വര്ണച്ചാരുത വിടര്‍ത്തിയാടി പൂരച്ചമയ പ്രദര്‍ശനം
വടക്കാഞ്ചേരി: ഉത്രാളി പൂരത്തോടനുബന്ധിച്ചു പങ്കാളിത്ത ദേശങ്ങളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂര്‍ ദേശങ്ങള്‍ ഒരുക്കിയ ചമയപ്രദര്‍ശനം ആയിരങ്ങള്‍ക്കു മതിവരാകാഴ്ച്ചയൊരുക്കി. തങ്ങളുടെ അഭിമാന പ്രതീകങ്ങളായ കരിവീരന്മാര്ക്ക് അണിയാനുള്ള ആടയാഭരണങ്ങളും നെറ്റി പട്ടവും വെഞ്ചാമരവും പട്ടുകുടകളുടെ വൈവിധ്യവുമൊക്കെ നാട്ടുകാര്‍ക്കു കണ്ണിനു സുന്ദര കാഴ്ച്ചയൊരുക്കി. ഓരോദേശവും സൗഹൃദ മത്സരമൊരുക്കിയായിരുന്നു ചമയപ്രദര്ശനമൊരുക്കിയത്.
സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി നഗരത്തിലേക്ക് ഒഴുകിയെത്തിയതോടെ ഉത്സവപ്രേമികളെ കൊണ്ടു നഗരം വീര്‍പ്പുമുട്ടി. എങ്കക്കാട് ദേശം ഉത്രാളികാവിനു സമീപമുള്ള തുളസി ഫര്‍ണീച്ചര്‍ ഹാളിലാണു പ്രദര്‍ശനമൊരുക്കിയത്.
പത്മശ്രീ ഡോ. എം.കെ സുന്ദര്‍ മേനോന് ഉദ്ഘാടനം ചെയ്തു. പി.ആര് സുരേഷ് കുമാര്‍ അധ്യക്ഷനായി. സാംസ്ക്കാരിക പരിപാടികളുടെ ഭാഗമായി വടക്കാഞ്ചേരി മുദ്ര കലാക്ഷേത്രത്തിന്റേയും ഗുരുവായൂര്‍ ഭര്സാന നൃത്തകലാക്ഷേത്രത്തിന്റേയും നേതൃത്വത്തില്‍ നൃത്ത പരിപാടികളും നടന്നു.
കുമരനെല്ലൂര്‍ വിഭാഗം ഓട്ടുപാറ കുന്നുംകുളം റോഡില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണു പ്രദര്‍ശനം ഒരുക്കിയത്. ഡോ. മോഹന്‍ ദാസ്, ധര്‍മരാജ് മങ്കാത്ത്, വേണുഗോപാലന്‍, ഹരിദാസ് കയറാട്ട്, പ്രസീത സുകുമാരന്‍, ബാലകൃഷ്ണന് കൊളഞ്ചേരി, എ.കെ സതീഷ് കുമാര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.
വിവിധ കലാപരിപാടികളും ഉണ്ടായി. വടക്കാഞ്ചേരി വിഭാഗം കരുമരക്കാട് ശിവക്ഷേത്ര പരിസരത്തെ വേദിയിലാണു ചമയമൊരുക്കിയത്. ആര്യാസ് ഉണ്ണി ഉദ്ഘാടനം ചെയ്തു.
എം.എസ് നാരായണന് അധ്യക്ഷനായി. സി.എ ശങ്കരന് കുട്ടി, ഇ. രാമന്‍കുട്ടി, വെങ്കിടേശ്വരന് നേതൃത്വം നല്കി. ദേശത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്നദാനവും പുരോഗമിക്കുകയാണ്.
പൂരത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു സംസ്ഥാന പാതയില്‍ വടക്കാഞ്ചേരിക്കും ഓട്ടുപാറക്കുമിടയില് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു പൊലിസ് അറിയിച്ചു. 27നു പകല്‍ ഒന്നു മുതല്‍ 28നു രാവിലെ ഏഴു വരെയാണു നിയന്ത്രണം. തൃശൂരില്‍ നിന്നും ഷൊര്‍ണൂര്‍, ചേലക്കര ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ കുറാഞ്ചേരിയില്‍ നിന്നും തിരിഞ്ഞു ആര്യംപാടം, മങ്ങാട്, കുണ്ടന്നൂര്‍ ചുങ്കം, കുമരപ്പനാല്‍, മുള്ളൂര്‍ക്കര വഴിയും തൃശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മുള്ളൂര്‍ക്കര, കുമരപ്പനാല്‍ വഴി ചിറ്റണ്ട, കണ്ടന്നൂര്‍ ചുങ്കം, മങ്ങാട്, ആര്യംപാടം, കുറാഞ്ചേരി വഴിയും പോകണമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."