നിര്‍ഭയ: ധന്യ മേനോന്‍ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സി
തിരുവനന്തപുരം: ഇന്ത്യയിലെ സൈബര്‍ രംഗത്തെ ആദ്യ വനിതാ കുറ്റാന്വേഷകയായ ധന്യ മേനോനെ നിര്‍ഭയയുടെ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചു. നിര്‍ഭയയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ സൈബര്‍ ചൂഷണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ഭയയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അവബോധവും പരിശീലനവും നല്‍കുന്നതിനു വേണ്ടിയാണ് സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത്. ഇവര്‍ക്ക് ആവശ്യമെങ്കില്‍ പൊലിസ് സഹായവും നല്‍കും.
തൃശൂര്‍ അന്നകര സ്വദേശിയായ ധന്യ മേനോന്‍ 14 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പൂനയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍ നിന്നാണ് ധന്യ ഉപരിപഠനം പൂര്‍ത്തിയാക്കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഫസ്റ്റ് വുമന്‍ അച്ചീവേഴ്‌സ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
നിര്‍ഭയ കേന്ദ്രത്തില്‍ വിമണ്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രം പുതുതായി ആരംഭിക്കാനും തീരുമാനിച്ചു. ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും മതിയായ പരിചരണം ഉറപ്പുവരുത്തുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്താണ് കേന്ദ്രം ആദ്യമായി ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."