ശുദ്ധമായ തേന്‍ സമൃദ്ധി നല്‍കി കായികാധ്യാപകന്‍
വടക്കാഞ്ചേരി : ശുദ്ധമായ തേന്‍ സമൃദ്ധി നാടിനു സമ്മാനിച്ചു മുന്‍ കായികാധ്യാപകന്‍. അവണൂര്‍ എടക്കുളം സ്വദേശി അമ്മാനത്ത് വീട്ടില്‍ ചന്ദ്ര ശേഖരന്‍ (64) ആണ് തേന്‍ വിപ്ലവത്തില്‍ പുതിയൊരു അധ്യായം എഴുതി ചേര്‍ക്കുന്നത്.
വടക്കാഞ്ചേരി ബോയ്‌സ് ഗേള്‍സ് ഹൈസ്‌കൂളുകളില്‍ കായികാധ്യാപകനായിരുന്ന ചന്ദ്രശേഖരന്‍ വിശ്രമ ജീവിതത്തിനിടയിലാണു തേനീച്ചകളുമായി സഹവാസത്തിലായത്. പറമ്പുകളിലും തൊടിയിലും പറന്നു നടക്കുന്ന തേനീച്ചകളെ ആകര്‍ഷിച്ച് അവ നല്‍കുന്ന മധുരാനുഭവം നാടിനു പകര്‍ന്നു നല്‍കുന്ന ഈ മുന്‍ അധ്യാപകന്‍ 2008ലാണു തേനീച്ച വളര്‍ത്തലില്‍ വിദഗ്ദ പരിശീലനം നേടിയത്. ഇപ്പോള്‍ പ്രതിദിനം നൂറു കിലോ തേന്‍ ഉല്‍പ്പാദിപ്പിക്കുന്ന മാസ്റ്റര്‍ ഇതു കടകളിലൊന്നും വില്‍പ്പന നടത്താതെ ആവശ്യക്കാര്‍ ഫോണ്‍ ചെയ്താല്‍ മാത്രം നല്‍കുകയാണു പതിവ്. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 400 മുതല്‍ 500 രൂപ വരെ വിലയുള്ള തേന്‍ 350 രൂപയ്ക്കാണു മാസ്റ്റര്‍ വിറ്റഴിയ്ക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തേനീച്ച കൂടുകള്‍ സ്ഥാപിച്ചിട്ടുള്ള മാസ്റ്റര്‍ക്കു തേന്‍ എടുക്കുന്നതിലും പ്രത്യേക ചിട്ടകള്‍ പുലര്‍ത്തുന്നു. രാവിലെ ഒന്‍പതു മുതല്‍ മൂന്നു വരെയാണു തേന്‍ എടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്നു പറയുന്നു. തേനീച്ചയുടെ കുത്തു കൊള്ളുന്നതു നല്ലതാണ്. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങള്‍ തേനീച്ച കുത്തേറ്റാല്‍ ഉണ്ടാകില്ലെന്നാണു ഇദ്ദേഹം പറയുന്നത്. ഒരല്‍പ്പം സമയം ചിലവഴിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന കൃഷിയാണ് തേനീച്ച കൃഷിയെന്നും ഈ കര്‍ഷകന്‍ പറഞ്ഞ് വെയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."