ആദിവാസി ക്ഷേമത്തിനായി നല്‍കിയത് 110.17 കോടി
കൊച്ചി: ആദിവാസി ക്ഷേമത്തിന് പ്രതിവര്‍ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒഴുക്കുന്നത് കോടികള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആദിവാസി ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 110.17 കോടി രൂപയാണ്. എന്നാല്‍, അട്ടപ്പാടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ ദാരിദ്ര്യവും ദുരിതവും കൊടികുത്തിവാഴുകയാണ്.
കോടികളുടെ ഫണ്ട് ഉപയോഗത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരും തടിച്ചുകൊഴുക്കുമ്പോഴും ആദിവാസികള്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ആദിവാസി ക്ഷേമത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം, കേന്ദ്രത്തിന്റെ പ്രത്യേക പദ്ധതികള്‍ എന്നിവയിലൂടെയായിരുന്നു കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 110.17 കോടി കേരളത്തിന് കിട്ടിയത്.
110.17 കോടിയില്‍ 52.87 കോടി സംസ്ഥാനത്തിനുള്ള വിഹിതവും 57.30 കോടി കേന്ദ്ര പദ്ധതി വിഹിതവുമായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 14.42 കോടിയും 2016-17ല്‍ 15.3 കോടിയുമായിരുന്നു വിഹിതം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 10.30 കോടിയാണ് ലഭിച്ചത്. നിലവില്‍ അനുവദിച്ചത് ഒഴികെ പത്തുവര്‍ഷത്തിനിടെ കിട്ടിയ മുഴുവന്‍ തുകയും ചെലഴിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലുള്ളത്. ആദിവാസികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സ്വയംതൊഴില്‍ കണ്ടെത്താനുമായി കേന്ദ്ര സര്‍ക്കാര്‍ 15 കോടി വേറെയും കേരളത്തിന് നല്‍കിയിരുന്നു. ഇതിനുപുറമെ പാലക്കാട് അഗളിയില്‍ ഉള്‍പ്പെടെ മൂന്നിടത്ത് പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ നിര്‍മാണത്തിന് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് കോടിയും അനുവദിച്ചിരുന്നു. അട്ടപ്പാടിയില്‍ പുതിയ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ നാല് കോടി വേറെയും കേരളത്തിന് കിട്ടി. ആദിവാസി ക്ഷേമത്തിന് ലഭിക്കുന്ന തുക പൂര്‍ണമായും ആദിവാസികളിലേക്ക് എത്തുന്നില്ല.
സാമൂഹികമായും രാഷ്ട്രീയമായും മാറ്റിനിര്‍ത്തപ്പെട്ട വനവാസികളെ പുനരുദ്ധരിക്കാന്‍ 1970ല്‍ സംസ്ഥാന ആസൂത്രണ കമ്മിഷന്‍ ഇടപെടല്‍ നടത്തിയതോടെയാണ് അട്ടപ്പാടിയിലേക്ക് വികസനം കോടികളുടെ രൂപത്തില്‍ മലകയറി തുടങ്ങിയത്. ആസൂത്രണ കമ്മിഷന്റെ കണ്ടെത്തല്‍ പുറത്തുവന്ന് വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 48 വര്‍ഷമായിട്ടും അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആദ്യത്തെ ആദിവാസി പുനരുദ്ധാരണ പദ്ധതിയിലൂടെയാണ് അട്ടപ്പാടി മേഖലയില്‍ വികസനം എത്തിത്തുടങ്ങിയത്. പിന്നാലെ അട്ടപ്പാടി കോ ഓപറേറ്റീവ് ഫാമിങ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജലസേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റി (അഹാഡ്‌സ്) തുടങ്ങി നിരവധി പദ്ധതികളും അട്ടപ്പാടിയിലെത്തി. ഇതിലൂടെ ആദിവാസികള്‍ക്ക് കാര്യമായ പ്രയോജനം കിട്ടിയില്ലെങ്കിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചവര്‍ വികസിച്ചുവെന്നത് മാത്രമാണ് ആദിവാസി ഊരുകളിലെ വികസന, ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതിലൂടെയുള്ള നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."