സ്ത്രീകളെ സൈന്യത്തിലെടുക്കാന്‍ ഒരുങ്ങി സഊദി
ജിദ്ദ: സൈന്യത്തിലേക്ക് സ്ത്രീകളെ ജോലിക്കെടുക്കാന്‍ സഊദി അറേബ്യ തീരുമാനിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളില്‍ ഇവരെ നിയോഗിക്കും. ആദ്യമായിട്ടാണ് സഊദിയില്‍ പട്ടാളത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. യമന്‍ ഉള്‍പ്പെടെ വിദേശ ഗള്‍ഫ് രാജ്യങ്ങളില്‍ സഊദി സൈന്യം ക്യാംപ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാമെന്ന പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
സ്ത്രീകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത് വ്യാഴാഴ്ച വരെയാണ്. അഭിമുഖവും പ്രത്യേക പരീക്ഷകളും നടത്തിയ ശേഷമാണ് നിയമനം. സഊദിക്കാരായ സ്ത്രീകളെ മാത്രമേ സൈന്യത്തിലെടുക്കൂ. വിദേശത്തുള്ള സഊദിക്കാരെ ഇപ്പോള്‍ എടുക്കില്ലെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്തുള്ള പിതാവിനൊപ്പം താമസിക്കുന്ന സഊദി യുവതികളെയും ജോലിക്കെടുക്കും.
ഹൈസ്കൂള്‍ ഡിപ്ലോമായാണ് യോഗ്യതയായി വച്ചിട്ടുള്ളത്. കൂടാതെ മികച്ച ശാരീരിക ക്ഷമതയും ഉണ്ടാകണം. 25 35 വയസിനിടയിലുള്ളവരെയാണ് സൈന്യത്തിലെടുക്കുക.
പരീക്ഷകളില്‍ പാസായാല്‍ അഭിമുഖമുണ്ടാകും. ശേഷം വൈദ്യപരിശോധനയും. ഇതിലെല്ലാം വിജയിക്കുന്ന യുവതികളെയാണ് സൈന്യത്തിലെടുക്കുക. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെട്ടവരെ എടുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."