കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടും
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു. 100 കോടിക്ക് മുകളില്‍ വായ്പയെടുത്തശേഷം രാജ്യംവിടുന്നവരുടെയും നിയമത്തിനുമുന്നില്‍ ഹാജരാകാതിരിക്കുന്നവരുടെയും സ്വത്ത് കണ്ടുകെട്ടണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ബില്ല് അടുത്തമാസം ആദ്യം തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഒരിക്കല്‍ ഒരാളെ ഈ വ്യവസ്ഥ അനുസരിച്ച് സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ചാല്‍ ഇയാളുടെ പേരിലുള്ള ഇന്ത്യയിലെ ഏതു സ്വത്തിലും സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ടായിരിക്കും.
സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിക്കോ കമ്പനിക്കോ ഭൂരിപക്ഷ ഓഹരി ഉടമയ്‌ക്കോ പ്രതിരോധത്തിനായി സിവില്‍ നിയമനടപടികള്‍ സ്വീകരിക്കാനും കഴിയില്ല. അതേസമയം, തട്ടിപ്പു നടത്തിയയാള്‍ നിയമനടപടികള്‍ക്കിടെ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമുന്നില്‍ ഹാജരായാല്‍ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടാകും. നിലവിലെ നിയമം അനുസരിച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയവര്‍ നിയമത്തിനു മുന്നില്‍ ഹാജരാകാതെ മുങ്ങിയാല്‍
എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി) സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരമുണ്ട്. ബാങ്കുകളുടെ കിട്ടാക്കടവും ഇത്തരത്തില്‍ ഈടാക്കാന്‍ കഴിയും. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതിവിരുദ്ധ നിയമം, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിയമം, കസ്റ്റംസ് നിയമം, കമ്പനി നിയമം, പങ്കാളിത്ത നിയമം, പാപ്പരത്ത നിയമം എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള നിയമനിര്‍മാണത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.
പതിനായിരം കോടി രൂപ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തശേഷം മദ്യവ്യവസായി വിജയ് മല്യ കഴിഞ്ഞവര്‍ഷമാദ്യം രാജ്യം വിട്ടതിനുപിന്നാലെ സര്‍ക്കാര്‍ ഇത്തരമൊരു ബില്ലിന്റെ പണിപ്പുരയിലായിരുന്നു.
ബില്ലിന്റെ കരടിന് കേന്ദ്ര നിയമമന്ത്രാലയം ഭേദഗതി നിര്‍ദേശങ്ങളോടെ അംഗീകാരം നല്‍കിയിട്ടുണ്ട്.
വിജയ് മല്യയ്ക്കുപിന്നാലെ പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെയും ഓറിയന്റല്‍ ബാങ്കില്‍ നിന്ന് 389 കോടി രൂപ തട്ടിയ ആഭരണ കയറ്റുമതിക്കാരുടെയും കേസുകള്‍ വന്നതോടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമനിര്‍മാണം ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
ബില്ലിന്റെ കരട് അഭിപ്രായ രൂപീകരണത്തിനായി വിവിധ മന്ത്രാലയങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം മെയില്‍ വിതരണം ചെയ്തിരുന്നു.
നിലവിലുള്ള നിയമവുമായി താരതമ്യംചെയ്ത് ചില നിര്‍ദേശങ്ങളോടെ കേന്ദ്ര നിയമമന്ത്രാലയം ഇതിന് അംഗീകാരം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."