിലാണ്. സഞ്ചാരത്തിന്റെ നിഗൂഢമായ അനുഭൂതിയും ആനന്ദവും വന്നുതൊടുന്ന അലച്ചിലുകള്‍. ജ്ഞാനത്തിന്റെ മൗനമുറഞ്ഞു നില്‍ക്കുന്ന കുടജാദ്രിയിലേക്കുള്ള ഞങ്ങളുടെ യാത്ര അത്തരത്തിലൊന്നായിരുന്നു. ചില ദേശങ്ങളുടെ ചരിത്രവും ആത്മീയതയും സംസ്‌കാരങ്ങളുമൊക്കെ നമ്മളറിയാതെ നമ്മുടെ ബോധാബോധങ്ങളിലേക്ക് ആണ്ടിറങ്ങിക്കൊണ്ടേയിരിക്കും. അദൃശ്യമായൊരു ശക്തി വന്നു വിളിച്ചിറക്കിക്കൊണ്ടു പോവും അങ്ങോട്ട് നമ്മെ.
ഇക്കഴിഞ്ഞ വേനലിന്റെ അതികാഠിന്യത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം കര്‍ണാടകയിലെ സഹ്യപര്‍വത നിരകളില്‍ 1,343 മീറ്റര്‍ ഉയരമുള്ള കുടജാദ്രിയിലേക്കു പുറപ്പെട്ടത്. മംഗളൂരുവില്‍നിന്ന് 147 കിലോമീറ്ററാണ് കുടജാദ്രിയിലേക്ക്. നാലുപേരടങ്ങുന്ന സംഘം കോഴിക്കോട്ടുനിന്ന് യാത്ര തിരിക്കുമ്പോള്‍ പകല്‍ കിരണങ്ങള്‍ ഉന്മാദത്തോടെ പെയ്യുകയാണ്. ഉഷ്ണം പെയ്തു കിടക്കുന്ന വംഗനാടിന്റെ ഇരുണ്ടപാതകളിലൂടെ കാറ് ചീറിയകലുമ്പോള്‍ ഇടക്കൊക്കെ വരള്‍ച്ചയുടെ മുരള്‍ച്ചയിലും പേടികൂടാതൊഴുകുന്ന നദികളും, വേനല്‍ വിഴുങ്ങിയ നഗരങ്ങള്‍ക്കിടയിലെവിടെയോ തലനീട്ടി നില്‍ക്കുന്ന പച്ചപ്പിന്റെ കാന്തിയും ഹൃദയപാളികളില്‍ യാത്രയുടെ സുഖം നിറക്കുന്നുണ്ട്. പാതിമലയാള നഗരമായ മംളൂരുവിന്റെ നഗരാതിര്‍ത്തികള്‍ താണ്ടിയ പാതിരാത്രിയില്‍ ദേശീയ പാതക്കോരം ചാരിയുള്ളൊരു സാധാരണ ലോഡ്ജിലെ പാറാവുകാരനെ കവാടം കുലുക്കി വിളിച്ചുണര്‍ത്തി.
കൊല്ലൂര്‍ മൂകാംബികയ്ക്കു ചാരെ
പുലരിയുടെ പ്രഭാവെട്ടം നിലം തൊടുന്നതിനു മുമ്പേ കര്‍മ്മങ്ങളെല്ലാം നിര്‍വഹിച്ച് മുറിയും കാലിയാക്കി ഞങ്ങള്‍ യാത്ര തുടങ്ങിയിരുന്നു. കുന്താപുരവും പിന്നിട്ട് കൊല്ലൂരിലെ മൂകാംബികാക്ഷേത്രത്തിന്റെ കവാടം കണ്ണില്‍ തെളിയാന്‍ തുടങ്ങുമ്പോള്‍ ഒരാത്മീയ യാത്രയുടെ സൗന്ദര്യം മനസിനെ വലയംവയ്ക്കാന്‍ തുടങ്ങും. ഇന്ത്യയുടെ നാനാദിക്കില്‍നിന്നുമുള്ള തീര്‍ഥാടകരുടെ പ്രവാഹമാണവിടെ. അവരിലേറെയും മലയാളികള്‍ തന്നെ. നഗരപുരോഗതിയുടെ മുറിവുകളേറ്റു വാങ്ങി നീറിപ്പുകഞ്ഞു കിടക്കുന്ന തെരുവുകളും പാതയോരങ്ങളും, വികസന വഴിയിലെ ചളിപ്പാടുകള്‍ ചവിട്ടി നടക്കുക നന്നേ പ്രയാസം. തീര്‍ഥാടക വാഹനങ്ങളുടെ തിക്കും തിരക്കും കാരണം വീര്‍പ്പുമുട്ടുന്ന ഈ ക്ഷേത്രനഗരം വിശുദ്ധിയുടെ പട്ടണിഞ്ഞ് ആത്മീയതയുടെ പ്രസാദവും പേറിനില്‍പ്പാണ്.
കുടജാദ്രി മലനിരയുടെ താഴ്‌വരയെ ചുംബിച്ചൊഴുകുന്ന സൗപര്‍ണികയുടെ കുഞ്ഞോളങ്ങളോട് കിന്നാരം പറഞ്ഞു തന്നെ കാണാനെത്തുന്ന ഭക്തജനലക്ഷങ്ങളെ കാത്തിരിക്കുകയാണിവിടെ മൂകാംബികാ ദേവി. മൂകസ്വരൂപിയായ കംഹാസുരനെ നിഗ്രഹിച്ചതിനാലാണ് ദേവി മൂകാംബികയായത്. വിശ്വം പടര്‍ന്ന് കയറിയ കാലടിയുടെ അവദൂതന്‍ ശങ്കരാചാര്യരാണ് ഇവിടത്തെ പൂജാകര്‍മങ്ങള്‍ ചിട്ടപ്പെടുത്തിയത്. മതജാതി വൈജാത്യങ്ങള്‍ക്കപ്പുറത്തെ ആത്മീയ തപസിന്റെ കേതാരമാണ് മൂകാംബികാദേവിയുടെ സന്നിധാനം. അക്ഷരങ്ങളോടും കലയോടും വേണ്ടുവോളം സ്‌നേഹമുണ്ടത്രെ മൂകാംബികയിലെ ദേവിക്ക്. അതുകൊണ്ടാണല്ലോ കേരളത്തിലെ 'സാംസ്‌കാരിക തൊഴിലാളികള്‍' മൂകാംബികയിലേക്ക് തീര്‍ഥയാത്ര നടത്തുന്നത്. ധനസമ്പാദനത്തിനും ശത്രുസംഹാരത്തിനും തെരഞ്ഞെടുപ്പ് വിജയത്തിനും ദേവി വരം കൊടുക്കാത്തത് എത്രയോ നന്നായെന്നു ക്ഷേത്രമുറ്റത്തെ ആള്‍ത്തിരക്കിനിടയില്‍ ചിന്തയുടെ കനം പേറിനില്‍ക്കുമ്പൊഴെപ്പോയോ മനസ് മന്ത്രിച്ചു.
അതീവസുന്ദരിയായ ദേവിയെ കുടിയിരുത്തിയ കൊല്ലൂരിലെ ക്ഷേത്രത്തിന് ആധ്യാത്മികതയുടെ അതിവൈവിധ്യമില്ലെങ്കിലും മനസുനിറയും, ചുറ്റുപാടുകളിലെ കാഴ്ചകളും അനുഭവങ്ങളും കൊണ്ട്. കൊല്ലൂരിലെ ക്ഷേത്രത്തില്‍ ദേവിയെ പ്രതിഷ്ഠിച്ചതിനു പിന്നിലൊരു വിചിത്രമായ ഐതിഹ്യമുണ്ട്. ദേവിയെ കേരളത്തിലേക്കു കൊണ്ടുവരാനാണ് മഞ്ഞും മൗനവുമുറഞ്ഞ കുടജാദ്രിയുടെ കുന്നിന്‍മുകളില്‍ ജ്ഞാനത്തിന്റെ സൗന്ദര്യോപാസകന്‍ ആദിശങ്കരന്‍ തപസിരുന്നത്. കാലാതീതമായ ആത്മീയമൗനത്തിനൊടുവില്‍ ലൗകിക ചേഷ്ടകളോട് ഒട്ടും പ്രണയമില്ലാത്ത ശങ്കരനു മുന്‍പില്‍ ദേവി ദിവ്യശോഭയായവതരിച്ചു. കര്‍മോദ്ദേശ്യം അരുളിയ ആദിശങ്കരനോട്, വരാം നിന്റെ കൂടെ പക്ഷെ ഒരുപാധിയുണ്ട്, ലക്ഷ്യമെത്തുന്നതുവരെ എന്നെ തിരിഞ്ഞുനോക്കരുതെന്നു പറഞ്ഞു ദേവി. കുടജാദ്രിയുടെ കല്ലും മേടും അംബാവനത്തിന്റെ ഇരുളും കടന്ന് ശങ്കരന്റെ പിന്നാലെ വന്ന ദേവിയുടെ കാല്‍ചിലമ്പൊലി നാദം നിലച്ചപ്പോള്‍ മനസു പിടഞ്ഞ ശങ്കരനൊന്ന് തിരിഞ്ഞു നോക്കിയത്രെ. ദേവിയുടെ പരീക്ഷണത്തില്‍ മനസു പതറി ഉപാധി ലംഘിച്ചതില്‍ പിന്നെ ഇനി മുന്നോട്ടില്ലെന്ന് ശങ്കരാചാര്യരോട് തീര്‍ത്തുപറഞ്ഞുവത്രെ ദേവി. എന്നാണോ മലയാളികള്‍ ഇല്ലാത്തൊരു ദിനം എന്നിലാഗതമാകുന്നത് അന്ന് ഞാന്‍ പുറപ്പെട്ടുവരാമെന്നു വാക്കാല്‍ ഉറപ്പും നല്‍കി. അവിടെയാണ് കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തിന്റെ ആദ്യശില പാകിയത്. അന്നുമുതലിന്നോളം മലയാളികളില്ലാത്ത ഒരു ദിനം പോലും ദേവിയെ കടന്നുപോയില്ല.
മുകാംബികാക്ഷേത്രത്തിന്റെ മുറ്റത്ത് നിന്ന് അങ്ങു മുകളിലേക്കു നോക്കിയാല്‍കാണാം കുടജാദ്രിമലയുടെ മേല്‍തലപ്പ്. അകമേയൊരു സ്വപ്നമായുറഞ്ഞു കിടക്കുന്ന കൊടുമുടി, അവിടെയനുഭവിക്കാന്‍ പോവുന്നതിനെക്കുറിച്ച് ഉള്ളിലൊരു ധാരണയുമില്ലെങ്കിലും എന്തോ ഒരു നിര്‍വൃതിയുടെ മഞ്ഞുകട്ട വന്നാലിംഗനംചെയ്യുന്നു. അങ്ങു ദൂരെ ആ മലഞ്ചെരുവിനെ കുറിച്ചു കേട്ട കഥകളൊരുപാടുണ്ട്, കവിതകളതിലേറെ. ആരൊക്കെയോ എഴുതിയ കുറിപ്പുകളിലൂടെ അംബാവനത്തിന്റെ ഇരുള്‍മാറിലൂടെ ദിക്കറിയാതെ ഞാനും കയറിയിട്ടുണ്ടാ കുന്നുകള്‍. ഉന്മാദിയുടെ അലച്ചിലാണു ചില സഞ്ചാരങ്ങളെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
കുടജാദ്രിയിലെ ജാലക്കാഴ്ചകള്‍
കൊല്ലൂരില്‍നിന്ന് നാല്‍പത് കിലോമീറ്ററുണ്ട് കുടജാദ്രിയിലേക്ക്. ഷിമോഗയിലേക്കുള്ള ബസിനു കയറിയാല്‍ നെട്ടൂരും കഴിഞ്ഞ് കാരഗട്ടെയിലിറങ്ങി അംബാവനം പുണര്‍ന്ന് പത്ത് കിലോമീറ്ററോളം നടന്ന് കയറാം മൗനം കൂടുകൂട്ടിയ മല മുടിയിലേക്ക്. അല്ലെങ്കില്‍ കൊല്ലൂരില്‍നിന്ന് ജീപ്പുണ്ട്. പാറക്കെട്ടുകളും ഉരുളന്‍കല്ലുകളും ഇളകിയ മണ്‍പുറ്റുകളും മുള്‍വിരിച്ച മലമ്പാതകളും താണ്ടി ജീപ്പ് മുരണ്ട് കയറും നമ്മളെയും കൊണ്ട്. ക്ഷേത്ര ചുറ്റുപാടുകളിലെ തിക്കിമുട്ടലുകള്‍ക്കിടയിലൂടെ ജീപ്പ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ ആചാരങ്ങളും ആത്മീയതയും വില്‍പനയ്ക്കു വച്ച തെരുവ് ധ്യാനത്തിന്റെ പുതപ്പണിഞ്ഞു നിശബ്ദം മന്ത്രിക്കുന്നതെന്താണാവോ...
കൊല്ലൂരിലെ ജീപ്പ് സ്റ്റാന്‍ഡില്‍നിന്ന് ചെറുപ്പക്കാരനായ വെങ്കിടേഷിനെയും കൊണ്ടു ഞങ്ങള്‍ കുടജാദ്രിക്കുന്നുകളിലേക്കു യാത്ര തിരിച്ചു. മലയാളം കൊത്തിയെടുക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും വെങ്കിടേഷ് കുടജാദ്രിയുടെ ചരിത്രവും വര്‍ത്തമാനവും കെട്ടഴിക്കാന്‍ തുടങ്ങി. ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടുന്ന ഇതുപോലത്തെ നൂറോളം ജീപ്പുകളുണ്ടിവിടെ. നഗരപാതയിലെ മുറിപ്പാടുകള്‍ കയറിയിറങ്ങി ജീപ്പ് കുതിക്കുകയാണ്. ഇരുപാര്‍ശ്വങ്ങളിലും വെയില്‍ വീണുകിടക്കുന്ന കാര്‍ഷികഭൂമികളെ വകഞ്ഞുമാറ്റി. നീണ്ടു പരന്നുകിടക്കുന്ന വരണ്ട പറമ്പുകള്‍ക്കിടയിലെപ്പോഴോ ഋതുക്കള്‍ ഇലപൊഴിച്ച മരങ്ങള്‍ എഴുന്നേറ്റു നില്‍പ്പുണ്ട്. മണ്ണുമാന്തിയന്ത്രങ്ങളുടെ പല്ലുകളാഴ്ന്നിറങ്ങിയ കുന്നുകള്‍ വിധിയേല്‍പ്പിച്ച പോറലുകള്‍ പുറത്തു കാട്ടി കരയുന്നുണ്ടോ. പാറക്കെട്ടുകള്‍ വലിഞ്ഞു കയറാന്‍ തുടങ്ങുന്ന കാട്ടുപാതകള്‍ക്ക് മുന്‍പേയുള്ള സാമാന്യം ഭേദപ്പെട്ടൊരു അങ്ങാടിയാണ് നെട്ടൂര്‍. മധ്യാഹ്ന വെയില്‍ ആഞ്ഞുപതിക്കുന്ന അന്നേരവും ജനനിബിഢമാണീ ഉള്‍പട്ടണം.
കുടജാദ്രിയിലേക്കുള്ള സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹമാണതിലൂടെ. പോകുന്നവരിലധികവും നെട്ടൂരിലൊന്നു നിര്‍ത്തും. കുടിക്കാനും കൊറിക്കാനും വേണമെങ്കില്‍ കഴിക്കാനും എന്തെങ്കിലുമൊക്കെ വാങ്ങും. ശബ്ദായമാനമായ നിരത്തിലൂടെ വെറുതെ അലഞ്ഞുനടക്കുമ്പോഴാണ് കൃഷ്‌ണേട്ടനെ പരിചയപ്പെട്ടത്. എഴുപതിനു മുകളില്‍ പ്രായംകാണും. പുള്ളിക്കാരന്‍ അടുത്തു വന്നിട്ടു നാട്ടിലെവിടെയാണെന്നു പച്ചമലയാളത്തില്‍ ചോദിച്ചപ്പോള്‍ എവിടൊക്കെ അറിയുമെന്ന എന്റെ കടന്നാക്രമണത്തില്‍ കയറി വര്‍ത്തമാനമായിരുന്നു പിന്നെ. 40 കൊല്ലം മുന്‍പ് കോതമംഗലത്തുനിന്നു കുടിയേറിയതാണിങ്ങോട്ട്. ഇവിടത്തെ ആദ്യ മലയാളി കുടിയേറ്റക്കാരന്‍. എട്ടേക്കര്‍ നിലം വാങ്ങി കൃഷിയിറക്കിയാണ് അന്നുമുതല്‍ അതിജീവനം. അഞ്ചു പെണ്‍മക്കളില്‍ മൂന്നെണ്ണവും നെട്ടൂരില്‍ വന്നതിനുശേഷം പിറന്നവര്‍. എല്ലാവരെയും കെട്ടിച്ചയച്ചു. ഇടക്കൊന്നു നാട്ടിലൊക്കെ പോയിവരും. സംസാരം ഒഴുകിപ്പരക്കുന്നതിനിടെ കൃഷ്‌ണേട്ടനുള്ള ബസ് വന്നു. എന്നാ ഞാനീ ബസിനു പോവാന്നും പറഞ്ഞ് അദ്ദേഹം ബസിലേക്ക് ഓടിക്കയറി. ഇങ്ങനെ നൂറുക്കണക്കിനു കുടിയേറ്റക്കാരുടെ കഥ പറഞ്ഞുതരും ഓരോ യാത്രകളും.
നെട്ടൂര്‍ കഴിഞ്ഞാല്‍ പിന്നെ കുടജാദ്രിയിലേക്കുള്ള ജീപ്പുയാത്ര അതിസാഹസികമാണ്. ഓഫ് റോഡ് ഡ്രൈവിങ് എന്നു പറഞ്ഞാല്‍ ഇങ്ങനെ വേണം. കുണ്ടും കുഴിയും കുന്നും കയറിയിറങ്ങുന്ന ജീപ്പിന്റെ ചക്രപ്പല്ലുകള്‍ക്കൊത്ത് ഉള്ളിലെ യാത്രക്കാരന്റെ മനസും ശരീരവും ആടിയുലയും. കാട്ടുപാതകളിലെ ഉരുളന്‍ക്കല്ലുകള്‍ക്കിടയിലൂടെയും കരിങ്കല്‍ക്കൂട്ടത്തിലൂടെയും ജീപ്പ് മൂളിമുരുണ്ടു നീങ്ങുമ്പോള്‍ ഹൃദയത്തിന്റെ മിടിപ്പ് നിലച്ചുപോവും. ശ്വാസനിശ്വാസങ്ങളുടെ സംഗീതം പോലും നിശ്ചലമാകും. അംബാവനത്തിന്റെ ഹൃദയം തുളച്ചു കടന്നുപോകുന്ന കാട്ടുപാതകളില്‍നിന്നു വശങ്ങളിലേക്ക് കണ്ണെറിഞ്ഞാല്‍ ഇല പൊഴിഞ്ഞ മരങ്ങള്‍ക്കിടയിലൂടെ കുടജാദ്രി പല ഭാവങ്ങളില്‍ റെറ്റിനയിലേക്കു വിരുന്നുവരും. മനസില്‍ മഞ്ഞുപൊടിയുന്ന ദൂരക്കാഴ്ചകള്‍ അടുത്തടുത്ത് വരുമ്പോള്‍ അനീര്‍വചനീയമായൊരനുഭൂതി നമ്മെ ചുറ്റിവരിയും. കാമിനിയുടെ ദൃഢമായ കരവലയം പോലെ നേര്‍ത്ത സുഖമുറഞ്ഞ ശീതള സാന്നിധ്യം. ജീപ്പില്‍ നിന്നിറങ്ങി മലമുകളിലേക്കു നടക്കാന്‍ തുടങ്ങിയ ഞങ്ങളെ തൊട്ടുരമ്മി കടന്നുപോയ കാറ്റിന് ഉച്ചവെയില്‍ ഉഗ്രമായി വര്‍ഷിച്ചുകൊണ്ടിരിക്കുമ്പോഴും എന്തോ ഒരാത്മീയ സ്പര്‍ശം.
കുടജാദ്രി അറിവല്ല, അനുഭവമല്ല, അനുഭൂതിയാണ്. വിസ്മയാഭിഷേകം തീര്‍ക്കുന്ന അനുഭൂതി. ജീവിതത്തിലൊരിക്കെലെങ്കിലും പ്രകൃതിയുടെ മാറിലിങ്ങനെ എല്ലാം മറന്ന് അലിഞ്ഞില്ലാതാവണം. അകലെ കുന്നിന്‍മറവില്‍നിന്നു തൂവാല പോല്‍ പാറിവരുന്ന മേഘക്കീറില്‍ സൗന്ദര്യത്തിന്റെ സൂത്രവാക്യമുണ്ട്. മുഖം ചുംബിച്ച് നനച്ച മഞ്ഞിലുമുണ്ടു പ്രണയാര്‍ദ്രമായ പ്രകൃതിയുടെ ലാസ്യഭാവം. വള്ളിപ്പടര്‍പ്പുകള്‍ കെട്ടിപ്പുണര്‍ന്നു തൂങ്ങിക്കിടക്കുന്ന, കാലചക്രങ്ങളുടെ തേയ്മാനം ബാധിച്ച മിനുസമേറിയ ചരല്‍ക്കല്ലുകള്‍ പാകിയിട്ടതുപോലുള്ള ഇടവഴിയിലൂടെ കാടിന്റെ സംഗീതം നുകര്‍ന്ന്, പക്ഷിപ്പാട്ടുകള്‍ സാകൂതം കേട്ട്, മേഞ്ഞുനടക്കുന്ന മഞ്ഞുപുകകളെ എത്തിപ്പിടിക്കാന്‍ ശ്രമിച്ചു ഗണപതി ഗുഹയിലേക്കു നടന്നു. ചുറ്റും അംബാവനം പച്ചപുതച്ചു കിടക്കുന്നു. ഇനിയും അജ്ഞാതമായ അറിവിന്റെ താക്കോല്‍സൂക്ഷിപ്പുകാരിയെപ്പോലെ. കല്‍ഗുഹാ മുഖത്തെത്തുമ്പോള്‍ പടരുന്ന മഞ്ഞിലും ശരീരം വിയര്‍ത്തിരുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന പൂജാരിയുടെ സാന്നിധ്യത്തില്‍ ആരതിയര്‍പ്പിക്കുന്നവരുടെ ചെറിയ തിരക്കുണ്ട്. ഇരുട്ട് കുത്തിക്കിടക്കുന്ന ഗുഹയുടെ കവാടം നന്നേ ചെറുതാണ്. കമഴ്ന്നു മണ്ണിനോടു പറ്റിപ്പിടിച്ച് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചവും ചാരി ഞാനകത്തേക്ക് നൂണ്ടുകയറി. വിശാലമായ ഗുഹാന്തരത്തില്‍ പേടി പുതഞ്ഞ ഉരുളന്‍ കല്ലുകള്‍. കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ പുറത്തുനിന്ന് സഹയാത്രികരുടെ ഭയം കലര്‍ന്ന പിന്‍വിളി. പുറത്തിറങ്ങിയ നേരം ഒരു നിമിഷം കണ്ണിലിരുട്ട് കയറിയതു പോലെ.
പിന്നീട് നടന്നുകയറിയത് സര്‍വജ്ഞപീഠത്തിലേക്ക്. നടത്തമേല്‍പ്പിച്ച തളര്‍ച്ചയകറ്റാന്‍ നെട്ടൂര്‍കാരനായ ബാല്യകാരന്‍ ഗോപിയുടെ സംഭാരം. സംഭാരപ്പെട്ടിയും തലയില്‍ ചുമന്ന് ഈ പതിനഞ്ചുകാരന്‍ ദിനേന 20 കിലോമീറ്റര്‍ മല കയറിയിറങ്ങുന്നു. കോടമഞ്ഞിനാല്‍ ആലിംഗനഭദ്രമായി കിടപ്പാണു സര്‍വജ്ഞാനപീഠം. അകലെക്കാഴ്ചകളില്‍ ഒന്നും തെളിഞ്ഞിരുന്നില്ല. അടുക്കുംതോറും മനുഷ്യസാന്നിധ്യത്തിന്റെ മര്‍മരമറിഞ്ഞു. സര്‍വജ്ഞപീഠത്തിനു വശം മാറി ധ്യാനത്തിലിരിക്കുന്ന വിദേശ വനിതകള്‍ പരിസരബന്ധം മുറിഞ്ഞ് അലൗകികമായ ലോകത്ത് വിഹരിക്കുകയാണെന്നു തോന്നി. അവിടെ നില്‍ക്കുമ്പോള്‍ കാലടിയില്‍നിന്ന് കാശ്മീരത്തോളം പടര്‍ന്നുകയറിയ അവധൂതനെ മനസില്‍ കണ്ടു. അദ്വൈതമന്ത്രങ്ങള്‍ക്കു യുക്തിസഹമായ പുനരവതാരം നല്‍കിയ ദാര്‍ശനികന്റെ ഏകാഗ്രതീക്ഷണമായ തപസിനാല്‍ തപം ചെയ്ത മണ്ണില്‍ കാലൂന്നി നില്‍ക്കുമ്പോള്‍ അമ്മയുടെ കാല്‍ക്കീഴിലര്‍പ്പിച്ച ജ്ഞാനത്തിന്റെ ആ വിസ്‌ഫോടനത്തെ വണങ്ങാതിരിക്കാനാവുമോ.
സര്‍വജ്ഞപീഠത്തിനു പിറകിലൂടെ കുന്നിറങ്ങി വേണം ചിത്രമൂലയിലെത്താന്‍. ദേഹ ചടുലതയും മനക്കട്ടിയുമുണ്ടെങ്കിലേ അവിടേക്ക് അനായാസം നടക്കാനാകൂ. ആദിശങ്കരന്‍ തപസിരുന്നത് ഇവിടെയാണ്. കരിങ്കല്‍ പിളര്‍ന്നുണ്ടായ ഒരു ഗുഹയുണ്ടവിടെ. അവിടെയാണ് കുടജാദ്രിയുടെ കാഴ്ചകളവാസാനിക്കുന്നത്. അംബാവനം പീലിവിടര്‍ത്തി നല്‍കുന്ന കാഴ്ച ചേതോഹരം. ചില്ലു പോലിറ്റി വീഴുന്ന തെളിനീരിലൊന്നു മുഖം ചേര്‍ത്തുവച്ചാല്‍ ഈ മലകയറ്റത്തിന്റെ നിര്‍വൃതിയായി. ഈ കാടിന്റെ ഗര്‍ഭത്തില്‍നിന്നാണ് സൗപര്‍ണികാ നദിയുടെ നീരൊഴുക്ക് തുടങ്ങുന്നത്. പുണ്യനദിയാണ് സൗപര്‍ണിക. സുപര്‍ണന്‍ തന്റെ മാതാവിന്റെ സങ്കട മോക്ഷാര്‍ഥം തപസിരുന്നത് ഈ നദിക്കരയിലാണ്. തപസില്‍ സന്തുഷ്ടയായ ദേവിയോട് സുപര്‍ണന്റെ ആവശ്യമായിരുന്നു ഈ നദി തന്റെ പേരിലറിയപ്പെടുക എന്നത്. ഇരുള്‍വനങ്ങള്‍ താണ്ടി, ഔഷധക്കൂട്ടങ്ങള്‍ കടന്ന് ഒഴുകിവരുന്ന സൗപര്‍ണികയിലെ സ്‌നാനം സര്‍വരോഗ നിവാരിണിയാണെന്നു കരുതിപ്പോരുന്നു.
ചിത്രമൂലയിലെ കാഴ്ചകളില്‍നിന്നു തിരിഞ്ഞു നടക്കുമ്പോഴും പാറിയകലുന്ന കോടമഞ്ഞിലേക്കു മനസു ചായുന്നുണ്ട്. സായാഹ്നം കുടജാദ്രിയുടെ മായാജാലമാണ്, അനുഭവിക്കണം അതിന്റെ ജാലം. കഥ പറയുന്ന മാമലകളോടു വിടപറഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ കാടിന്റെ പച്ചപ്പിനുമേല്‍ സന്ധ്യ പരക്കാന്‍ തുടങ്ങിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."