45 ഇന ജനക്ഷേമ പരിപാടികളുമായി സി.പി.എം
തൃശൂര്‍: ജനക്ഷേമം ലക്ഷ്യംവച്ച് 45 ഇന പരിപാടികള്‍ നടപ്പാക്കാന്‍ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനരഹിതര്‍ക്ക് 2,000 വീടുകള്‍ നിര്‍മിച്ചുനല്‍കലാണ് ഇതില്‍ പ്രധാനം.
കൂടാതെ 2,000 കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കും. ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കും. സ്‌കൂള്‍ വികസന പദ്ധതികളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹകരിക്കും. ജൈവ കൃഷി പ്രോത്സാഹിപ്പിക്കും. ഒരു ഏരിയാ കമ്മിറ്റിക്കു കീഴില്‍ ഒന്ന് എന്ന കണക്കില്‍ സംസ്ഥാനത്തെ 209 സര്‍ക്കാര്‍ ആശുപത്രികള്‍ ഏറ്റെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും.
സാന്ത്വന പരിചരണ മേഖലയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. സംസ്ഥാനത്ത് 2,000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങും. കിടപ്പുരോഗികളെ ശുശ്രൂഷിക്കാന്‍ 20,000 വളന്റിയര്‍മാരെ പരിശീലിപ്പിക്കും. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കും. യുവാക്കളെ തൊഴിലുമായി ബന്ധപ്പെട്ട പരീക്ഷകള്‍ക്കു പരിശീലിപ്പിക്കാന്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കു പരിശീലനം നല്‍കാന്‍ പാര്‍ട്ടി പദ്ധതി തയാറാക്കും. ആറു മാസത്തിലൊരിക്കല്‍ ഗൃഹസന്ദര്‍ശന പരിപാടി നടത്തും.
ഇതില്‍ ദുര്‍ബല ജനവിഭാഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക ഊന്നല്‍ നല്‍കും. വര്‍ഗീയതക്കെതിരേ സംസ്ഥാന വ്യാപകമായി പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."