മുല്ലപ്പെരിയാര്‍: ചര്‍ച്ച വേണമെന്ന നിലപാട് അംഗീകരിക്കുന്നുവെന്ന്
പി.ജെ ജോസഫ്
തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ച വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അംഗീകരിക്കുന്നുവെന്ന് മുന്‍ ജലവിഭവമന്ത്രി പി.ജെ ജോസഫ്. കേരളത്തിന്റെ സുരക്ഷ അടിസ്ഥാനമാക്കിവേണം ഏതുചര്‍ച്ചയും. അണക്കെട്ടിന് ബലക്ഷയമില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത് ഇതുസംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടുകള്‍ പഠിച്ചശേഷം വേണമായിരുന്നു.
ഇപ്പോഴത്തെ പ്രസ്താവന തമിഴ്‌നാടിന് പരോക്ഷമായെങ്കിലും സഹായകരമാകും. സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ.ടി തോമസ് ഡാം സുരക്ഷിതമാണെന്ന നിലപാട് സ്വീകരിച്ചത് കേസില്‍ കേരളത്തിന് പ്രതികൂലമായെന്നും ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുപ്രിംകോടതി വിധിവന്ന 2014 മെയില്‍ കേരള നിയമസഭ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അന്താരാഷ്ട്ര ഏജന്‍സിയേക്കൊണ്ട് പഠനം നടത്തണം.
മുല്ലപ്പെരിയാര്‍ അടങ്ങുന്ന പീരുമേട് താലൂക്കില്‍ 64 സെ.മീ മഴയ്ക്കുവരെ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരം പുതിയ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തി മുല്ലപ്പെരിയാറിന്റെ സുരക്ഷ കണക്കാക്കണം.
ഭൂകമ്പം തരണംചെയ്യാനുള്ള സാങ്കേതികവിദ്യ ഇല്ലാതിരുന്ന കാലത്താണ് ഡാം നിര്‍മിച്ചത്. തേക്കടി, കൊടൈവല്ലൂര്‍ ഭ്രംശമേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങളുണ്ട്.
മേലുകാവ് കേന്ദ്രമായി സമീപകാലത്ത് ഭൂചലനങ്ങളുണ്ടായി. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നുവെന്നും ജോസഫ് ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."