പ്രചാരണം സമാപിച്ചു; നാഗാലാന്‍ഡിലും മേഘാലയിലും നാളെ വോട്ടെടുപ്പ്
ന്യൂഡല്‍ഹി: 60 അംഗങ്ങള്‍ വീതമുള്ള നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണങ്ങള്‍ ഇന്നലെ അവസാനിച്ചു. രണ്ടിടത്തും നാളെയാണ് വോട്ടെടുപ്പ്. എല്ലാ ബൂത്തിലും വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. മേഘാലയില്‍ 59 സീറ്റുകളിലേക്കാണ് നാളത്തെ വോട്ടെടുപ്പ്.
വില്യംനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടത്തെ വോട്ടെടുപ്പ് നീട്ടിവച്ചത്. മേഘാലയക്കും നാഗാലാന്‍ഡിനും ഒപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ത്രിപുരയില്‍ കഴിഞ്ഞമാസം 18നാണ് വോട്ടെടുപ്പ് നടന്നത്.
മൂന്നിടത്തെയും ഫലം അടുത്തമാസം മൂന്നിനു പ്രഖ്യാപിക്കും. അടുത്തമാസം ആറിനാണ് ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 13ന് മേഘാലയിലേയും 14ന് നാഗാലാന്‍ഡിലെയും സര്‍ക്കാരുകളുടെയും കാലാവധി അവസാനിക്കുകയാണ്.
മേഘാലയയില്‍ 2013നു നടന്ന തെരഞ്ഞെടുപ്പില്‍ 29 അംഗബലത്തോടെ മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുകയായിരുന്നു. പ്രാദേശിക യുനൈറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് (യു.ഡി.പി) എട്ടും എച്ച്.എസ്.പി.ഡി.പിക്ക് നാലും എന്‍.സി.പിക്കും എന്‍.പി.പിക്കും രണ്ടുവീതവും സ്വതന്ത്രര്‍ക്ക് എട്ടും സീറ്റുകള്‍ ലഭിച്ചു.
നാഗാലാന്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ നാഗാ പീപ്പിള്‍ ഫ്രണ്ട് നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ രണ്ടംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിയും ഉണ്ട്. കോണ്‍ഗ്രസിനും സ്വതന്ത്രര്‍ക്കും എട്ടുവീതവും എന്‍.സി.പിക്ക് നാലും ജെ.ഡി.യുവിന് ഒരംഗവും ഉണ്ട്. ഒരു വര്‍ഷത്തിനിടെ രണ്ടുമുഖ്യമന്ത്രിമാരാണ് ഭരിച്ചത്.
അതേസമയം, നാഗാലാന്‍ഡിലും ത്രിപുരലും ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മേഘാലയിലും പാര്‍ട്ടി തന്നെ അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിപ്പൂരിലും അരുണാചല്‍പ്രദേശിലും അസമിലും ബി.ജെ.പി തന്നെയാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."