കെ.സി.ജോസഫിനെതിരായ വിജിലന്‍സ് കേസ് 15ലേക്കു മാറ്റി
തലശ്ശേരി: അഞ്ചു വര്‍ഷത്തിനകം 18 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി മുന്‍മന്ത്രി കെ.സി ജോസഫിനെതിരേയുള്ള ഹരജി തുടര്‍ നടപടിക്കായി വിജിലന്‍സ് കോടതി ജൂണ്‍ 15ലേക്കു മാറ്റി. പൊതുപ്രവര്‍ത്തകനായ ഇരിട്ടി പെരിങ്കരിയിലെ ആറാക്കല്‍ വീട്ടില്‍ എ.കെ ഷാജിയാണു പരാതിക്കാരന്. ജൂണ്‍ 15നകം വിജിലന്‍സ് അസിസ്റ്റന്റ് ലീഗല്‍ അഡൈ്വസറോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി വി. ജയറാം ഉത്തരവിട്ടു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സി.ജോസഫ് മത്സരിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ തനിക്ക് 5,75,000 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,50,000 രൂപയും രണ്ട് ആശ്രിതരുടെ കൈയില്‍ 36,000 രൂപ വീതവും ഉണ്ടെന്നാണു കാണിച്ചിരുന്നത്.
ആകെ 16,97,000 രൂപയെന്നാണു രേഖാമൂലം അറിയിച്ചത്. എന്നാല്‍ 2016 ഏപ്രില്‍ 28നു പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ 1,15,72,578 രൂപ ആസ്തിയുണ്ടെന്നു കാണിച്ചു. മന്ത്രിയുടെ വാര്‍ഷികവരുമാനം 3,62,032 ആണ്.
വാര്‍ഷിക ചെലവുകള്‍ കഴിച്ചിട്ടും ജംഗമവസ്തുക്കള്‍ ഉള്‍പ്പെടെ മന്ത്രിയും കുടുംബവും 18,28,668 രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അഴിമതി നടത്തി സമ്പാദിച്ചതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."