അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു: ഉ.കൊറിയ
പ്യോങ്‌യാങ്: അമേരിക്കയുടെ പുതിയ ഉപരോധത്തിനെതിരേ ആഞ്ഞടിച്ച് ഉത്തര കൊറിയ. അമേരിക്കയുടേത് യുദ്ധത്തിനുള്ള നീക്കമാണെന്ന് ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉ.കൊറിയയ്‌ക്കെതിരേ അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനു പിറകെയാണു പ്രതികരണം പുറത്തുവന്നത്.
'നേരത്തെ പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള പോലെ ഞങ്ങള്‍ക്കെതിരായ ഏത് ഉപരോധവും യുദ്ധനീക്കമായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ഞങ്ങളെ നേരിടാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ അമേരിക്കയ്ക്ക് ഈ നടപടിക്ക് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരും. ഇത്തരം ഉപരോധങ്ങളിലൂടെയും ശത്രുതാപരമായ പരാമര്‍ശങ്ങളിലൂടെയും ഞങ്ങളെ മാറ്റാമെന്നാണ് ട്രംപ് കരുതുന്നത്. എന്നാല്‍, ഞങ്ങളെ കുറിച്ചുള്ള അവരുടെ അജ്ഞത മാത്രമാണു നടപടിക്കു പിന്നിലുള്ളത് '-ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അമേരിക്ക അടക്കമുള്ള ഭീഷണികളില്‍നിന്നു രാജ്യത്തെ സുരക്ഷിതമാക്കാനാണ് തങ്ങള്‍ ആണവായുധം കൈവശം വച്ചിരിക്കുന്നതെന്നും അത് നീതിയുടെ ഖഡ്ഗമാണെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ ആണ് പ്രസ്താവന പുറത്തുവിട്ടത്.
ഉ.കൊറിയയെ ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പഴയ ഉപരോധങ്ങള്‍ക്കു പിറകെ പുതിയ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. യു.എസ് ട്രഷറി വകുപ്പാണ് ഉപരോധ നടപടികള്‍ തയാറാക്കിയത്. ഉ.കൊറിയയുമായി ബന്ധമുള്ള 50ഓളം കപ്പല്‍, വ്യാപാര കമ്പനികളെ നേരിട്ടു ബാധിക്കുന്നതാണു നടപടി. പുതിയ ഉപരോധവും ഫലിച്ചില്ലെങ്കില്‍ ഇതിന്റെ രണ്ടാംഘട്ടത്തിലേക്ക് അമേരിക്കയ്ക്കു നീങ്ങേണ്ടി വരുമെന്നു വെള്ളിയാഴ്ച ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. രണ്ടാംഘട്ടം അതികഠിനമായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഉ.കൊറിയക്കെതിരായ യു.എസ് ഉപരോധത്തിനെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും ബെയ്ജിങ്ങും തമ്മിലുള്ള നയതന്ത്ര സഹകരണത്തെ മുഖവിലക്കെടുക്കാത്തതാണ് നടപടിയെന്നും തീരുമാനം പുനഃപരിശോധിച്ച് നടപടിയില്‍നിന്നു പിന്മാറാന്‍ അമേരിക്ക തയാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
യു.എന്‍ ഉപരോധത്തിനിടെയും കടല്‍മാര്‍ഗം എണ്ണയും കല്‍ക്കരിയും ഉ.കൊറിയയിലേക്കെത്തിയതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത്തരം സമുദ്രകടത്തിനിടയുള്ള എല്ലാ മാര്‍ഗങ്ങളും അടക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഉപരോധം ശക്തമാക്കാന്‍ ഐക്യരാഷ്ട്രസഭയോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനികളുടെ പേര് യു.എന്നിനു മുന്‍പില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."