ചോദ്യമില്ലെങ്കിലെന്ത്, മറുപടി പറയണം
ആവശ്യത്തിലേറെ ചൂടേറിയ വിഷയങ്ങളുമായാണു നടപ്പുസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പ്രതിപക്ഷം സഭയിലെത്തിയത്. കണ്ണൂരിലെ ശുഹൈബ് വധം, അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവം, മണ്ണാര്‍ക്കാട്ടെ സഫീര്‍ വധം അങ്ങനെ പലതും. കറുത്ത ബാഡ്ജ് ധരിച്ചെത്തിയ യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍ പ്രതിഷേധക്കൊടുങ്കാറ്റ് അഴിച്ചുവിടാനുള്ള തിടുക്കത്തിലായിരുന്നു.
സഭാനടപടികളുടെ തുടക്കത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഭയിലേക്കു പ്രവേശിച്ച ഉടന്‍ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡുമുയര്‍ത്തി മുദ്രാവാക്യം വിളി തുടങ്ങി. ദേശീയഗാനാലാപനമുണ്ടെന്നു സ്പീക്കര്‍ പറഞ്ഞപ്പോള്‍ സ്വിച്ച് ഓഫാക്കിയതുപോലെ ബഹളം നിന്നു. ദേശീയഗാനാലാപനം കഴിഞ്ഞയുടന്‍ വീണ്ടും ബഹളം തുടങ്ങിയെങ്കിലും സഭ ചോദ്യോത്തരവേളയിലേയ്ക്കു കടന്നു.
ആദ്യ ചോദ്യം ചോദിക്കേണ്ടിയിരുന്ന പ്രതിപക്ഷത്തെ സി. മമ്മൂട്ടി പ്രതിഷേധബഹളത്തിലായിരുന്നു. ആ ചോദ്യത്തിന് ഉത്തരം പറയേണ്ടതു മുഖ്യമന്ത്രി പിണറായി വിജയന്‍. മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയെ സ്പീക്കര്‍ ചോദ്യം ചോദിക്കാന്‍ വിളിച്ചെങ്കിലും അദ്ദേഹം ചോദിച്ചില്ല. ചോദ്യമില്ലെങ്കിലും ഉത്തരം പറയേണ്ടതു തന്റെ കര്‍ത്തവ്യമാണെന്നു കരുതിയാവാം മുഖ്യമന്ത്രി എഴുന്നേറ്റു മറുപടി പറഞ്ഞു.
അതോടെ പ്രതിപക്ഷപ്രതിഷേധത്തിനു ശക്തി കൂടി. മുദ്രാവാക്യം വിളിച്ചുകൊണ്ടു സ്പീക്കറുടെ കൈവരിയില്‍ പിടിച്ചുകയറി മുന്നിലെത്തി ബാനറുയര്‍ത്തി അവര്‍ സ്പീക്കറുടെ മുഖം മറയ്ക്കുന്ന തരത്തില്‍ പിടിച്ചു. ഇതോടെ ചോദ്യോത്തരവേള ഒഴിവാക്കിയതായി അറിയിച്ചു സ്പീക്കര്‍ പുറത്തേക്കു പോയെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളി തുടര്‍ന്നു.
കുറച്ചുകഴിഞ്ഞു തിരിച്ചെത്തിയ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. സ്പീക്കറുടെ മുഖം മറച്ചുപിടിക്കുന്നതും വേദിയിലേയ്ക്കു കയറുന്നതുമൊക്കെ സഭയോടുള്ള അനാദരവാണെന്നു സ്പീക്കര്‍. അതിനു പ്രതിപക്ഷത്തിന്റെ കൈയില്‍ വായടപ്പിക്കുന്ന മറുപടിയുണ്ടായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ച ശ്രീരാമകൃഷ്ണന്‍ അടക്കമുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ വേദിയില്‍ കയറി ബഹളമുണ്ടാക്കുന്നതിന്റെ ചിത്രം ഒട്ടിച്ച പ്ലക്കാര്‍ഡ് അന്‍വര്‍ സാദത്ത് ഉയര്‍ത്തിക്കാണിച്ചു.
തൊട്ടുപിറകെ സണ്ണി ജോസഫ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട അടിന്തരപ്രമേയത്തിന് അനുമതി തേടിയതോടെ പ്രതിപക്ഷം ബഹളം നിര്‍ത്തി ഇരിപ്പിടങ്ങളില്‍ ചെന്നിരുന്നു. ശുഹൈബ് വധത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പൊലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. സണ്ണി ജോസഫിനു മുഖ്യമന്ത്രി മറുപടി നല്‍കുന്നതിനിടയില്‍ പലതവണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇടപെട്ടപ്പോള്‍ തര്‍ക്കമായി. കെ. സുധാകരന്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, ടി.പി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, ഫസല്‍ വധം തുടങ്ങി നിരവധി രാഷ്ട്രീയകൊലകളുടെ ചരിത്രത്തിലേയ്ക്കു തര്‍ക്കം നീണ്ടു.
ഏതായാലും പ്രതിപക്ഷം ഉദ്ദേശിച്ചിടത്തു തന്നെ കാര്യങ്ങളെത്തി. അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെ അവര്‍ പൂര്‍വാധികം ശക്തിയിലുള്ള ബഹളവുമായി നടുത്തളത്തിലിറങ്ങി. ബാനര്‍ കൊണ്ടു സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം ആവര്‍ത്തിച്ചു. ബഹളം തുടര്‍ന്നപ്പോള്‍ സബ്മിഷന്‍ നിര്‍ത്തിവച്ചതായും സബ്മിഷനുള്ള മറുപടികള്‍ മന്ത്രിമാര്‍ സഭയുടെ മേശപ്പുറത്തു വച്ചാല്‍ മതിയെന്നും സ്പീക്കര്‍ അറിയിച്ചു.
തുടര്‍ന്ന് ഉപധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ പിരിഞ്ഞു. ആദ്യദിനം തന്നെ തകര്‍പ്പന്‍ വെടി മുഴക്കി ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയോടെ മുദ്രാവാക്യം വിളിച്ചു സഭയില്‍ നിന്നിറങ്ങി സഭാവളപ്പിനു പുറത്തുകാത്തുനില്‍ക്കുന്ന ചാനല്‍ കാമറകളുടെ മുന്നിലേയ്ക്കു കാര്യങ്ങള്‍ വിശദീകരിക്കാനായി പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."