വനിതകള്‍ ഫൈനലില്‍; പുരുഷ സെമിയില്‍ കേരളം ഇന്ന് തമിഴ്‌നാടിനെതിരേ
കോഴിക്കോട്: തമിഴ്‌നാടിനെ അനായാസം വീഴ്ത്തി കേരളത്തിന്റെ വനിതാ ടീം ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. ഇന്നലെ നടന്ന പുരുഷ വിഭാഗം സെമിയില്‍ കരുത്തരായ റെയില്‍വേസും സര്‍വിസസും ഏറ്റുമുട്ടിയപ്പോള്‍ വിജയം റെയില്‍വേസിനെ തുണച്ചു. മൂന്ന് സെറ്റ് പോരാട്ടത്തില്‍ വിജയം പിടിച്ച് അവര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി. ഇന്ന് നടക്കുന്ന റെയില്‍വേസ്- മഹാരാഷ്ട്രാ വനിതകളുടെ രണ്ടാം സെമിയില്‍ വിജയിക്കുന്നവരാണ് കേരളത്തിന്റെ ഫൈനലിലെ എതിരാളികള്‍. പുരുഷ വിഭാഗം രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം കരുത്തരായ തമിഴ്‌നാടുമായി ഏറ്റുമുട്ടും. ഈ പോരാട്ടത്തിലെ വിജയികളാണ് റെയില്‍വേസുമായി ഫൈനലില്‍ മാറ്റുരയ്ക്കുക.
മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ കേരളത്തിന്റെ വനിതകള്‍ അധികം വിയര്‍പ്പൊഴുക്കാതെ തന്നെ മത്സരം പിടിച്ചെടുത്തു. സ്‌കോര്‍: 25-14, 25-17, 25-21. തമിഴ്‌നാടിന്റെ സര്‍വോടെയാണ് മത്സരം ആരംഭിച്ചത്. കളി തുടങ്ങിയത് മുതല്‍ പോയിന്റുകള്‍ വാരിക്കൂട്ടി കേരള താരങ്ങള്‍ കളം നിറഞ്ഞു. ക്യാപ്റ്റന്‍ അഞ്ജു മോളുടെ ബുദ്ധിപരമായ നീക്കങ്ങള്‍ കേരളത്തിന് ആദ്യ സെറ്റില്‍ നിര്‍ണായക പോയിന്റ് സമ്മാനിക്കുന്നതിന് കാരണമായി. മികച്ച ലീഡില്‍ മുന്നേറിയ കേരളത്തിനായി അഞ്ജു ബാലകൃഷ്ണന്‍, അഞ്ജലി ബാബു എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യ സെറ്റ് 25-14ന് സ്വന്തം.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തമിഴ്‌നാട് തിരിച്ചുവരവിന്റെ നേരിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പോയിന്റ് നില 5-5 എന്ന ഘട്ടത്തിലെത്തിക്കാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളു. പിന്നീട് കേരള താരങ്ങളുടെ മികച്ച പ്രകടനമായിരുന്നു. ഉജ്ജ്വല സ്മാഷുകളുമായി അഞ്ജലിയും രേഖയും കളം വാണു. രണ്ടാം സെറ്റില്‍ അഞ്ജലിയുടെ തന്ത്രപരമായ നീക്കങ്ങളും ശ്രദ്ധേയമായി. രണ്ടാം സെറ്റ് 25-17ന് കേരളം പിടിച്ചെടുത്തു.
വിജയികളെ നിര്‍ണയിക്കുന്ന മൂന്നാം സെറ്റില്‍ തമിഴ്‌നാട് കൂടുതല്‍ ഒത്തൊരുമ പ്രകടിപ്പിച്ചതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. ഒരു ഘട്ടത്തില്‍ അവര്‍ ഒപ്പത്തിനൊപ്പം നിന്നതോടെ പോയിന്റ് നില 8-8ല്‍ തുല്ല്യത പാലിച്ചു. എന്നാല്‍ പിന്നീട് തുടരെ പോയിന്റുകള്‍ വാരി കേരളം ലീഡുയര്‍ത്തി സ്‌കോര്‍ 11-9ല്‍ എത്തിച്ചു. മൂന്നാം സെറ്റില്‍ ഒരുവേള തമിഴ്‌നാട് കേരളത്തെ വെട്ടിച്ച് പോയിന്റ് നിലയില്‍ മുന്‍തൂക്കം സ്വന്തമാക്കി. എങ്കിലും മാനസികമായി മത്സരത്തില്‍ സ്വന്തമാക്കിയ ആധിപത്യത്തിന്റെ ബലത്തില്‍ കേരളം അവസാന സെറ്റ് 25-21 നേടി വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പാക്കി.
അവസാന സെറ്റില്‍ ചില മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞതൊഴിച്ചാല്‍ തമിഴ്‌നാട് താരങ്ങള്‍ മത്സരത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ടല്ല കളിച്ചതെന്നു പോലും തോന്നിപ്പോയി. അത്ര നിരുത്തരവാദപരമായ സമീപനമാണ് സെമി പോലൊരു നിര്‍ണായക മത്സരത്തില്‍ അവര്‍ പുറത്തെടുത്തത്. പലപ്പോഴും കേരള താരങ്ങള്‍ വരുത്തിയ പിഴവാണ് അവര്‍ക്ക് പോയിന്റുകള്‍ സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."