പട്ടാളത്തെ തുരത്തി തീവണ്ടിപ്പട
കാണികളെ ആവേശത്തിലാറാടിച്ചാണ് നിലവിലെ രണ്ടാം സ്ഥാനക്കരായ റെയില്‍വേസിന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച സര്‍വിസസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് റെയില്‍വേസ് വീഴ്ത്തിയത്.
സ്‌കോര്‍: 25-17, 34-32, 25-14. ആദ്യ സെറ്റിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം പോരാടിയാണ് റെയില്‍വേസും സര്‍വിസസും തമ്മിലുള്ള പുരുഷ വിഭാഗത്തിലെ ആദ്യ സെമിക്ക് തുടക്കമായത്. അടിയും തിരിച്ചടിയുമായി ഒന്നാം സെറ്റിലെ പോയിന്റ് നില 16-16ല്‍ എത്തി. എന്നാല്‍ പിന്നീട് ഒരു പോയിന്റ് മാത്രം വിട്ടുനല്‍കി റെയില്‍വേയുടെ ഗംഭീര മുന്നേറ്റമാണ് കണ്ടത്. അതിനിടെ അവര്‍ ഒന്‍പത് പോയിന്റുകളെടുത്ത് ആദ്യ സെറ്റ് 25-17ന് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ സര്‍വിസസിന്റെ മികച്ച തിരിച്ചുവരവ്. തുടക്കം മുതല്‍ ലീഡെടുത്തുള്ള അവരുടെ മുന്നേറ്റം ഗാലറിയെ ഇളക്കിമറിച്ചു. കാണികളുടെ പിന്തുണ ഏറെ ലഭിച്ചത് സര്‍വിസസിനായിരുന്നു. ഒപ്പമെത്താന്‍ റെയില്‍വേസും മികച്ച പ്രകടനവുമായി കളം നിറഞ്ഞതോടെ രണ്ടാം സെറ്റ് ഇഞ്ചോടിഞ്ച്. ലീഡ് നില മാറിമറിഞ്ഞ് ഫലം എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്ന അവസ്ഥ. മത്സരം 19-22 എന്ന നിലയില്‍ ലീഡുമായി സര്‍വിസസ് കുതിക്കവേ തുടരെ മൂന്ന് പോയിന്റുകള്‍ നേടി റെയില്‍വേസ് സ്‌കോര്‍ നില 22-22ല്‍ എത്തിച്ചു. പിന്നീട് മത്സരത്തിന്റെ ആവേശം മൂര്‍ധന്യത്തിലേക്ക് കടന്നതോടെ സെറ്റ് ആര്‍ക്കും സ്വന്തമാകുമെന്ന നില. 25ല്‍ അവസാനിക്കേണ്ട മത്സരം ലീഡ് നില മാറിമറിഞ്ഞ് 30 കടന്നു. 32-32ല്‍ സ്‌കോര്‍ നില നില്‍ക്കേ തുടരെ രണ്ട് പോയിന്റുകള്‍ നേടി രണ്ടാം സെറ്റ് റെയില്‍വേസ് 34-32ന് പിടിച്ചെടുത്തു.
മികച്ച ലീഡുമായി കുതിച്ചിട്ടും അവസാന ശ്വാസം വരെ പൊരുതിയിട്ടും രണ്ടാം സെറ്റ് കൈവിട്ടു പോയതിന്റെ ക്ഷീണം സര്‍വിസസ് താരങ്ങളെ കാര്യമായി ബാധിച്ചു. മൂന്നാം സെറ്റില്‍ വലിയ ചെറുത്തുനില്‍പ്പിനൊന്നും നില്‍ക്കാതെ അവര്‍ കീഴടങ്ങി. റെയില്‍വേസ് കഴിഞ്ഞ വര്‍ഷത്തെ ആവര്‍ത്തനമെന്നോണം ഫൈനല്‍ പോരാട്ടത്തിലേക്ക്.
റെയില്‍വേസിനായി സൂപ്പര്‍ താരം പ്രഭാകരന്‍ മികച്ച പോരാട്ടവുമായി കളം വാണു. കരുത്തുറ്റ സ്മാഷുകളും സര്‍വുകളുമായി താരം മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ചലനങ്ങള്‍ തീര്‍ത്ത് ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. ഒപ്പം രാഗുലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു.
സര്‍വിസസിനെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നവീന്‍ കുമാര്‍, പങ്കജ് ശര്‍മ എന്നിവര്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയാതെ വന്നത് അവരുടെ കളിയെ കാര്യമായി ബാധിച്ചു. മികച്ച ഫോമില്‍ നിന്ന നവീനിന്റെ നിര്‍ണായക മത്സരത്തിലെ അബദ്ധങ്ങള്‍ ടീമിന്റെ മൊത്തം പ്രകടനത്തെ നിര്‍ണയിക്കുന്നതിന് കാരണമായി. നവീനിന്റെ പിഴച്ച സര്‍വിസുകളും സ്മാഷുകളും റെയില്‍വേസിന് പൊയിന്റ് സമ്മാനിക്കുന്നതിലാണ് കലാശിച്ചത്. മലയാളി താരം കിരണ്‍ രാജിന് കളിക്കാന്‍ സ്‌പേസില്ലാതെ പോയതും സര്‍വിസസിന് തിരിച്ചടിയായി.
വനിതാ സെമി തീര്‍ന്ന ഉടനെ കേരളത്തിനായും ഇന്ത്യക്കായും മികച്ച പ്രകടനം പുറത്തെടുത്ത പഴയകാല മലയാളി താരങ്ങളെ ആദരിക്കുന്ന ചടങ്ങ് നടന്നു. മികച്ച പോരാട്ടങ്ങള്‍ നടത്തി ഗാലറിയെ ആവേശം കൊള്ളിച്ച താരങ്ങളെ കേരള വോളിബോള്‍ അസോസിയേഷനാണ് ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."