പരീക്ഷയ്ക്ക് ഹാജരാവാത്തവരില്‍നിന്ന് പി.എസ്.സി പിഴ ഈടാക്കും
തിരുവനന്തപുരം: അപേക്ഷ അയച്ചശേഷം പരീക്ഷക്ക് ഹാജരാകാതിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് പിഴ ഈടാക്കുന്നതിനെക്കുറിച്ച് പി.എസ്.സി ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമെടുക്കും.
പരീക്ഷ എഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ അപേക്ഷിക്കാതിരിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുകയും ചെയ്താല്‍ പരീക്ഷാര്‍ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനാകും.
പരീക്ഷയെഴുതാന്‍ വരാതിരിക്കുന്നതിലൂടെ മറ്റ് അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയും അവരെ അവഹേളിക്കുകയുമാണ് ചെയ്യുന്നത്. ഒരു പരീക്ഷാര്‍ഥിക്കുവേണ്ടി പി.എസ്.സി 500 രൂപ ചെലവഴിക്കുന്നുണ്ട്. അഞ്ച് ലക്ഷം പേര്‍ അപേക്ഷിച്ച് മൂന്നു ലക്ഷം പേര്‍ മാത്രം പരീക്ഷയെഴുതുന്ന അവസ്ഥ ഇപ്പോഴുണ്ട്.
ഇതൊഴിവാക്കാനാണ് പരീക്ഷയെഴുതാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് പി.എസ്.സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത മുഖാമുഖം പരിപാടിയില്‍ ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ പറഞ്ഞു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിനുള്ള സിലബസും പരീക്ഷാ തിയതിയും രണ്ട് മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. യു.പി.എസ്.സിയോട് കിടപിടിക്കുന്ന പരീക്ഷയാകും ഇതിനായി പി.എസ്.സി നടത്തുക. പി.എസ്.സിയുടെ പരീക്ഷാ പരിഷ്‌കരണം കെ.എ.എസിലൂടെയാണ് ആരംഭിക്കുന്നത്.
പ്രാഥമിക പരീക്ഷ നടത്തി ഫൈനല്‍ പരീക്ഷക്കുള്ളവരെ തെരഞ്ഞെടുക്കുകയും ആ പരീക്ഷയില്‍ വിജയിക്കുന്നവരെ ഇന്റര്‍വ്യൂ നടത്തിയുമായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. ഒരേ യോഗ്യതവേണ്ട തസ്തികകളിലേക്ക് ശമ്പള സ്‌കെയില്‍ പരിശോധിച്ച് ഒറ്റ പരീക്ഷ നടത്തുന്ന സമ്പ്രദായം നടപ്പിലാക്കും.
പുതിയ ഉത്തരവനുസരിച്ച് അപേക്ഷ സ്വീകരിച്ചിട്ടുള്ള ഡിഗ്രി അടിസ്ഥാന യോഗ്യതയായുള്ള തസ്തികകളിലേക്ക് ചിങ്ങം ഒന്നുമുതല്‍ മലയാളത്തില്‍ പരീക്ഷ നടത്തും. ഡിജിറ്റല്‍ ഇവാല്യുവേഷന്‍ നടപ്പിലാക്കാനും 5000 അപേക്ഷകര്‍ വരെയുള്ള തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ ഉള്‍പ്പെടെ 25 ശതമാനം പരീക്ഷകളും ഓണ്‍ലൈനാക്കാനും വജ്രജൂബിലി ആഘോഷത്തിന്റെ സമാപന വേളയില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 877 വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച പി.എസ്.സിക്ക് 2,04,69,632 അപേക്ഷകള്‍ ലഭിച്ചു. 2016ല്‍ ഇത് യഥാക്രമം 329ഉം 45,82,252ഉം ആയിരുന്നു. വജ്രജൂബിലി കാലയളവില്‍ 50,769 നിയമന ശുപാര്‍ശകളും പി.എസ്.സി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."