പുത്തനുടുപ്പും ബാഗുമായി കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്
കോട്ടയം: കളിയും ചിരിയും കരച്ചിലുമൊക്കെയായി അവര്‍ ഇന്ന് സ്‌കൂളിന്റെ പടി കയറും. കരയുന്ന മക്കളെ നോക്കി അമ്മമാരിന്ന് ചിരിക്കും. തന്റെ മകന്‍, മകള്‍ ആദ്യമായി വിദ്യാലയത്തിലിരിക്കുന്നത് കാണാന്‍ കൊതിക്കുന്ന മനസോടെയാകും എല്ലാവരും സ്‌കൂളില്‍ നില്‍ക്കുക. പുത്തന്‍ ബാഗും കുടയും വാട്ടര്‍ബോട്ടിലുമൊക്കെയായി സ്‌കൂളിലേക്ക് കയറുന്ന കുട്ടികളെ കാത്ത് അധ്യാപകരുമുണ്ടാകും അവിടെ.
'സ്‌കൂളില്‍ എത്തിയാല്‍ ടീച്ചര്‍ ചോദിക്കുന്നതിനൊക്കെ മക്കള്‍ ഉത്തരം പറയണം', 'ടീച്ചറ് ക്ലാസിലേക്ക് വരുമ്പോള്‍ നമസ്‌തേന്ന് പറയണം' ഇങ്ങനെ വിവിധതരം കോച്ചിംഗ് ലഭിച്ചതിന് ശേഷമാണ് പലരും വിദ്യാലയത്തിലേക്ക് എത്തുന്നത്.
അടുത്തക്ലാസുകളിലേയ്ക്ക് വിജയിച്ച സഹോദരങ്ങള്‍ക്കൊപ്പം വല്യകുട്ടിയായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുക്കുന്ന അനിയന്‍മാരും അനിയത്തിമാരും ചിരിയും കരച്ചിലും ബഹളവുമൊക്കെയായി ഒരുത്സവമേളമാണ് എവിടെയും.മുന്‍വര്‍ഷങ്ങളിലെപ്പോലെ തന്നെ വര്‍ണ്ണാഭമായ പ്രവേശനോത്സവങ്ങളാണ് ഇക്കുറിയും ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പേരൂര്‍ ഗവമെന്റ് ജെ.ബി എല്‍.പി.എസില്‍ ജില്ലാ തല പ്രവേശനോത്സവം നടക്കും.
സ്‌കൂള്‍ അങ്കണത്തില്‍ ഇന്ന് രാവിലെ 10 ന് ജോസ്.കെ.മാണി എം.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.സുരേഷ് കുറുപ്പ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രശസ്ത ഗായകന്‍ പി.ജയചന്ദ്രന്‍ ആലപിച്ച പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും വേദിയില്‍ നടക്കും.
പ്രവേശനോത്സവത്തിന്റെ ഭാഗമായി ഘോഷയാത്രയില്‍ ശിങ്കാരിമേളം , കലാരൂപങ്ങള്‍ , തുടങ്ങിയവയും പുത്തന്‍ കൂട്ടുകാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് , പുസ്തകങ്ങള്‍ , നോട്ടുബുക്കുകള്‍ , പെന്‍സില്‍ , ക്രയോണ്‍സ്, തുടങ്ങിയവ അടങ്ങുന്ന പ്രവേശന കിറ്റ് , മധുരപലഹാരങ്ങള്‍ , ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ എന്നിവയും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ 906 വിദ്യാലയങ്ങളില്‍ 173 എല്‍.പി സ്‌കൂളുകള്‍ , 67 യു.പി സ്‌കൂളുകള്‍ , 64 ഹൈസ്‌കൂളുകള്‍ അടക്കം 304 സര്‍ക്കാര്‍ സ്‌കൂളുകളാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അറിവ് പകര്‍ന്ന് നല്‍കുന്നതിനായി പ്രൈമറി അധ്യാപകര്‍ക്ക് അഞ്ച് ദിവസവും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ആറ് ദിവസവും നീണ്ട് പരിശീലനമാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്.
കൂടാതെ ഐ.ടി വിഭാഗത്തില്‍ പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമാക്കാന്‍ വേണ്ടുന്ന നടപിടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്‍പത് , പത്ത് ക്ലാസുകളിലെ സിലബസ് മാറിയതിനെ തുടന്ന് പാഠപുസ്തകങ്ങള്‍ എല്ലാം തന്നെ മാറി.
ജില്ലയില്‍ 80 ശതമാനം പുസ്തകവും വിതരണം നടത്താന്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഏതാനും ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. എന്നാല്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും വെറും 40 ശതമാനം പുസ്‌കകങ്ങള്‍ മാത്രമാണ് വിതരണത്തിന് തയ്യാറായി സ്‌കൂളുകളില്‍ എത്തിയിരിക്കുന്നത്. യാത്രാ സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം എസ്.എന്‍.ഡി.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ വന്ന് പോകുന്നതിന് യാത്രാ സൗകര്യം ഒരുക്കണമെന്നും അതിന് ചിലവാകുന്ന തുക വിദ്യാഭ്യാസവകുപ്പില്‍ നിന്ന് കൈപ്പറ്റാനും ബാലാവകാശ കമ്മീഷന്‍ ജലഗതാഗത വകുപ്പിന് ഉത്തരവ് നല്‍കിയതായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ് കുമാര്‍ പറഞ്ഞു.
ജലഗതാഗത്തെ ആശ്രയിച്ചാണ് കാഞ്ഞിരം സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തുന്നത്.
ചിലദിവസങ്ങളില്‍ മുന്നറിയിപ്പില്ലാതെ സര്‍വ്വീസ് ബോട്ട് റദ്ദാക്കുന്ന സംഭവവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഗതാഗത സൗകര്യം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."