ഒരു വര്‍ഷത്തിനിടെ സഊദി വിട്ടത് 12 ലക്ഷം വിദേശികള്‍
റിയാദ്: സഊദി അറേബ്യയില്‍ പ്രതികൂല സാഹചര്യം തുടരുന്നതിനിടെ ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം വിദേശികള്‍ സഊദി വിട്ടതായി റിപ്പോര്‍ട്ട്. സഊദി ജവാസാത്ത് (പാസ്‌പോര്‍ട്ട്) വിഭാഗമാണ് കണക്ക് പുറത്തുവിട്ടത്. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ മുഖീമും ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ അബശീറും വഴി 12 ലക്ഷം വിദേശികള്‍ ഹിജ്‌റ വര്‍ഷം 1438ല്‍ സഊദി വിട്ടതായാണു കണക്കുകള്‍.
മുഖീം വഴി 5,40,820 വിദേശികളും അബ്ഷിര്‍ വഴി 6,45,629 പേരും സഊദിയില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് വഴി നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാരും ആശ്രിതരുമടക്കം സഊദി വിട്ടവരുടെ വ്യക്തമായ കണക്കുകളാണിത്. ഓണ്‍ലൈന്‍ വഴിയുള്ള വിവിധ സേവനങ്ങളുടെ വ്യക്തമായ കണക്കുകളാണു കഴിഞ്ഞ ദിവസം സഊദി പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തിയത്. മുഖീമും അബശീറും വഴി കഴിഞ്ഞ വര്‍ഷം 2.3 കോടിയോളം സേവനങ്ങളാണ് സഊദി ജവാസാത്ത് വിഭാഗം നല്‍കിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം 22,3187 വിദേശികളെ ഇഖാമ, തൊഴില്‍ നിയമലംഘനത്തിന്റെ പേരിലും സഊദിയില്‍നിന്നു സുരക്ഷാ ജീവനക്കാര്‍ നാടുകടത്തിയിരുന്നു.
അതിനിടെ ആശ്രിതവിസക്കാര്‍ക്കുള്ള ഉയര്‍ന്ന ലെവി മൂലം വരും വര്‍ഷങ്ങളില്‍ 6,70,000 വിദേശികള്‍ രാജ്യം വിടുമെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. സഊദി ഫ്രാന്‍സി ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയും ആശ്രിതവിസക്കാര്‍ സഊദി വിടുമെന്ന കണക്കുകളുള്ളത്. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ലെവിയും ആശ്രിതലെവിയും കാരണം പ്രതിവര്‍ഷം ശരാശരി 1,65,000 വിദേശികള്‍ സഊദി അറേബ്യ വിടുമെന്നാണു കരുതപ്പെടുന്നതെന്ന് സഊദി ഫ്രാന്‍സി ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."