കൊലപാതകങ്ങളില്‍ അപലപിക്കാന്‍ പോലും തയ്യാറാവാത്ത മുഖ്യമന്ത്രി- പിണറായിക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ കൊലപാതകങ്ങളില്‍ അപലപിക്കാന്‍ പോലും തയ്യാറാകാത്തയാളാണ് മുഖ്യമന്ത്രിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണ്. കൊലപാതക കേസുകളില്‍ സര്‍ക്കാരിന് ലാഘവ മനോഭാവമാണ്. കൊലയാളികള്‍ക്ക് കൂട്ട് നില്‍ക്കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലുണ്ടായിട്ട് പോലും കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ മൃതദേഹത്തില്‍ അന്തിമോപാചാരം അര്‍പ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെറും അഞ്ച് മിനിട്ട് മാത്രം മതിയായിരുന്നു അങ്ങോട്ടേക്ക് പോകാന്‍. ഒരാഴ്ച കഴിഞ്ഞ് പോകുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത് അവകാശലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അടിയന്തര പ്രമേയത്തെ ഭയക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുമ്പോള്‍ പൊലിസും സര്‍ക്കാറും നിഷ്‌ക്രിയമായിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ശുഹൈബ് വധത്തെ സംബന്ധച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാറിന് ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ചോരക്കൊതി തീരാത്ത ഇടതു ഭരണം നിയമസഭയില്‍ തുറന്നു കാട്ടാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ നടപടികള്‍ ജനാധിപത്യ വിരുദ്ധമാണ്. സഭാനടപടികള്‍ക്ക് വിരുദ്ധമാണ്. ഷുഹൈബിബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുന്‍പാണ് അട്ടപ്പാടിയിലെ മധുവിന്റെയും മണ്ണാര്‍കാട്ടെ സഫീറിന്റെയും കൊലപാതകങ്ങള്‍ നടക്കുന്നത്. വെട്ടിക്കൊല, കുത്തിക്കൊല, ചവിട്ടിക്കൊല, തുടങ്ങിയ കൊലപാതക പരമ്പരകളാണ് കേരളത്തില്‍ നടക്കുന്നത്'- ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോകുന്നതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."