ഒരു വര്‍ഷത്തിനിടെ സഊദി വിട്ടത് 12 ലക്ഷം വിദേശികള്‍: പാസ്പോര്‍ട്ട് വിഭാഗം കണക്കുകള്‍ പുറത്ത് വിട്ടു
റിയാദ്: സഊദി അറേബ്യയിലെ നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം വിദേശികള്‍ സഊദി വിട്ടതായി സഊദി ജവാസാത്ത് (പാസ്പോര്‍ട്ട്) വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ഹിജ്റ വര്‍ഷത്തെ കണക്കുകളാണ് പുറത്ത് വിട്ടത്. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ജവാസാത്തിന്റെ ഓണ്‍ലൈന്‍ സേവനമായ മുഖീമും ചെറുകിട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ അബശീറും വഴി പന്ത്രണ്ടു ലക്ഷം വിദേശികള്‍ ഹിജ്റ വര്‍ഷം 1438 ല്‍ സഊദി വിട്ടതായാണ് കണക്കുകള്‍.
മുഖീം വഴി 540820 വിദേശികളും അബ്ഷിര്‍ വഴി 645629 പേരും സഊദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് വഴി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അബ്ഷിര്‍ വഴി ഫൈനല്‍ എക്സിറ്റ് നേടിയ ശേഷം പിന്നീട് 52956 പേര് റദ്ദാക്കിയതായും ജവാസാത്ത് അറിയിച്ചു. സ്വകാര്യ, ഗവണ്മെന്റ് ജീവനക്കാരും ആശ്രിതരും സഊദി വിട്ടതിന്റെ വ്യക്തമായ കണക്കുകളാണ് ഇത്.
ഓണ്‍ലൈന്‍ വഴിയുള്ള വിവിധ സേവനങ്ങളുടെ വ്യക്തമായ കണക്കുകളാണ് കഴിഞ്ഞ ദിവസം സഊദി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തിയത്. ഈ കണക്കുകളിലാണ് വിദേശികള്‍ സഊദി വിട്ടതായുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓണ്‍ലൈന്‍ സംവിധാനമായ മുഖീമും അബശീറും വഴി കഴിഞ്ഞ വര്‍ഷം 2.3 കോടിയോളം സേവനങ്ങളാണ് സഊദി ജവാസാത്ത് വിഭാഗം നല്‍കിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം 223187 വിദേശികളെ ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന്റെ പേരിലും സഊദിയില്‍ നിന്നും സുരക്ഷാ വകുപ്പുകള്‍ നാട് കടത്തിയിരുന്നു.
അതിനിടെ ആശ്രിത വിസക്കാര്‍ക്കുള്ള ഉയര്‍ന്ന ലെവി മൂലം വരും വര്‍ഷങ്ങളില്‍ 6,70,000 വിദേശികള്‍ സഊദി വിടുമെന്ന കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. സഊദി ഫ്രാന്‍സി ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഏതാനും വര്ഷങ്ങള്ക്കുളില് ഇത്രയും ആശ്രിത വിസക്കാര്‍ സഊദി വിടുമെന്ന കണക്കുകളുള്ളത്. സ്വകാര്യ മേഖല ജീവനക്കാര്‍ക്കുള്ള ലെവിയും ആശ്രിത ലെവിയും കാരണം പ്രതിവര്‍ഷം ശരാശരി 1,65,000 വിദേശികള്‍ സഊദി അറേബ്യ വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഊദി ഫ്രാന്‍സി ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദിയില്‍ നിലവില്‍ 11.7 ദശലക്ഷത്തിലധികം വിദേശികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."