അട്ടപ്പാടി: വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസികളെ കൊള്ളയടിച്ച ഉദ്യോഗസ്ഥ, രാഷ്ട്രീയ ദല്ലാളന്മാരെ പിടികൂടാനുള്ള മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ അന്വേഷണ ഉത്തരവ് അട്ടിമറിച്ചു. അട്ടപ്പാടിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ കഴിഞ്ഞ പത്തുവര്‍ഷത്തെ പദ്ധതികള്‍ അന്വേഷിക്കാനാണ് ജേക്കബ് തോമസ് ഉത്തരവിട്ടത്.
വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റയുടന്‍ ആദിവാസി ക്ഷേമപദ്ധതികളിലെ അഴിമതി കണ്ടെത്താന്‍ അട്ടപ്പാടിയിലെത്തിയിരുന്നു. ആദിവാസി ഊരുകളില്‍ താമസിച്ചാണ് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം നടത്തിയത്. ആദിവാസികളെ പറ്റിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചും തട്ടിപ്പുകാരായ സംഘടിത ഗ്രൂപ്പുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും ആദിവാസികളില്‍നിന്ന് ചോദിച്ചറിഞ്ഞു. റേഷനരി കിട്ടാത്തതില്‍ തുടങ്ങി പാലങ്ങളും റോഡുകളും പണിതതിലെ ക്രമക്കേടുകളും ഭൂമി തട്ടിയെടുക്കുന്നവരെ സഹായിക്കുന്ന രജിസ്‌ട്രേഷന്‍, വില്ലേജ് ഉദ്യോഗസ്ഥരെക്കുറിച്ചും ആദിവാസികള്‍ പരാതിപ്പെട്ടു. പദ്ധതികളുടെ പേരിലുള്ള ധൂര്‍ത്ത്, സാമ്പത്തിക ക്രമക്കേട്, ഇടനിലക്കാര്‍ വഴിയുള്ള അഴിമതി തുടങ്ങി നിരവധി വിഷയങ്ങള്‍ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ വിജിലന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. അട്ടപ്പാടിയിലെ ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനവും അദ്ദേഹം വിലയിരുത്തി. വകുപ്പിലെ ഒരാളുടെയും അകമ്പടിയില്ലാതെയായിരുന്നു സന്ദര്‍ശനം. ട്രൈബല്‍ ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍, ട്രൈബല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച ജേക്കബ് തോമസ്, രാത്രി കഴിഞ്ഞത് അട്ടപ്പാടി മൂപ്പന്‍ കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ദാസന്നൂര്‍ ഊരിലെ നാരായണന്റെ വീട്ടിലായിരുന്നു.
പദ്ധതികളുടെ ഫയലുകള്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് അട്ടപ്പാടി ബ്ലോക്കിലെ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ വിജിലന്‍സ് ഡയറക്ടര്‍ അഴിമതി നടന്നിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
എറണാകുളം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷിച്ചിരുന്നത്. 28 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്തിയുള്ള അന്വേഷണത്തിനാണ് ഉത്തരവിട്ടത്. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അഴിമതി നടന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഏതാണ്ട് 500 കോടിയുടെ കേന്ദ്ര, സംസ്ഥാന ഫണ്ടാണ് അട്ടപ്പാടിയിലെത്തിയത്. ഇത് ആദിവാസികളുടെ കൈകളില്‍ പൂര്‍ണമായും എത്തിയിട്ടില്ലെന്നും ഇടനിലക്കാര്‍വഴി ചോര്‍ന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി.
എല്ലാ പദ്ധതികളിലുമുള്ള അഴിമതി, നടപ്പാക്കാന്‍ വൈകിയതിനുള്ള കാരണം എന്നിവയാണ് വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസുള്‍പ്പെടെ എടുക്കണമെന്നായിരുന്നു ജേക്കബ് തോമസ് നല്‍കിയ നിര്‍ദേശം.
2015ല്‍ അട്ടപ്പാടിയില്‍ പോഷകാഹാര കുറവുമൂലം നവജാത ശിശു മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയ്ക്ക് നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ആ ഫയലുകളും ജേക്കബ് തോമസ് വിളിച്ചുവരുത്തിയിരുന്നു. കൂടാതെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കുടിവെള്ള പദ്ധതികളുടെ ഫണ്ട് ദുരുപയോഗം എന്നിവയുടെ അന്വേഷണവും വേഗത്തിലാക്കാന്‍ ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 36 കേസുകളിലാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഈ 36 കേസുകളുടെയും ഫയലുകള്‍ ജേക്കബ് തോമസ് വിളിച്ചുവരുത്തി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെ ജേക്കബ് തോമസ് മാറി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് മേധാവിയായി. തുടര്‍ന്ന് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റുകയും അന്വേഷണം നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."