ഇംഗ്ലണ്ട്, ഓസീസ് പരീക്ഷണങ്ങളെ നേരിടാന്‍ പരമ്പര വിജയം ഊര്‍ജമാകും
കേപ് ടൗണ്‍: വനിതാ ക്രിക്കറ്റ് ടീം ടി20 പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പര്യടനം ആവേശ്വോജ്വലമാക്കി. ടെസ്റ്റ് പരമ്പര അടിയറവ് വച്ച് വിമര്‍ശനങ്ങളേറ്റു വാങ്ങിയ ഇന്ത്യയെയല്ല പിന്നീട് ഏകദിന, ടി20 പോരാട്ടങ്ങളില്‍ കണ്ടത്. ഇരട്ട കിരീട നേട്ടത്തോടെ ഇന്ത്യ ചരിത്രമെഴുതിയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങുന്നത്. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ നേട്ടം വലിയ ആത്മവിശ്വാസം നല്‍കുന്നതായി മാറും.
പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മൂന്നാം ടി20 പോരാട്ടത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. ഒരു വേള മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് വഴുതിപ്പോകുമെന്ന പ്രതീതി ഉണര്‍ത്തിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ നിര്‍ണായക ഓവറുകളാണ് കളിയുടെ ഗതി ഇന്ത്യക്കനുകൂലമാക്കിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഭുവനേശ്വര്‍ രണ്ട് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ പരമ്പരയുടെ താരമായപ്പോള്‍ സുരേഷ് റെയ്‌നയാണ് കളിയിലെ കേമനായത്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ റെയ്‌ന മികച്ച ബാറ്റിങിലൂടെ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് സെലക്ടര്‍മാരെ ബോധ്യപ്പെടുത്തി.
വിജയത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ജെ.പി ഡുമിനി പൊരുതിയെങ്കിലും അന്തിമ വിജയത്തിലേക്ക് ടീമിനെ നയിക്കാന്‍ സാധിച്ചില്ല. താരം 41 പന്തില്‍ 55 റണ്‍സെടുത്തു. 24 പന്തില്‍ 49 റണ്‍സ് വാരി ജോന്‍കര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പെച്ചെങ്കിലും താരം അവസാന പന്തില്‍ പുറത്തായത് തിരിച്ചടിയായി. ഓപണറായി ഇറങ്ങിയ ഡേവിഡ് മില്ലര്‍ 24 റണ്‍സില്‍ പുറത്തായി. ഭുവനേശ്വര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബുമ്‌റ, ശാര്‍ദുല്‍ താക്കൂര്‍, പാണ്ഡ്യ, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്‍ (40 പന്തില്‍ 47), സുരേഷ് റെയ്‌ന (27 പന്തില്‍ 43) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. മനീഷ് പാണ്ഡെ (13), ഹര്‍ദിക് പാണ്ഡ്യ (21), ധോണി (12), കാര്‍ത്തിക് (13) എന്നിവരും രണ്ടക്കം കടന്നു.
പരുക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വിട്ടുനിന്നപ്പോള്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഡാല മൂന്നും മോറിസ് രണ്ടും ഷംസി ഒരു വിക്കറ്റുമെടുത്തു.
ടെസ്റ്റ് പരമ്പരയുടെ തുടക്കത്തില്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ പ്രമുഖ താരങ്ങളെ തുടരെ തുടരെ പരുക്കേറ്റ് തന്നെ ആതിഥേയര്‍ക്ക് നഷ്ടമായത് അവരുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി മാറി. സ്റ്റെയിനിന് പിന്നാലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ക്വിന്റന്‍ ഡി കോക്ക്, എ.ബി ഡിവില്ല്യേഴ്‌സ് എന്നിവരും പരുക്കിന്റെ പിടിയിലായത് ടീമിനെ മൊത്തത്തില്‍ ബാധിച്ചു.
അവസരം ശരിക്കും മുതലെടുത്ത ഇന്ത്യ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയാണ് ഇരട്ട പരമ്പര നേട്ടത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."