ഡോ. വി. അനില്‍കുമാര്‍ മലയാളം സര്‍വകലാശാല വി.സി
തിരൂര്‍: മലയാള സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. അനില്‍ വള്ളത്തോളിനെ നിയമിച്ചു. നാളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ച് ഇദ്ദേഹം ചുമതലയേല്‍ക്കും. മലയാള സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അനില്‍ വള്ളത്തോളിനെ സര്‍ക്കാര്‍ വി.സിയായി നിയമിച്ചത്.
കാലിക്കറ്റ് വാഴ്‌സിറ്റിയിലെ പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ കൂടിയായ അനില്‍ വള്ളത്തോള്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളീകരണ സമിതി കണ്‍വീനറുമായിരുന്നു. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. ഇതിനകം പതിനഞ്ചോളം പുസ്തകങ്ങളും എഴുപതോളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. കുറ്റിപ്പുറത്ത് കേശവന്‍ നായരുടെ ജീവചരിത്രത്തിന് പി.കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് പുരസ്‌കാരവും 'ഭാഗവത പഠനങ്ങള്‍' എന്ന പുസ്തകത്തിന് ചാണക്യ പുരസ്‌കാരവും ഉള്‍പ്പെടെ 15 ഓളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വള്ളത്തോള്‍ കുടുംബാംഗമായ അനില്‍ പരേതയായ വള്ളത്തോള്‍ ശാന്തകുമാരിയുടെയും കുറ്റിപ്പുറത്ത് ചന്ദ്രശേഖരന്‍ നായരുടെയും പുത്രനാണ്. 1986ല്‍ ഒന്നാം റാങ്കോടെ എം.എ പാസായ ഇദ്ദേഹം 1987 മുതല്‍ തളിപ്പറമ്പ് സര്‍ സയ്ദ് കോളജ്, സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2006 മുതലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപകനാകുന്നത്. ചേന്നര വി.വി.യുപി സ്‌കൂള്‍ അധ്യാപിക സുഷമയാണ് ഭാര്യ. മൂത്തമകന്‍ മഞ്ജുനാഥ് എം.ബി.ബി.എസ് ബിരുദധാരിയും രണ്ടാമത്തെ മകന്‍ നിരഞ്ജന്‍ ബി.എസ്.സി വിദ്യാര്‍ഥിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."