ലൈസന്‍സ് ഫീസും ലെവിയും തിരികെ നല്കാന് നടപടി ആരംഭിച്ചു
റിയാദ്: സഊദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീസും തൊഴിലാളികളുടെ ലെവിയും തിരിച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി സഊദി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കുള്ള ലെവിയും സ്ഥാപനങ്ങളുടെ ലൈസന്‍സ്, കൊമേഴ്സ്യല്‍ രജിസ്ട്രേഷന് ഫീസ് എന്നിവയടക്കമുള്ള സര്‍ക്കാര്‍ ഫീസുകളും തിരിച്ചു നല്‍കാനുള്ള പദ്ധതിയാണ് ആരംഭിച്ചത്.
പദ്ധതിയുടെ ഗുണഫലം മുഴുവന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നതിനായി നിയമാവലിയില്‍ സമൂലമായ ഭേദഗതികള്‍ വരുത്തിയതായി സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലമുള്ള അധിക ഭാരത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലക്കുള്ള ഉത്തേജന പദ്ധതിയുടെ ഭാഗമായാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസുകള്‍ തിരികെ നല്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ പദ്ധതിയുടെ ഗുണഭോക്താക്കള്‍ പത്ത് മേഖലകള്‍ക്ക് മാത്രമായിരുന്നു. ഇതാണിപ്പോള്‍ മുഴുവന്‍ മേഖലയിലേക്കും വ്യാപിപ്പിച്ചത്. കൊമേഴ്സ്യല്‍ രജിസ്ട്രേഷന് ഫീസ്, ചേംബര്‍ ഓഫ് കൊമേഴ്സ് വരിസംഖ്യ, ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന് ഫീസ്, സഊദി പോസ്റ്റ് വരിസംഖ്യ, സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ പ്രസിദ്ധീകരണ ഫീസ്, മറ്റു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള ഫീസ് എന്നിവ പൂര്‍ണമായും പദ്ധതി പ്രകാരം തിരിച്ചു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."