കൊല്ലംകൊല്ലിക്ക് ഇന്ന് മരണമണി; സ്‌ഫോടക വസ്തുക്കള്‍ എത്തി
ആരുണ്ട് തടയാന്‍?
അരീക്കോട്: സമരപരമ്പരകളെയും പ്രതിഷേധ സമരങ്ങളെയും വകവയ്ക്കാതെ പാറമടകളുടെ പ്രവര്‍ത്തനം തുടരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന് മലയിലാണ് വ്യാപകമായി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. പെരിങ്ങപ്പാറ ക്വാറിയുടെ പ്രവര്‍ത്തനം പ്രകൃതി സുന്ദരമായ കൊല്ലംകൊല്ലി പാറയിലേക്കും പ്രവേശിക്കുകയാണ്. ഇവിടെ ഇന്നു ഖനനം ആരംഭിക്കുമെന്നാണ് സൂചന.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ഖനനം ആരംഭിക്കാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ഇതു പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നീണ്ടുപോയത്. ഖനം ആരംഭിക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കളും മറ്റ് ഉപകരണങ്ങളും കഴിഞ്ഞ ദിവസം വൈകിട്ടുതന്നെ കൊല്ലംകൊല്ലിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ എത്തിച്ചതായാണ് വിവരം. കരിങ്കല്‍ ഖനനത്തിനായി പെരിങ്ങപ്പാറ മാത്രമാണ് ക്വാറി നടത്തുന്നവര്‍ വിലകൊടുത്തു വാങ്ങിയത്. ഈ പാറ ഏകദേശം പൊട്ടിച്ചു തീരാറായി. ഇതിനോടു ചേര്‍ന്ന് അതിര്‍വരമ്പിട്ട കൊല്ലംകൊല്ലി പാറയും പൊട്ടിച്ചെടുക്കാനുള്ള നീക്കം ക്വാറി മാഫിയ നേരത്തെ ആരംഭിച്ചിരുന്നു.
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊല്ലംകൊല്ലി പാറയ്ക്കു വ്യാജ പട്ടയം നിര്‍മിച്ചാണ് പാറ പൊട്ടിച്ചെടുക്കാനുള്ള നീക്കം നടക്കുന്നതെന്നാണ് സൂചന. ഈ വര്‍ഷവും ക്വാറികള്‍ക്ക് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് അധികൃതര്‍ അനുമതി പുതുക്കി നല്‍കിയതാണ് കൊല്ലംകൊല്ലിക്കു വിനയായിരിക്കുന്നത്. ക്വാറിക്ക് അനുമതി നല്‍കിയ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരേ കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് അംഗങ്ങളുടെ കോലം കത്തിക്കല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.
പ്രതിഷേധിക്കുന്നവരെ പണം നല്‍കി സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പദ്ധതി നടപ്പാക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ജലാശങ്ങളെ തകര്‍ത്തു ക്വാറികളുടെ പ്രവര്‍ത്തനം വ്യാപകമായതോടെ കഴിഞ്ഞ വേനല്‍ ആദ്യത്തില്‍തന്നെ കുടിവെള്ളമില്ലാതെ പ്രദേശവാസികള്‍ നെട്ടോട്ടമോടേണ്ട അവസ്ഥയായിരുന്നു.
മുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ അപകടാവസ്ഥയില്‍
അരീക്കോട്: കൊല്ലംകൊല്ലിയില്‍കൂടി കരിങ്കല്‍ ഖനനം ആരംഭിക്കുന്നതോടെ മുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ അപകടാവസ്ഥയില്‍. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വെണ്ടേക്കുംപൊയില്‍ മുതല്‍ ചെക്കുന്ന് മലവരെ മാത്രമായി അന്‍പതോളം ക്വാറികളാണുള്ളത്. മൈലാടി, ചീങ്കണ്ണി, ഊന്തുംപാലി, ഓടക്കയം, കൊടുമ്പുഴ, പന്നിയാന്മല, കുരീരി, കളകപ്പാറ, കരിമ്പ്, നെല്ലിയായിനി, ആലാപ്പാറ, വെറ്റിലപ്പാറ എന്നീ ഊരുകളിലായി മുന്നൂറോളം ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. ക്വാറികളുടെ കടന്നുകയറ്റത്തില്‍ ഊര്‍ങ്ങാര്‍ട്ടിരിയില്‍ ചെറുതും വലുതുമായി ഇരുപതിലേറെ അരുവികളും നീര്‍ച്ചോലകളുമാണ് തകര്‍ക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."