പി.എം.എ.വൈ വീടിനുള്ള തുക നാലു ലക്ഷമാക്കി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന പദ്ധതിയില്‍ ഒരു വീടിനുള്ള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂനിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലെ നിരക്ക് ഉയര്‍ത്തിയത്.
നിലവില്‍ പി.എം.എ.വൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും 50,000 രൂപ സംസ്ഥാന വിഹിതവും 50,000 രൂപ നഗരസഭാ വിഹിതവും 50,000 രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാ വിഹിതം രണ്ടു ലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃ വിഹിതം ഉണ്ടാവില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാന വിഹിതം 50,000 രൂപയും എന്നതില്‍ മാറ്റമില്ല. പി.എം.എ.വൈ പദ്ധതിയുടെ യൂനിറ്റ് നിരക്ക് നാലു ലക്ഷമായി ഉയര്‍ത്തുന്നതു മൂലം നടപ്പു സാമ്പത്തിക വര്‍ഷം 459 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പരിധിയില്‍ ഭൂരഹിത ഭവനരഹിതര്‍ക്കു വീട് വച്ചു നല്‍കുന്നതും കൂടി ഉള്‍പെടുത്താനും തീരുമാനിച്ചു. ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതിയുടെ വിജയത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ക്ക് പൂര്‍ണ ആദായനികുതി ഇളവ് ലഭ്യമാക്കുന്നതിനാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."