ലോകം കാണാതെപോയ കിഴക്കന്‍ ഗൗഥയിലെ ദുരന്തം
സിറിയയില്‍ ബഷാറുല്‍ അസദ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വന്തം ജനതക്കെതിരേ നടത്തുന്ന രൂക്ഷമായ ആക്രമങ്ങള്‍ക്ക് അറബ് വസന്തത്തോളം പഴക്കമുണ്ട്. ഏകാധിപതിയായ ബഷാറുല്‍ അസദിനെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് ഏറ്റവും ശക്തിയോകിയ ഇടം കിഴക്കന്‍ ഗൗഥയായിരുന്നു. ഇവിടെ കഴിഞ്ഞ ഞാറാഴ്ച തുടങ്ങിയ ഏകപക്ഷീയ ആക്രമങ്ങള്‍ ഇതുവരെ അറുതിവന്നിട്ടില്ലെന്ന് മാത്രമല്ല, ലോകം ഈ കൊടും അക്രമങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതല്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍വരെ ഈ കണ്ണടക്കലില്‍ പങ്കാളികളാണ്.
അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവയ്പുണ്ടായപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ദിവസങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ഗൗഥയില്‍ നൂറ് കണക്കിന് ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തിയിട്ടും ഒന്നാം പേജില്‍ സിങ്കിള്‍ വാര്‍ത്ത മലയാള മാധ്യമങ്ങള്‍ നല്‍കിയില്ലന്നത് വസ്തുതയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അക്രമങ്ങളില്‍ പരുക്കേല്‍ക്കുന്ന വാര്‍ത്തക്ക് നല്‍കുന്ന പ്രധാന്യം പോലും സിറിയയിലെ ഈ ദുരന്തത്തിന് നല്‍കിയില്ല.
വാര്‍ത്താ മൂല്യമില്ലെന്നാണ് മറുപടിയെങ്കിലും മനുഷ്യ ജീവന് നല്‍കുന്ന പ്രധാന്യങ്ങളിലെ വിവേചനമാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള അവഗണനകളാണ് അവികസിത രാഷ്ട്രങ്ങളില്‍ അക്രമകാരികളായ ഭരണാതികരികള്‍ തുടരുന്നതിന് കാരണമാവുന്നത്.
യു.എന്‍ അടക്കമുള്ള സംഘടകള്‍ക്കും മുസ്‌ലിം രാഷ്ട്രങ്ങളുടെ കുത്തകയേറ്റെടുക്കാന്‍ ശ്രമിക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കും ഇന്ന് ഗൗഥയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തില്‍ പങ്കാളികളാണ്. സിറിയയെ പിന്തുണച്ച് കൊണ്ടോ എതിരളികള്‍ക്ക് സഹായം നല്‍കിയോ മിക്ക അറബ് രാഷ്ട്രങ്ങളും സിറിയന്‍ പ്രതിസന്ധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ഗൗഥയെ ഭൂമിയിലെ നരകമെന്ന് യു.എസ് സെക്രട്ടറി ജനറല്‍ വിശേഷിപ്പിച്ചത് കൊണ്ടോ രക്ഷാസമിതിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്താലോ ഇതില്‍ നിന്ന് ഒഴിവാകില്ല. 2013ല്‍ കിഴക്കന്‍ ഗൗഥയില്‍ രാസ പ്രയോഗം നടത്തിയപ്പോള്‍ ശക്തമായ നടപടി സിറിയന്‍ സര്‍ക്കാരിനെതിരേ നടത്തിയിരുന്നെങ്കില്‍ ഈ ദുരന്തം ഇന്ന് സംഭവിക്കാല്ലായിരുന്നു.
അമേരിക്കക്കെതിരേ ഉത്തരകൊറിയന്‍ ഭീഷണി മുഴക്കിയപ്പോഴേക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ രക്ഷാ സമിതിയിലെ എല്ലാ രാജ്യങ്ങളും ഒന്നിച്ചു. കേവലം ഭീഷണി നടത്തിയപ്പോഴേക്ക് ഉപരോധത്താല്‍ ഉത്തരകൊറിയയെ വരിഞ്ഞു മുറുക്കാന്‍ യു.എന്നിന് സാധിച്ചെങ്കില്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ സിറിയക്കെതിരേ എന്നോ നടപടിയെടുക്കാമായിരുന്നു. വീറ്റോ പവറുള്ള റഷ്യ സിറിയയുടെ കൂടെയുണ്ടെന്നത് യു.എന്‍ നടപടിക്ക് തടസമാണെന്ന വാദമാണെങ്കില്‍ ഉത്തരകൊറിയക്കും ഈ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു.
റഷ്യ മാത്രമല്ല ചൈനയും ഉത്തരകൊറിയയെ പിന്തുണച്ചിരുന്നു. ഉത്തരകൊറിയയുടെ ടെക്‌സ്റ്റൈല്‍ ഇറക്കുമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് ചൈനയിലാണ്. ഉത്തരകൊറിയക്ക് എണ്ണയുള്‍പ്പെടെ നല്‍കുന്നത് റഷ്യയാണ്. മുസ്‌ലിം വിഷയങ്ങള്‍ വരുമ്പോള്‍ ശക്തിയുക്തം പ്രതികരിക്കുന്ന ഇറാന്റെ കാപട്യം ബഷാറിനെ പിന്തുണക്കുന്നതിലൂടെ കാണാനാവും. ഭൂരിപക്ഷം വരുന്ന സിറിയന്‍ സുന്നികളെ അടിച്ചമര്‍ത്തി ശീഈ ആശയക്കാരനായ ബഷാറിന് തുടര്‍ച്ചയായ ക്രൂരഭരണം തുടരാന്‍ സാധിക്കുന്നത് ഇറാന്റെ പിന്തുണയാണ്.
അയല്‍ രാജ്യമെന്നതിലുപരി സാധുയപരമായ പിന്തുണയും ഇറാന്‍ സുലഭമായി സിറിയക്ക് നല്‍കുന്നുണ്ട്. കിഴക്കന്‍ ഗൗഥയില്‍ ഇപ്പോള്‍ നടക്കുന്ന ക്രൂരത അവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.2013 മുതല്‍ ഉപരോധത്താല്‍ സര്‍ക്കാര്‍ നരക ജീവിതം അനുഭവിപ്പിക്കുന്ന ഗൗഥയില്‍ 400,000 പേര്‍ കുടങ്ങിക്കിടക്കാകയാണെന്നാണ് റിപ്പോര്‍ട്ട്.
മധ്യമങ്ങള്‍ മുഴുവനായും വിമത പ്രദേശമെന്ന് മുദ്രകുത്തുമ്പോഴും ഞാറാഴ്ച മുതല്‍ നടക്കുന്ന ആക്രമണത്തില്‍ ഇതുവരെ ഒരു ഐ.എസ് തീവ്രവാദിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 121 കുട്ടികള്‍ ഉള്‍പ്പെടെ 500 സാധാരണക്കാരാണ് കഴിഞ്ഞ ദിവസം വരെ കൊല്ലപ്പെട്ടത്. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന ജനവാസ മേഖലയിലേക്ക് തുടര്‍ച്ചയായ വ്യോമാക്രമണമാണ് നടക്കുന്നത്. അനിശ്ചിതത്വത്തിനൊടുവിലാണെങ്കില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനത്തിന് ശേഷവും സൈന്യം ജനവാസ മേഖലയില്‍ വ്യോമാക്രമണം തുടരുന്നുണ്ട്.
കൂടാതെ, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ തന്നെ ഈ കാലയളവിന് ശേഷം സിറിയയില്‍ പ്രതിന്ധി വീണ്ടും ശക്തമാവും. തങ്ങളെ എതിര്‍ക്കുന്ന കിഴക്കന്‍ ഗൗഥ തകര്‍ത്തു തരിപ്പണമാക്കിയതിനാല്‍ ഇനി സര്‍ക്കാര്‍ സൈന്യം നീങ്ങുക ഇദ്‌ലിബിലേക്കായിരിക്കും. അടുത്ത മനുഷ്യ ദുരന്തത്തിന് സാക്ഷ്യമാവുക ഇദ്‌ലിബയിരക്കുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബഷാറിന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ അവസാന കേന്ദ്രമാണിത്. ഉപരോധ പ്രദേശമായ ഇവിടെ 20 ലക്ഷത്തോളം ജനങ്ങളാണ് അധിവസിക്കുന്നത്. സര്‍ക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നൂറ്കണക്കിന് തീവ്രവാദികള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗക ഭാഷ്യം. എന്നാല്‍ ഇതേ തീവ്രവാദികളെ മുന്‍ നിര്‍ത്തിയയായിരികും അടുത്ത ആക്രമണങ്ങള്‍. അലപ്പോയില്‍ 2016ല്‍ ആക്രമണം നടത്തിയതിന് സമാനമായി തീവ്രവാദികള്‍ ഇദ്‌ലിബ് കീഴടക്കുന്നുവെന്ന് ആരോപിച്ചായിരിക്കും റഷ്യന്‍ പിന്തുണയോടെയുള്ള ആക്രമണങ്ങള്‍.
കിഴക്കന്‍ ഗൗഥയിലെ സമാധാനത്തിനായി കിണഞ്ഞ് ശ്രമിക്കുന്നവെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന അമേരിക്കയും സിറിയിന്‍ ക്രൂരതയില്‍ പങ്കാളികളാണ്. അഫ്രിനില്‍ കുര്‍ദ് പോരാളികള്‍ക്ക് സൈനിക സഹയം ഉള്‍പ്പെടെയുള്ളവ നല്‍കുമെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുര്‍ക്കിയുടെ ശക്തമായ പ്രതിരോധത്താലാണ് യു.എസ് അല്‍പം പിന്നോട്ട് മാറിയത്. അയല്‍രാജ്യമായ തുര്‍ക്കിയും കുര്‍ദ് പോരാളികളും ഇപ്പോഴും അഫ്രിനില്‍ സംഘര്‍ഷ സാധ്യത നിലനിര്‍ത്തുകയാണ്.
2011 മുതല്‍ തുടങ്ങിയ സിറിയയിലെ അഭ്യന്തര യുദ്ധത്തില്‍ ഇതുവരെ അഞ്ച് ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അന്‍പത് ലക്ഷത്തോളം പേര്‍ അയല്‍രാജ്യമായ ലബനാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കും പത്ത് ലക്ഷത്തോളം പേര്‍ യൂറോപിലേക്കും അഭയംതേടിയെന്നാണ് യു.എന്‍ കണക്ക്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 30 ലക്ഷത്തോളം കുട്ടികള്‍ ഈ യുദ്ധക്കെടുതിയില്‍ അകപ്പെട്ടവരാണ്.
സിറിയന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിന് യു.എന്നിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങള്‍ മാത്രമേ പരിഹാരമാവുകയുള്ളൂ. ഇതിന്നായി റഷ്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. തീവ്രവാദികളുടെ പേര് പറഞ്ഞ് സാധാരണക്കാരെ കൊല്ലുന്ന ഈ ക്രൂരയെ പിന്തുണക്കുന്ന റഷ്യക്കെതിരേ ലോക രാഷ്ട്രങ്ങള്‍ പ്രത്യേക്ഷമായ രംഗത്തുവരേണ്ടിയിരിക്കുന്നു. കൂടാതെ ഇറാനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ അടിയന്തരമായി മുന്നിട്ടിറങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."