സ്‌കൂള്‍ അടച്ചുപൂട്ടലിനെതിരേ പ്രതിഷേധ സമരം
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള സക്കാര്‍ ഉത്തരവിനെതിരേ മാര്‍ച്ച് ഒന്നിന് കോഴിക്കോട്ടും 17ന് കൊല്ലത്തും പ്രതിഷേധ സമരം സംഘടിപ്പിക്കാന്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
മാര്‍ച്ച് ഒന്നിന് വ്യാഴാഴ്ച രാവിലെ 10മണിക്ക് കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന പ്രതിഷേധ സമരം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാലയ മാനേജ്‌മെന്റ് പ്രതിനിധികള്‍, സ്‌കൂള്‍ മേധാവികള്‍ എന്നിവരാണ് പങ്കെടുക്കുക. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവര്‍ 17ന് രാവിലെ 10 മണിക്ക് കൊല്ലം ചിന്നക്കട സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കും.
ആയിരക്കണക്കിന് അധ്യാപികമാരെ തൊഴില്‍രഹിതരാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ പശ്ചാതലത്തില്‍ അധ്യാപികമാരുടെ നേതൃത്വത്തില്‍ കേന്ദ്ര- സംസ്ഥാന വനിതാ കമ്മിഷനുകളെ സമീപിക്കാനും യോഗം തീരുമാനിച്ചു. സമര കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ 9895707080, 9745772484, 9847002376 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി ബന്ധപ്പെടണം.
കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി.പി. യൂസുഫലി അധ്യക്ഷനായി. സെക്രട്ടറി ആര്‍.കെ. നായര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ, ലത്തീഫ് പാണക്കാട്, കെ. വിജയകുമാര്‍, കെ.പി. മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."