എതിര്‍സ്വരങ്ങളില്ല; പാര്‍ട്ടി പൂര്‍ണമായി പിണറായിക്കൊപ്പം
തൃശൂര്‍: സി.പി.എം സംസ്ഥാന സമ്മേളനം സമാപിച്ചപ്പോള്‍ പാര്‍ട്ടി പൂര്‍ണമായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. പിണറായിക്കൊ അദ്ദേഹത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തിനൊ എതിരേ കാര്യമായ ശബ്ദങ്ങളൊന്നും ഉയര്‍ന്നില്ല. സംഘടനാതലത്തിലെ വിഭാഗീയതയുടെ കാലം കഴിഞ്ഞെന്ന സൂചന നല്‍കുന്നതായിരുന്നു സമ്മേളനത്തിലെ ചര്‍ച്ചകള്‍.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേയും വ്യാപകമായ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ ഉയരുന്നുണ്ടെങ്കിലും അതൊന്നും സമ്മേളന ചര്‍ച്ചകളില്‍ പ്രതിഫലിച്ചില്ല. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസിനും നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയ പ്രതിനിധികള്‍ മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ക്കു നേരെയാണ് വിമര്‍ശന ശരങ്ങള്‍ തൊടുത്തത്.
സംഘടനാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ തലനാരിഴ കീറി പരിശോധിക്കുന്നത് സി.പി.എം സമ്മേളനങ്ങളില്‍ പതിവാണ്. എന്നാല്‍, ഇത്തവണ മുഖ്യമന്ത്രിക്കൊപ്പം നിലകൊള്ളുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കോ എതിരേ കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല. സംഘടനയെക്കുറിച്ചുള്ള ചര്‍ച്ച ലഘുവായ ചില കാര്യങ്ങളില്‍ മാത്രം ഒതുങ്ങി.
കുറച്ചുകാലമായി പുതിയ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഏറെ ശ്രമകരമായിരുന്നു. ഏറെ തര്‍ക്കങ്ങള്‍ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുമായിരുന്നു. തര്‍ക്കങ്ങള്‍ മൂത്ത് വോട്ടെടുപ്പിലെത്തിയ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. ഇത്തവണ അതൊന്നുമുണ്ടായില്ല.
പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരാകട്ടെ പിണറായിക്കൊപ്പം നില്‍ക്കുന്നവരുമാണ്. ഇതോടെ ഭാവിയില്‍ മുഖ്യമന്ത്രിക്കെതിരേയോ സംസ്ഥാന ഭരണത്തിനെതിരേയോ കാര്യമായ വിമര്‍ശനങ്ങളൊന്നും ഉയരുകയില്ല എന്ന് ഉറപ്പാണ്. എതിര്‍സ്വരത്തിന്റെ കേന്ദ്രമായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഇത്തവണ സമ്മേളനത്തിന്റെ പൊതു നിലപാടിനോട് യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കെ.എം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സമ്മേളനത്തിനു തൊട്ടുമുന്‍പ് പി.ബിക്കു കത്തയച്ചതു മാത്രമാണ് ഇത്തവണ വി.എസില്‍ നിന്നുണ്ടായ ഏക വിയോജിപ്പ്.
മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ നേതാക്കള്‍ കാണിച്ച വാശി ഈ സമ്മേളനത്തോടെ മയപ്പെട്ടിട്ടുമുണ്ട്. സി.പി.ഐയുടെ എതിര്‍പ്പ് അവഗണിച്ചും മാണിയെ കൂടെ നിര്‍ത്തണമെന്ന നിലപാടായിരുന്നു സമ്മേളനത്തിനു മുന്‍പ് നേതാക്കള്‍ക്ക്.
എന്നാല്‍ പാര്‍ട്ടിയില്‍ അതിനു വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്ന സൂചനയാണ് സമ്മേളനത്തില്‍നിന്ന് നേതാക്കള്‍ക്കു ലഭിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ മാണിയെ വേദിയിലിരുത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസംഗവും സമ്മേളന ചര്‍ച്ചകളെ സ്വാധീനിച്ചു.
ഇതിന്റെയൊക്കെ ഫലമായി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയും സി.പി.ഐ അടക്കമുള്ള മുന്നണി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയും മതി മാണിയുടെ കാര്യത്തിലുള്ള തീരുമാനമെന്ന നിലപാടിലാണ് പാര്‍ട്ടി ഒടുവില്‍ എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."