മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ മെഗാസ്റ്റാര്‍
മൂന്നാംപിറ എന്ന തമിഴ് ചിത്രത്തിലെ കണ്ണൈ കലൈമാനെ.. എന്നു തുടങ്ങുന്ന വരികള്‍ ട്വീറ്റ് ചെയ്താണ് ശ്രീവേദി വിടവാങ്ങിയെന്ന വാര്‍ത്തയോട് കമലഹാസന്‍ പ്രതികരിച്ചത്. ഈ ചിത്രത്തില്‍ ഇവര്‍ നായികാ നായകന്‍മാരായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ ആദ്യ മെഗാസ്റ്റാര്‍ വനിതയായിരുന്നു ശ്രീദേവി. അഭിനേത്രിയെന്നതിനുപുറമേ, അവരിലേക്ക് കൊത്തിവലിക്കുന്ന ഏതോ മാന്ത്രിക ശക്തിയാണ് ആരാധകര്‍ തിരിച്ചറിയുന്നത്. ഹൃദയഭേദകമായ രംഗങ്ങളില്‍ കണ്ണുകളെ ഈറനണിയിച്ച് അഭിനയിച്ച് തകര്‍ക്കുന്ന ശ്രീദേവി, നര്‍മ മുഹൂര്‍ത്തങ്ങള്‍ തന്‍മയത്വത്തോടെ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ച ആദ്യ വനിതാ നായിക കൂടിയാണ്. ഇന്ത്യന്‍ മെറില്‍ സ്ട്രീപ് എന്നും ജപ്പാനിലെ വനിതാ രജനീകാന്തെന്നും വരെ ശ്രീദേവിക്ക് വിളിപ്പേരുകളുണ്ടെന്നതും ഇപ്പോള്‍ രഹസ്യമല്ല.
തമിഴിനു പുറമേ, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ കഴിവു തെളിയിച്ച ശ്രീദേവി ഒന്നരപതിറ്റാണ്ട് ബോളിവുഡിന്റെ അവിഭാജ്യഘടകമായിരുന്നു. ചാന്ദ്‌നി, നാഗിന, മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രീദേവി ബോളിവുഡിനെ ത്രസിപ്പിച്ചു.
മലയാളികളുടെയും സ്വന്തമായിരുന്നു ശ്രീദേവി. 1971ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ഏറ്റവും നല്ല ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി നേടിയ ശ്രീദേവി, ജയലളിതയോടൊപ്പം ആദി പരാശക്തി ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളിലും അഭിനയിച്ചു. 1969ല്‍ നാലുവയസില്‍ അഭിനയത്തികവ് തെളിയിച്ച തുണൈവന്‍ എന്ന തമിഴ് ചിത്രമാണ് ശ്രീദേവിയെ അഭ്രപാളികള്‍ക്ക് പരിചയപ്പെടുത്തിയത്.
രജനിക്കും കമലിനുമൊപ്പം അഭിനയിച്ച 1976ലെ മൂന്‌റ് മുടിച്ച് ആണ് നായികയായുള്ള ആദ്യ രംഗപ്രവേശം. ബോളിവുഡില്‍ രജനിക്കൊപ്പം ചെയ്ത ഛാല്‍ബാസും കമലിനൊപ്പം ചെയ്ത സദ്മയും ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു. നൈനോം മേം സപ്‌ന, നിഗായേന്‍, ഹവാഹവായി തുടങ്ങിയ ഗാനങ്ങള്‍ അവരെ ഹിന്ദി സിനിയുടെ ഓര്‍മത്തിരകളിലെഴുന്നള്ളിക്കുന്നു. മൂന്റാം പിറൈ, 16 വയതിനിലെ, മീന്‍ഡും കോകില, ജോണി എന്നിവ ശ്രീദേവിക്ക് തിലകം ചാര്‍ത്തുന്ന ചിത്രങ്ങളായിരുന്നു. ബാലചന്ദറിനും ബാലുമഹേന്ദ്രയ്ക്കും ഭാരതിരാജയ്ക്കും തങ്ങളുടെ ചിത്രങ്ങളിലെ നായികയെ തേടി മറ്റെവിടെയും പോകേണ്ടിവന്നിട്ടുമില്ല.
നടനും നിര്‍മാതാവുമായ ബോണികപൂറിനെ വിവാഹം ചെയ്തതോടെ 1996ല്‍ സിനിമാ ജീവിതത്തില്‍ നിന്നുവിടപറഞ്ഞ ശ്രീദേവിയുടെ രണ്ടാംവരവ് 15 വര്‍ഷത്തിനുശേഷം 2012ല്‍ സൂപ്പര്‍ ഹിറ്റായ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുലിയില്‍ അഭിനയിച്ച അവര്‍ കഴിഞ്ഞ വര്‍ഷം മോം എന്ന ത്രില്ലര്‍ ചിത്രവും ചെയ്തു. ഇത് ശ്രീദേവിയുടെ 300ാമത് ചിത്രമാണ്. ഷാരൂഖ് ഖാനൊപ്പം സീറോ എന്ന ചിത്രമാണ് ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രമായി പുറത്തുവരാനിരിക്കുന്നത്.
ശ്രീദേവി വെള്ളിത്തിരയില്‍ നിന്നു മാറിനിന്ന 15 വര്‍ഷം ആസ്വാദക ലോകത്തിന്റെ നഷ്ടമായിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങളായ ജാന്‍വിക്കും ഖുശിക്കും താങ്ങായി, ജീവിതയാത്രയിലായിരുന്നു അവര്‍.
ആ അഭിനേത്രിയുടെ അഭിനയത്തികവിന് രാജ്യം നല്‍കിയ പ്രത്യുപകാരമായിരുന്നു പത്മശ്രീ. 2013ല്‍ ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയില്‍ അവര്‍ക്ക് ജനങ്ങള്‍ കല്‍പിച്ചു നല്‍കിയത് 100 വര്‍ഷത്തിനിടയിലെ ഏറ്റവും നല്ല നടിയെന്ന വിശേഷണമാണ്.
ശിവകാശിയിലെ കാതടപ്പിക്കുന്ന, കണ്ണിന് ഇമ്പം പകര്‍ന്ന് വാനില്‍ പൊട്ടി വിരിയുന്ന കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് സമാനമായിരുന്നു അവിടെ ജന്‍മം കൊണ്ട ശ്രീദേവിയുടെ ജീവിതവും. തമിഴ് പിതാവിനും തെലുങ്ക് മാതാവിനും മകളായി പിറന്ന് 54ാമത്തെ വയസില്‍ നക്ഷത്ര തിളക്കമായി മിന്നിപ്പൊലിഞ്ഞ ശ്രീദേവി ആരാധക ഹൃദയങ്ങളില്‍ എന്നും മല്ലികപ്പൂ സുഗന്ധം വിടര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."