തെരുവുനായ ആക്രമണം; ബിജുവിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കല്ലേറ്റുംകര സ്വദേശി പി. എസ്. ബിജുവിന് രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിനു വേണ്ടി സെക്രട്ടറി ഡോ.ജോര്‍ജ് സ്ലീബ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വിധിയനുസരിച്ച് മാര്‍ച്ച് എട്ടിനു മുന്‍പ് സര്‍ക്കാര്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കണം.
തെരുവു നായ പ്രശ്‌നം പഠിക്കാന്‍ സുപ്രിം കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റിയുടെ മൂന്നാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2017 മെയ് 31നു മുന്‍പായി നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ട മാള ഗ്രാമപഞ്ചായത്ത് ഈ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം നഷ്ടപരിഹാര തുകയുടെ 50 ശതമാനം കേരളസര്‍ക്കാര്‍ ബിജുവിന്‌നല്‍കണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
എന്നാല്‍, നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനമാണെന്ന്് കാണിച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളി. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരും മാള ഗ്രാമപഞ്ചായത്തും തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് ജീവിതമാര്‍ഗം വഴിമുട്ടിയ ബിജുവിനും കുടുംബത്തിനും വേണ്ടി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
കേരളത്തില്‍ തെരുവുനായപ്രശ്‌നം ഇത്ര ഗുരുതരമാകാന്‍ കാരണം സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനാസ്ഥയാണെന്ന് സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ആരോപിച്ചു. കപട മൃഗസ്‌നേഹികളുടേയും, പേവിഷ വാക്‌സിന്‍ ലോബികളുടെ സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."