ആഫ്രീനില് തുര്‍ക്കി രണ്ടാംഘട്ട ആക്രമണത്തിന്
അങ്കാറ: വടക്കന്‍ സിറിയയിലെ ആഫ്രീനില് കുര്‍ദ് സേനയ്ക്കെതിരേ പുതിയ ആക്രമണവുമായി തുര്‍ക്കി. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി തുര്‍ക്കി അറിയിച്ചു. കിഴക്കന്‍ ഗൗഥയില്‍ സിറിയ നടത്തുന്ന വ്യോമാക്രമണത്തിനെതിരേ യു.എന്‍ പ്രമേയം പാസാക്കിയതിനുപിറകെയാണ് തുര്‍ക്കി നടപടി പുനരാരംഭിച്ചത്.
പുതിയ പോരാട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക സേനയെ വിന്യസിച്ചതെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി ബെകിര്‍ ബൊസ്ദാഗ് പറഞ്ഞു. യു.എന്‍ രക്ഷാസമിതി പാസാക്കിയ വെടിനിര്‍ത്തല്‍ പ്രമേയം തങ്ങളുടെ പോരാട്ടത്തിനു ബാധകമല്ലെന്നാണ് തുര്‍ക്കിയുടെ നിലപാട്. ജനുവരി 20നാണ് 'ഓപറേഷന് ഒലിവ് ബ്രാഞ്ച് ' എന്ന പേരില്‍ ആഫ്രീനില് അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദ് സേനയായ വൈ.പി.ജിയുമായി തുര്‍ക്കി സൈന്യം ഏറ്റുമുട്ടിയത്. സിറിയയിലെ വിമതസംഘവും തുര്‍ക്കിക്കൊപ്പം കൂടിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് കുര്‍ദ് സൈന്യം പിന്മാറിയിരുന്നു.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ പ്രവിശ്യയാണ് ആഫ്രീന്‍. പ്രദേശത്തെ ആഫ്രീന്‍ നഗരം അടക്കം പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും വൈ.പി.ജിയുടെ നിയന്ത്രണത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."