വിഭാഗീയതയുടെ കേന്ദ്രം ഇപ്പോഴില്ല: കോടിയേരി
തൃശൂര്‍: പാര്‍ട്ടിയില്‍ വിഭാഗീയതയെല്ലാം അവസാനിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയതയ്ക്ക് സംസ്ഥാനതലത്തില്‍ ഉണ്ടായിരുന്ന കേന്ദ്രം ഇപ്പോള്‍ ഇല്ലെന്നും സംസ്ഥാന സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
സംസ്ഥാനതലത്തിലെ വിഭാഗീയതയ്ക്ക് ആലപ്പുഴ സമ്മേളനത്തോടെ അന്ത്യം കുറിക്കാനായി. പിന്നീട് ജില്ലകളിലും മറ്റുമായി നിലനിന്നിരുന്ന വിഭാഗീയതയും ഈ സമ്മേളനത്തോടെ അവസാനിപ്പിച്ചു. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു ശബ്ദം മാത്രമാണുള്ളത്. പാര്‍ട്ടിയില്‍ ഇപ്പോഴുള്ള അംഗങ്ങളില്‍ 89 ശതമാനം 1991 മുതലുള്ള കാലത്ത് പാര്‍ട്ടിയില്‍ വന്നവരാണ്. അവരെ മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ പഠിപ്പിച്ച് മികച്ച കേഡര്‍മാരാക്കി മാറ്റും.
കെ.എം മാണിയെ മുന്നണിയില്‍ കൊണ്ടുവരുന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെ വേണമെങ്കില്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയും സി.പി.ഐയുമായി ആലോചിച്ചുമായിരിക്കും തീരുമാനമെടുക്കുക.
സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ഈ ഐക്യത്തിനു വിരുദ്ധമായ ഒരു പ്രവര്‍ത്തനവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. സി.പി.ഐ എന്തു പറയണമെന്ന് സി.പി.എമ്മിനു നിര്‍ബന്ധിക്കാനാവില്ല.
ശുഹൈബ് വധം പാര്‍ട്ടിയുടെ ഒരു ഘടകവും തീരുമാനമെടുത്ത് നടത്തിയതല്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവമാണിത്. ഈ സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണവിധേയരായതു പരിശോധിക്കും. ആരോപണം ശരിയെന്നുകണ്ടാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കും.
പാര്‍ട്ടിയെ കൂടുതല്‍ശക്തിപ്പെടുത്താനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നടത്തുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."