ഈ ചോരപ്പുഴകള്‍ക്ക് തടകെട്ടാന്‍ ഇനിയാരെയാണ് കാത്തിരിക്കുന്നത്
ചോരമണക്കുന്ന സിറിയന്‍ തെരുവുകളില്‍ നിന്നുള്ള കഥകള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. സങ്കടങ്ങളായും പ്രതിഷേധങ്ങളായും നമ്മുടെ സോഷ്യല്‍ മീഡിയകള്‍ നിറഞ്ഞു കവിയുന്നു. ചിലപ്പോള്‍ മൂര്‍ച്ചയേറിയുന്ന പ്രതിഷേധങ്ങള്‍..കണ്ണീര്‍ പൊഴിക്കുന്ന ഫേസ്ബുക്ക് വാളുകള്‍... പറഞ്ഞു തീരാത്ത പ്രതിഷേധവാക്കുകള്‍ക്കപ്പുറം ഒന്നും ചെയ്യാനുമില്ല നമുക്ക്. കുറേയേറെ പ്രാര്‍ത്ഥനകളല്ലാതെ ഒന്നും പങ്കുവെക്കാനുമില്ല.
ഏഴു വര്‍ഷമായി ഇടവേളകളില്ലാതെ ഒരു നാടിനുമേല്‍ തീവര്‍ഷം തുടങ്ങിയിട്ട്. ഇപ്പോഴത് രൂക്ഷമായിരിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ആറുനൂറിലേറെ ജീവനെടുത്തത്രയും കഠിനം. ആ അറുനൂറില്‍ പാതിയോളം കുഞ്ഞുങ്ങളാണെന്ന സഹനത്തിപ്പുറം നോവാര്‍ന്ന സത്യം. കത്തിയമര്‍ന്നുപോയ ഭൂതകാലത്തിന്റെ ഓര്‍മകളില്‍ ഏതു നിമിഷവും മേല്‍പതിച്ചേക്കാവുന്ന ഒരു ഷെല്ലിന്റെയൊ...പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു ബോംബിന്റെയോ ശബ്ദത്തിനു കാതോര്‍ത്ത്, പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഭാവിയിലേക്കു കണ്‍തുറന്നിരിക്കുകയാണവര്‍. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും താത്ക്കാലികമായ ക്യാംപുകളിലും കഴിഞ്ഞു കൂടുന്ന ഈ വിഭാഗത്തിന് അതിലപ്പുറമൊന്നിനും ആശയില്ല. നമ്മെപ്പോലെയോ അതിലേറെയോ സന്തോഷത്തിലും സുഖത്തിലും കഴിഞ്ഞവരായിരുന്നല്ലോ അവരും...എത്ര പെട്ടെന്നാണ് കഷ്ടതയുടെ കാര്‍മേഘങ്ങള്‍ അവരുടെ ആകാശങ്ങളെ ഇരുളിലാഴ്ത്തിക്കളഞ്ഞത്. കളിച്ചും ചിരിച്ചും നടന്ന തെരുവോരങ്ങളില്‍ പച്ചമാംസത്തിന്റേയും ചോരയുടേയും ഗന്ധം നിറഞ്ഞത്. മരണം മണക്കുന്ന കാറ്റ് മാത്രം അവരെ തഴുകാന്‍ തുടങ്ങിയത്.
ജന രക്ഷക്ക് ബാധ്യസ്ഥരായ സ്വന്തം ഭരണകൂടംതന്നെയാണ് ഇവരെ കൊന്നു തള്ളുന്നതെന്നതാണ് ഭീകരം. ഒരു ജനതക്കു മേലെ യുദ്ധ ഭീകരതയുടെ പല മുഖങ്ങള്‍ പ്രയോഗിക്കുകയാണ് അവര്‍. തോക്കായും ബോംബായും മിസൈലുകളായും രാസായുധമായും വിഷവാതകമായും അതവര്‍ക്കുമേല്‍ തീ തുപ്പുന്നു. എല്ലാ നിയമങ്ങളേയും വിലക്കുകളേയും മുന്നറിയിപ്പുകളേയും കാറ്റില്‍ പറത്തിയാണ് വേട്ട. ഈ വേട്ട അവസാനിപ്പിക്കാന്‍, സിറിയന്‍ തെരുവുകളില്‍ ഒഴുകുന്ന ഈ ചോരപ്പുഴകള്‍ക്കു തടകെട്ടാന്‍ ലോകം ഇനി ആരെയാണ് കാത്തിരിക്കുന്നത്.
ആഭ്യന്തരമോ ഈ കൂട്ടക്കൊല
ഏഴു വര്‍ഷം നീണ്ട ഈ യുദ്ധക്കാലയളവില്‍ സിറിയ ഒത്തിരി കാര്യമായിരിക്കുന്നു. അഭയാര്‍ത്ഥി പ്രതിസന്ധി, പാശ്ചാത്യ പേക്കിനാവ്, ഭീകരവാദ താവളം, റഷ്യന്‍ അധികാരക്കളിക്കുള്ള നിലം അങ്ങനെ പോവുന്നു... എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇവിടെ നടക്കുന്നത് ആഭ്യന്തരയുദ്ധമാണ്. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ സര്‍ക്കാരുകളും മാധ്യമങ്ങളും യൂറോപ്യന്‍ യൂണിയനുമൊക്കെ സിറിയന്‍ സംഘര്‍ഷങ്ങളെ ആ നിലയ്ക്കാണ് വിലയിരുത്തുന്നത്. ആഭ്യന്ത യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചാണ് അവര്‍ വായ്‌തോരാതെ ഉറക്കെയുറക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നത്.
2015ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ വാദത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇത്തരം ലഘൂകരണങ്ങള്‍ അബദ്ധജഡിലവും അപകടകരവുമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന അന്താരാഷ്ട്ര സമൂഹത്തെ അത് ന്യായീകരിക്കുകയും ബശ്ശാര്‍ അല്‍ അസാദിന് നിയമസാധുതയുടെ പുറംപൂച്ച് സമ്മാനിക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തില്‍ സൈനീകമായി ഇടപെട്ട റഷ്യയെയും ഇറാനെയും അത് കുറ്റവിമുക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ സിറിയന്‍ ജനതയ്‌ക്കെതിരെ ആസാദ് ഭരണകൂടവും സംഖ്യകക്ഷികളും നടത്തുന്ന ഒരു യുദ്ധമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കത്തുന്ന പുരപ്പുറത്തു നിന്ന് കഴുക്കോല്‍ വലിക്കും പോലെ സിറിയന്‍ അവസ്ഥയെ മുതലെടുക്കുന്ന ലോകപൊലിസ് അമേരിക്കയും അസദിന്റെ കയ്യാളായ റഷ്യയും. സിറിയയില്‍ രാസായുധം നല്‍കുന്നതെന്ന് ഉത്തരകൊറിയയാണെന്ന യു.എസ് ആരോപണം ഈ മുതലെടുപ്പിലേക്കുള്ള ചൂണ്ടു വിരലാണ്. മുസ്‌ലിം വിഷയങ്ങള്‍ വരുമ്പോള്‍ ശക്തിയുക്തം പ്രതികരിക്കുന്ന ഇറാന്റെ കാപട്യം ബഷാറിനെ പിന്തുണക്കുന്നതിലൂടെ കാണാനാവും. ഭൂരിപക്ഷം വരുന്ന സിറിയന്‍ സുന്നികളെ അടിച്ചമര്‍ത്തി ശീഈ ആശയക്കാരനായ ബഷാറിന് തുടര്‍ച്ചയായ ക്രൂരഭരണം തുടരാന്‍ സാധിക്കുന്നത് ഇറാന്റെ പിന്തുണയാണ്.
ഭീകരനാളുകള്‍....
സിറിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുട്ടേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. ഒരാഴ്ചക്കിടെ അറുനൂറോളം ജീവനുകള്‍. അതില്‍ പകുതിയോളം കുഞ്ഞുങ്ങള്‍ സ്ത്രീകള്‍ ബോംബുകളും ഷെല്ലുകളും വര്‍ഷിച്ച കിഴക്കന്‍ ഗൗഥ പ്രദേശത്ത് ഇരുപത്തിനാലു മണിക്കൂറില്‍ നഷ്ടപ്പെട്ടത് ഇരുന്നൂറ്റി അന്‍പതിലേറെ ജീവനാണ്. അതില്‍ 52 കുട്ടികളും മുപ്പതിലേറെ സ്ത്രീകളും ഉണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമതസേനക്കെതിരെ സിറിയന്‍ ഭരണകൂടം നടത്തുന്ന നടപടിയുടെ പേരിലായിരുന്നു സാധാരണ പൗരന്മാര്‍ക്കു നേരെയുള്ള ആക്രമണം. കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖങ്ങളിലൊന്നായിട്ടാണ് സംഭവം കണക്കാക്കപ്പെടുന്നത്. വരും ദിവസങ്ങളില്‍ അക്രമം ഏറുമെന്നും പറയപ്പെടുന്നു.
മനുഷ്യകുരുതിക്കിടെ ലൈംഗിക പീഡനവും
ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര കാരുണ്യ, സഹായ സംഘങ്ങള്‍ സിറിയന്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണവും മരുന്ന് അടക്കമുള്ള സഹായങ്ങളുമായെത്തുന്ന സംഘം സ്ത്രീകളെ നിസഹായത മുതലെടുത്ത് ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതായാണു റിപ്പോര്‍ട്ട്. നേരത്തെ തന്നെ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം സന്നദ്ധ സേവകര്‍ക്കു കര്‍ശനനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തെക്കന്‍ സിറിയയില്‍ തുടരുന്നതായാണു പുതിയറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ എത്തുന്ന സ്ത്രീകളെ ലൈംഗിക ആവശ്യങ്ങള്‍ക്കു നിന്നു തരാന്‍ നിര്‍ബന്ധിക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. ഇതുമൂലം ഇവിടങ്ങളിലേക്ക് ഭക്ഷണത്തിനു പോകാന്‍ പോലും ഇപ്പോള്‍ സ്ത്രീകള്‍ മടിക്കുകയാണ്.
എന്നാണ് ഈ കുരുതിയുടെ അന്ത്യം
വിമത പ്രദേശമെന്ന് മുദ്രകുത്തുന്ന ഗൗഥയില്‍ ഞാറാഴ്ച മുതല്‍ നടക്കുന്ന ആക്രമണത്തില്‍ ഇതുവരെ ഒരു ഐ.എസ് തീവ്രവാദിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലപ്പെട്ടതെല്ലാം സാധാരണ ജനങ്ങളാണ്. പ്രദേശ വാസികള്‍. തങ്ങളെ എതിര്‍ക്കുന്ന കിഴക്കന്‍ ഗൗഥ തകര്‍ത്തു തരിപ്പണമാക്കി കഴിഞ്ഞാല്‍ ഇദ്‌ലിബായിരിക്കും സര്‍ക്കാര്‍ ലക്ഷ്യമെന്ന് നിരീക്ഷകര്‍ പറയുന്നു. അടുത്ത മനുഷ്യ ദുരന്തത്തിന് സാക്ഷ്യമാവുക ഇദ്‌ലിബയിരക്കുമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ബഷാറിന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ അവസാന കേന്ദ്രമാണിത്. ഉപരോധ പ്രദേശമായ ഇവിടെ 20 ലക്ഷത്തോളം ജനങ്ങളാണ് അധിവസിക്കുന്നത്.
2011 മുതല്‍ തുടങ്ങിയ സിറിയയിലെ അഭ്യന്തര യുദ്ധത്തില്‍ ഇതുവരെ അഞ്ച് ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അന്‍പത് ലക്ഷത്തോളം പേര്‍ അയല്‍രാജ്യമായ ലബനാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കും പത്ത് ലക്ഷത്തോളം പേര്‍ യൂറോപിലേക്കും അഭയംതേടിയെന്നാണ് യു.എന്‍ കണക്ക്. രണ്ടാം ലോക മഹാ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സിറിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 30 ലക്ഷത്തോളം കുട്ടികള്‍ ഈ യുദ്ധക്കെടുതിയില്‍ അകപ്പെട്ടവരാണ്.
'സമാധാനം കാംക്ഷിക്കുന്ന' യു.എന്‍ അടക്കമുള്ള സംഘടനകളും അറബ് രാഷ്ട്രങ്ങള്‍ക്കും ഇന്ന് ഗൗഥയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തില്‍ പങ്കാളികളാണ്. സിറിയയെ പിന്തുണച്ച് കൊണ്ടോ എതിരാളികള്‍ക്ക് സഹായം നല്‍കിയോ മിക്ക അറബ് രാഷ്ട്രങ്ങളും സിറിയന്‍ പ്രതിസന്ധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ഗൗഥയെ ഭൂമിയിലെ നരകമെന്ന് യു.എസ് സെക്രട്ടറി ജനറല്‍ വിശേഷിപ്പിച്ചത് കൊണ്ടോ രക്ഷാസമിതിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്താലോ മാറില്ല ഈ കളങ്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."